ജഗേഷ് എടക്കാട്
ജഗേഷ് എടക്കാട്

ഓര്‍മകളുടെ, പ്രകൃതിയുടെ വീണ്ടെടുപ്പുകള്‍

മാഞ്ഞുപോയ ഇടങ്ങളുടെ ആകാശക്കാഴ്ചകള്‍ ഓര്‍മകളില്‍ നിലയുറപ്പിച്ച് വരച്ചെടുക്കുകയാണ് ജഗേഷ് എടക്കാട്. ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായുള്ള അഭിമുഖം


മാഞ്ഞുപോയ ഇടങ്ങളുടെ ആകാശക്കാഴ്ചകള്‍ ഓര്‍മകളില്‍ നിലയുറപ്പിച്ച് വരച്ചെടുക്കുകയാണ് ജഗേഷ് എടക്കാട്. ജൈവികത ക്ഷയിക്കുമ്പോള്‍ മനുഷ്യരെ കാത്തിരിക്കുന്ന ഇരുണ്ട മറുലോകവും ഈ ചിത്രകാരന്റെ ഭാവനയിലുണ്ട്. ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായുള്ള അഭിമുഖം

പ്രകൃതിയുടെ പല മുഖങ്ങളാണ് ജഗേഷ് എടക്കാടിന്റെ ചിത്രങ്ങളുടെ കാതല്‍. ആണ്ടുകള്‍ക്കു മുന്‍പുള്ള സ്വന്തം ഗ്രാമം മുതല്‍ ചൂഷണങ്ങള്‍ക്കു വിധേയമാകുന്ന പ്രകൃതിയുടെ പരിണാമം വരെ ആ ചിത്രങ്ങളില്‍ കടന്നുവരുന്നു. പ്രകൃതിചൂഷണം ആവിഷ്‌കരിക്കുമ്പോള്‍ ദുരന്തസൂചകമാകുന്ന ആ ചിത്രങ്ങള്‍ ഗ്രാമത്തെ രേഖപ്പെടുത്തുമ്പോള്‍ മാഞ്ഞുപോയ ഇടങ്ങള്‍ വീണ്ടെടുക്കുന്നു. ജൈവികതയുടെ നാശത്തെക്കുറിച്ചാണ് ജഗേഷിന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഓര്‍മപ്പെടുത്തല്‍. മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ മനുഷ്യര്‍ രൂപപ്പെടുത്തിയ ചെടികള്‍, ചെടികളില്‍ പൊട്ടിമുളച്ച പുകക്കുഴലിലൂടെ തള്ളുന്ന പുക, വന്‍മരങ്ങള്‍പോലെ പ്രകൃതിയില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന മാലിന്യച്ചെടികളെ ബന്ധിപ്പിക്കുന്ന പാലങ്ങളും റോഡുകളും, മനുഷ്യരുടെയും വാഹനങ്ങളുടെയും പലായനം, ബഡ്ഡിങ്‌ കോസ്‌മോസ് എന്ന സിരീസില്‍ പ്രകൃതിചൂഷണത്തിന്റെ അനന്തരഫലങ്ങള്‍ ഇങ്ങനെ രേഖപ്പെട്ടിരിക്കുന്നു. ഈ സിരീസിലെ ചിത്രങ്ങളിലൂടെ കലാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ജഗേഷിന് 2012-ല്‍ ലളിതകലാ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചു. കണ്ണൂരിലെ എടക്കാട് എന്ന കടലോരഗ്രാമത്തില്‍നിന്നു തൃപ്പൂണിത്തുറ ആര്‍. എല്‍.വി കോളേജില്‍ പഠനത്തിനെത്തിയ കാലം മുതല്‍ കലയില്‍ ഗൗരവമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ജഗേഷ്, ഇപ്പോള്‍ അതേ കോളജില്‍ അദ്ധ്യാപകനാണ്. കലാജീവിതത്തെക്കുറിച്ച് ജഗേഷ് സംസാരിക്കുന്നു.

കണ്ണൂരിലെ എടക്കാട് എന്ന ഗ്രാമത്തില്‍നിന്നു കൊച്ചിയിലേക്കുള്ള വരവ് ജഗേഷിന്റെ ചിത്രകലാജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തിലും കലാഭാവുകത്വത്തിലും മാറ്റം പ്രകടമാകുമ്പോഴും സമകാലികമായി സ്വന്തം ഗ്രാമപ്രകൃതിയുടെ സാന്നിദ്ധ്യവും ചിത്രങ്ങളില്‍ ഉണ്ടാകുന്നു. കലയില്‍ താല്പര്യം ജനിച്ച ചെറുപ്പകാലത്തെക്കുറിച്ചും വടക്കന്‍ മലബാറിലെ ഗ്രാമീണ ജീവിതത്തെക്കുറിച്ചും എന്തൊക്കെയാണ് പറയാനുള്ളത്?

കണ്ണൂര്‍, തലശേ്ശരി പട്ടണങ്ങള്‍ക്കിടയിലെ തികച്ചും സാധാരണക്കാരുടെ ഒരു നാടാണ് എടക്കാട്. വൈദ്യുതി, വാഹന സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗ്രാമത്തിന്റേതായ നന്മകള്‍ നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിക്കാലത്തുതന്നെ ചിത്രകല ആകര്‍ഷിച്ചിരുന്നു. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുള്ള സമയമായിരുന്നു സ്‌കൂള്‍കാലം. സ്‌കൂള്‍തുറപ്പിന് എനിക്കും ഏട്ടനും അനുജത്തിക്കുമായി അച്ഛന്‍ മൂന്നു ബുക്കുകള്‍ വാങ്ങിക്കൊണ്ടുവരും. രണ്ടാമതൊരു ബുക്ക് കിട്ടണമെങ്കില്‍ ആഴ്ചകള്‍ കാത്തിരിക്കണം. അഞ്ചാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഞാനും ഏട്ടനും സ്വയംപര്യാപ്തരായി. നാട്ടിലെ ബീഡിക്കമ്പനികളില്‍ അവധിക്കാലത്ത് ബീഡി കെട്ടിക്കൊടുത്താല്‍ ഉടുപ്പും പുസ്തകവും വാങ്ങാനുള്ള പണം കിട്ടുമെന്ന് ഒരു ദിവസം മാമന്‍ വന്നു പറഞ്ഞു. അങ്ങനെ നാലാംക്‌ളാസിന്റെ അവധിക്കാലത്ത് ഞാന്‍ ബീഡിതെറുപ്പു തൊഴിലാളിയായി! രാവിലെ ഏഴുമുതല്‍ ബീഡി കെട്ടിത്തുടങ്ങും. കൂലി വാങ്ങില്ല. സ്‌കൂള്‍ തുറക്കുമ്പോള്‍ ആ പണംകൊണ്ട് മാമന്‍ പുസ്തകങ്ങളും ഉടുപ്പും വാങ്ങിത്തരും. പലതരത്തിലുള്ള പണികള്‍ ആ പ്രായത്തില്‍ ചെയ്തിട്ടുണ്ട്.

ബില്‍ബോര്‍ഡുകളും ഹോര്‍ഡിംഗ്‌സും തയാറാക്കുന്നവരാണ് അന്ന് എന്റെ അറിവില്‍ ചിത്രകാരന്മാര്‍. ചിത്രകല അഭ്യസിക്കണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടെ ഞാനവരെ സമീപിച്ചെങ്കിലും എസ്.എസ്.എല്‍.സി കഴിഞ്ഞു വരാന്‍ പറഞ്ഞു. എന്നാല്‍ ഞാനാകട്ടെ, പണികള്‍ ചെയ്യുന്ന അച്ഛനെ സഹായിക്കാന്‍ കൂടി. അയല്‍പക്കത്തെ അനിലേട്ടനാണ് പെന്‍സില്‍ ഡ്രോയിംഗിലെ ഷേഡുകളെക്കുറിച്ച് ആദ്യമായി പറഞ്ഞുതന്നത്. അക്കാലത്ത്, എടക്കാടുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ പണിക്കു വിളിച്ചു. കുറേനാള്‍ അവരോടൊപ്പം ഹോര്‍ഡിങ്‌സും മറ്റും ചെയ്തു നടന്നു. എന്നാല്‍ അവിടെയൊക്കെ സ്വതന്ത്രമായി ഒന്നും ചെയ്യാനായില്ല. ആ കാലത്ത് ഒരു ബന്ധു മരിച്ചു. അവരുടെ ഒരു പോര്‍ട്രെയ്റ്റ് ഓയില്‍പെയിന്റില്‍ ചെയ്തുകൊടുത്തു. ചിത്രകലയില്‍ സ്വതന്ത്രമായി എന്തെങ്കിലുമൊക്കെ എനിക്കും ചെയ്യാനാകുമെന്നു അന്നാണ് തിരിച്ചറിഞ്ഞത്. ആ ബോധം എന്റെ ആത്മബലം വര്‍ദ്ധിപ്പിച്ചു. കുറച്ചുനാളുകള്‍ക്കുശേഷം തലശേ്ശരിയിലെ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിനെക്കുറിച്ച് അറിഞ്ഞു. പിന്നെ അവിടെ ചേര്‍ന്നു പഠനം തുടങ്ങി. പ്രശസ്ത ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാഷായിരുന്നു പ്രിന്‍സിപ്പല്‍.   

സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ആബിദ് എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ചിത്രകലയെക്കുറിച്ചു നല്ല ബോധ്യമുള്ള, നല്ല വായനയുള്ള ആബിദ്, ജഗേഷേ ഇതൊന്നുമല്ല ചിത്രങ്ങള്‍, ഈ പെയിന്റിംഗ് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നു പറയുമായിരുന്നു. അത് ഒരു തിരിച്ചറിവായിരുന്നു. പെയിന്റിംഗില്‍ സജീവമായില്ലെങ്കിലും സൈനുല്‍ ആബിദ് പിന്നീട് കലാരംഗത്തു ശ്രദ്ധേയനായി. 

ആ കാലത്താണ് ബി.എഫ്.എ കോഴ്‌സിനെക്കുറിച്ചു കേട്ടത്. കോഴ്‌സിനു ചേരാന്‍ പ്രീഡിഗ്രി ആവശ്യമാണെന്നും. അന്നു സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലുണ്ടായിരുന്ന രാജീവേട്ടനെപ്പോലുള്ളവരുടെ സഹായം ഓര്‍ക്കുന്നു. സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ ഉച്ചവരെയുള്ള ക്‌ളാസ് കഴിഞ്ഞ് ഒരു പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. 2000-ല്‍ ആര്‍.എല്‍.വിയില്‍ ബി.എഫ്.എയ്ക്ക് പ്രവേശനം കിട്ടി. അതെന്റെ കലാജീവിതത്തില്‍ വഴിത്തിരിവായി. ഒരുപക്ഷേ, അന്ന് അത്തരം തെരഞ്ഞെടുപ്പ് ജീവിതത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചിത്രകലയെ ഗൗരവമായി സമീപിക്കാന്‍ കഴിയുമായിരുന്നില്ല.

ഒരു ചിത്രകലാ വിദ്യാര്‍ത്ഥിക്കു നവീന ചിത്രകല ആഴത്തില്‍ പഠിക്കാന്‍ കഴിയുമായിരുന്ന സാഹചര്യമായിരുന്നോ ആ കാലത്തു ആര്‍.എല്‍.വിയിലേത്? സമരങ്ങളുടെയും കലാവിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളുടെയും കാലം കൂടിയായിരുന്നല്ലോ അത്.

കേട്ടറിഞ്ഞ അവസ്ഥയൊന്നും ആയിരുന്നില്ല തൃപ്പൂണിത്തുറ നിന്ന് ഓട്ടോപിടിച്ച് കോളേജില്‍ ചെന്നിറങ്ങുമ്പോള്‍ അനുഭവപ്പെട്ടത്. ഗേറ്റിന്റെ വലതുവശത്ത് ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടവും അതിനോടു ചേര്‍ന്ന് ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ രണ്ടു കെട്ടിടങ്ങളും, ഇടതുവശത്തു പഴക്കമുള്ളതും പഴമയുടെ പ്രൗഢിയുള്ളതുമായ ഒരുനിര കെട്ടിടങ്ങളും–അതായിരുന്നു അന്നത്തെ ആര്‍.എല്‍.വി. 

ആര്‍ട്ടിസ്റ്റ് ഹോച്ച്മിന്‍ ആയിരുന്നു ആര്‍.എല്‍.വിയിലെ എസ്.എഫ്. ഐ നേതാവ്. ഹോച്ച്മിന്റെ ചെറിയ പ്രസംഗം കേട്ടാല്‍ മതി ആ രാഷ്ട്രീയപക്ഷത്തേക്കു വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരും. ഞങ്ങള്‍ അഡ്മിഷനു വന്നപ്പോള്‍ ഉണ്ടായ ഒരു സംഭവമുണ്ട്.  വെള്ളിയാഴ്ച ആയിരുന്നു ഇന്റര്‍വ്യൂ. ഉച്ചകഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു: കറുത്തവാവ് തുടങ്ങി. ഇനി ഇന്റര്‍വ്യൂവിനു തിങ്കളാഴ്ച വന്നാല്‍ മതി. മ്യൂസിക്കിലെ ഒരു അദ്ധ്യാപിക ആയിരുന്നു പ്രിന്‍സിപ്പല്‍. ദൂരെ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായി. പ്രശ്‌നമറിഞ്ഞു ഹോച്ച്മിന്‍ ഓടിയെത്തി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ തര്‍ക്കങ്ങള്‍ കേട്ടു. മാറ്റിവെച്ച ഇന്റര്‍വ്യൂ അന്നുതന്നെ തുടര്‍ന്നു. 

കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ഗാത്മക സമരങ്ങളുടെ കാലമായിരുന്നു അത്. സ്റ്റാച്ച്യു ജംഗ്ഷനില്‍നിന്നു പൂര്‍ണത്രയീശക്ഷേത്രം വരെ അരകിലോമീറ്ററോളം നീളമുള്ള റോഡില്‍ പേപ്പര്‍ റോള്‍ വിരിച്ച് അതില്‍ വിദ്യാര്‍ത്ഥികള്‍ ചിത്രം വരച്ച് പ്രതിഷേധിക്കും. ചോര മുക്കി വരെ വരച്ചിട്ടുണ്ട്. നിരാഹാര സമരവേദിയില്‍ ചിത്രരചനയും നൃത്തവും കച്ചേരിയും അരങ്ങേറും.  ഒരു ആര്‍ട്ടിസ്റ്റ് അയാളുടെ സൃഷ്ടികളിലൂടെയാകണം രാഷ്ട്രീയം രേഖപ്പെടുത്തേണ്ടതെന്നു കാണിച്ചുതന്നു ആ സമരങ്ങള്‍.

ആര്‍.എല്‍.വിയിലെ രണ്ടാമത്തെ ബി.എഫ്.എ ബാച്ചായിരുന്നു ഞങ്ങളുടേത്. സജിത്ത് പുതുക്കലവട്ടമൊക്കെ അക്കാലത്തെ നന്നായി വരച്ചിരുന്നു. കോഴ്‌സ് കഴിഞ്ഞിറങ്ങുമ്പോള്‍ എനിക്കും സജിത്തിനും അക്കാദമിയുടെ സോളോ ഷോയ്ക്കുള്ള ഗ്രാന്‍ഡ് ലഭിച്ചു. ഷോയില്‍ പ്രദര്‍ശിപ്പിച്ച ജല ദൗര്‍ലഭ്യം വിഷയമാക്കിയ എന്റെ പോര്‍ട്രെയ്റ്റ് ഒഫ് വാട്ടര്‍ ശ്രദ്ധ നേടി. ഒരു വലിയ ക്യാന്‍വാസ് നിറയെ ചെറിയ ഓളംവെട്ടുന്ന വെള്ളം ആയിരുന്നു അത്. ചിത്രത്തെക്കാള്‍, ആ പേരാണു ചര്‍ച്ച ചെയ്യപ്പെട്ടത്. വെള്ളം എന്തിനു പോര്‍ട്രെയ്റ്റ് ചെയ്യപ്പെടുന്നു എന്നതിന്റെ രാഷ്ട്രീയം. 

രണ്ടാം റാങ്കോടെ ബി.എഫ്.എ പാസായി ശാന്തിനികേതനില്‍ അപേക്ഷിച്ചെങ്കിലും ഇന്റര്‍വ്യൂവിനു പങ്കെടുക്കാനായില്ല. നാലുവര്‍ഷത്തിനുശേഷം 2008-ല്‍ എം.എഫ്.എയ്ക്ക് ആര്‍. എല്‍.വിയില്‍ തിരിച്ചെത്തി. ആ കാലം നന്നായി വര്‍ക്കു ചെയ്തു. വര്‍ഷാവസാനം പത്തു വര്‍ക്കുകള്‍ സബ്മിറ്റ് ചെയ്യണം. വര്‍ക്ക് ചെയ്യാനായി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുടെ പ്രത്യേക അനുമതിയോടെ ഒരു സ്‌റ്റോര്‍ റൂം എനിക്ക് തുറന്നു കിട്ടി. അജി അടൂര്‍ എന്ന അദ്ധ്യാപകനായിരുന്നു മുറിയുടെ ചുമതല. കോളേജിനടുത്തു താമസിച്ച അദ്ദേഹം പുലര്‍ച്ചെ അഞ്ചുമണിക്കു വന്നു മുറി തുറന്നിടും. പുലര്‍ച്ചെ മുതല്‍ പത്തുമണി വരെ വര്‍ക്ക്‌ചെയ്യും. ക്‌ളാസുകള്‍ക്കു കുട്ടികള്‍ എത്തുമ്പോഴേയ്ക്കും എന്റെ വര്‍ക്ക് കഴിഞ്ഞിരിക്കും. അതുപോലെ വൈകുന്നേരവും. 

ചിത്രകലയിലെ നവീന ധാരകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള ബോധ്യവുമായിട്ടായിരുന്നില്ല എന്റെ ബി.എഫ്.എ പഠനം ആരംഭിച്ചത്. ആ കാലത്ത് ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റ് സുലഭമായിരുന്നില്ല. എക്‌സിബിഷനുകള്‍ സജീവമായിരുന്നില്ല. ആര്‍ട്ട് ഹിസ്റ്ററിക്ക് അന്നും സ്ഥിര അധ്യാപകര്‍ അവിടെ ഉണ്ടായിരുന്നില്ല. വിജയകുമാര്‍ മേനോന്‍ സാര്‍ വരുമ്പോഴാണ് ഞങ്ങള്‍ക്കു തിയറി കഌസുകള്‍ നടന്നിരുന്നത്. ക്‌ളാസില്‍ പറയുന്ന ഓരോ കാര്യവും സാര്‍ സമര്‍ത്ഥിച്ചു സംസാരിക്കും. വേണമെങ്കില്‍ അഭിനയിക്കും. പിന്നീട് ടി.വി. ചന്ദ്രന്‍സാര്‍ വന്നു. നാട്ടുകാരനാണെങ്കിലും കാര്യമായൊന്നും എന്നോട് അദ്ദേഹം സംസാരിച്ചിട്ടില്ല. പഠനകാലത്തിന്റെ അവസാനം എന്റെ ഒരു ചിത്രം കണ്ട് ഇതില്‍നിന്ന് തുടങ്ങിക്കോ എന്ന് അദ്ദേഹം പറഞ്ഞു. പ്രാക്ടിക്കല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മധു വേണുഗോപാല്‍, സഞ്ജീവ് സി. എം എന്നിവരായിരുന്നു കോമ്പോസിഷനും അതിന്റെ വിവിധ വശങ്ങളും മനസ്‌സിലാക്കി തന്നത്. 2000-2004 കാലത്ത് എറണാകുളം ദര്‍ബാര്‍ ഹാള്‍, ചിത്രം, ദ്രവീഡിയ, കാശി തുടങ്ങിയവ ആയിരുന്നു പ്രധാന ഗ്യാലറികള്‍. ചിത്രം പിന്നീടു പൂട്ടി. 

എങ്ങനെയാണ് പുതിയ ഭാവുകത്വാന്വേഷണങ്ങളിലേക്കു കടന്നത്? അന്നത്തെ അനുഭവങ്ങള്‍?

എനിക്ക് തോന്നുന്നത് നിരന്തരം പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കലാവിദ്യാര്‍ത്ഥിയെ സംബന്ധിച്ച് നവീനഭാവുകത്വം തെരഞ്ഞുപോകേണ്ടതില്ല എന്നാണ്. തന്റെ കലാപ്രവര്‍ത്തനത്തിന്റെ മികവും പരിമിതികളും പ്രശ്‌നങ്ങളുമെല്ലാം ആര്‍ട്ടിസ്റ്റിനു സ്വയം തിരിച്ചറിയാനാകും. കലയെ നവീകരിക്കുന്നത് നമ്മുടെ ചുറ്റും രൂപപ്പെടുന്ന സാംസ്‌കാരിക രാഷ്ര്ടീയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. ആ നിലത്തുനിന്നാണ് കലയിലേക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ഞാന്‍ ശേഖരിക്കുന്നത്. കലയില്‍ മാധ്യമങ്ങളുടെ പ്രയോഗരീതിയെക്കുറിച്ചുള്ളതാണ് പുസ്തകത്തില്‍നിന്നും മറ്റു സ്രോതസ്‌സുകളില്‍നിന്നും ലഭിക്കുന്ന അറിവുകള്‍. അദ്ധ്യാപകരില്‍നിന്നും എക്‌സിബിഷനുകള്‍, ആര്‍ട്ട് ഡോക്യുമെന്ററികള്‍ തുടങ്ങിയവയില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഭാവുകത്വത്തെ രൂപപ്പെടുത്തില്ല. എന്റെ കലാജീവിതത്തെ രൂപപ്പെടുത്തിയത് അനേകം ആര്‍ട്ടിസ്റ്റുകളും വ്യക്തികളുമാണ്. ഓരോ കാലങ്ങളിലും ഓരോരുത്തരെ, അവരുടെ വര്‍ക്കുകള്‍ അറിയുമ്പോള്‍ നമ്മുടെ ചിത്രകലാഭാവുകത്വം നവീകരിക്കപ്പെടും. 

മിക്ക ആര്‍ട്ടിസ്റ്റുകളെയും പോലെ രവിവര്‍മയില്‍നിന്നാണ് ചിത്രകലയില്‍ എന്റെ താല്പര്യം തുടങ്ങുന്നത്. പഠനകാലത്ത് അതു വാന്‍ഗോഗിലേക്കും ഹെന്റി റൂസോയിലേക്കും ആന്റി ഗോഡ്‌സ് വര്‍ത്തിയിലേക്കും വളര്‍ന്നു. കൂടാതെ ആ കാലത്തു നടന്ന ഡീ- ക്യൂറേറ്റിങ്ങ്, ഡബിള്‍ എന്റേഴ്‌സ്, ലാവ തുടങ്ങിയ ഷോകളും ദ്രവീഡിയയില്‍ നടന്ന ഭാഗ്യനാഥ്, സക്കീര്‍ ഹുസൈന്‍, പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ ഗ്രൂപ്പ് ഷോയും കാശിയില്‍ നടന്ന റിംസണ്‍, രഘുനാഥ്, രാജന്‍ കൃഷ്ണന്‍ എന്നിവരുടെ ഷോകളും എറണാകുളത്തു വളരെ സജീവമായിരുന്ന സി.എന്‍. കരുണാകരന്‍, ടി. കലാധരന്‍, അശാന്തന്‍, പി.വി. നന്ദന്‍, സുനില്‍ വല്ലാര്‍പ്പാടം എന്നിവരുടെയും കലാപ്രവര്‍ത്തനങ്ങളും എന്നെ ആഴത്തില്‍ സ്വാധീനിച്ചു. 

ജഗേഷിന്റെ ചിത്രങ്ങളില്‍ പ്രകൃതിചൂഷണം പ്രധാനപ്പെട്ട ഒരു വിഷയമാണ്. ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ താങ്കള്‍ ആ സിരീസിലൂടെ മുന്നോട്ടുവെച്ച ചിത്രങ്ങളുടെ രാഷ്ര്ടീയത്തെക്കുറിച്ചും ആ ചിത്രങ്ങളുടെ രചനാരീതികളും വിശദീകരിക്കാമോ?

ബി.എഫ്.എ നാലാം വര്‍ഷം പഠിക്കുമ്പോഴാണ് ലളിതകലാ അക്കാദമിയുടെ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പും സോളോ എക്‌സിബിഷന്‍ ഗ്രാന്റും ലഭിച്ചത്. സോളോ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച എന്റെ ചിത്രങ്ങളുടെ ടൈറ്റില്‍ രോഗാതുരമായ പ്രകൃതി എന്നായിരുന്നു. പോര്‍ട്രെയ്റ്റ് ഒഫ് വാട്ടര്‍ എന്ന ചിത്രം സോളോ ഷോയില്‍ ശ്രദ്ധ നേടി. ആ ഷോയോടെ പ്രകൃതി എന്റെ ചിത്രങ്ങളിലേക്കു കൂടുതലായി കടന്നുവന്നു. കുറച്ചുനാളുകള്‍ നാടുവിട്ടു നിന്നശേഷം തിരിച്ചെത്തുമ്പോള്‍ ഗ്രാമപ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചതാണ് ബഡ്ഡിങ്‌ കോസ്‌മോസ് എന്ന സിരീസിന്റെ തുടക്കം. ഈ സിരീസില്‍ അനേകം ചിത്രങ്ങള്‍ വരച്ചു. പഌസ്റ്റിക്കിന്റെ ആധിക്യവും ജൈവികതയുടെ നാശവും മൂലം മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ ഉണ്ടാക്കിയെടുത്ത പ്രത്യേകതരം ചെടികള്‍ക്കിടയിലൂടെ മാലിന്യം നിറച്ച ഭാണ്ഡവുമായി യാത്ര ചെയ്യുന്ന മനുഷ്യന്റെ ചിത്രത്തിനാണ് 2012-ല്‍ ലളിതകലാ അക്കാദമി സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഈ സിരീസില്‍ ചെയ്ത ചിത്രത്തിനു ദേശീയ ലളിതകലാ അക്കാദമി സെലക്ഷന്‍ ലഭിച്ചു. ചില വര്‍ക്കുകള്‍ വിദേശത്തും മറ്റു പ്രൈവറ്റ് കളക്ഷനുകളിലും ഉണ്ട്. 

കൊച്ചി മുസിരിസ് ബിനാലെയില്‍ കേരളത്തിലെ ശ്രദ്ധേയരായ ചിത്രകാരന്മാരുടെ സാന്നിദ്ധ്യത്തെയും അസാന്നിദ്ധ്യത്തെയും എങ്ങനെയാണു നോക്കിക്കാണുന്നത്? കേരളത്തിലെ കലാഭാവുകത്വത്തെ ഉടച്ചുവാര്‍ക്കുന്നതില്‍ ബിനാലെ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നിലനിര്‍ത്തിക്കൊണ്ടാണ് മറുപടി പറയേണ്ടത്. കലാകാരന്മാര്‍തന്നെ ക്യുറേറ്ററുകളായി മാറുന്ന കാലത്തെക്കുറിച്ചും എന്തു പറയുന്നു?

ബിനാലെ പ്രതിനിധാനം ചെയ്യുന്നതു കേരളത്തിലെ കലയെ മാത്രമല്ല. സാര്‍വദേശീയമായ കലയെയും അതിന്റെ ഭാവുകത്വത്തെയുമാണ്.  കൂടാതെ കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ, ഫോക്ക്/ക്‌ളാസിക്ക് കലയുടെ അവതരണവും നിരവധി സെമിനാറുകളും ബിനാലെയില്‍ നടക്കുന്നുണ്ട്. ഇവയെല്ലാം നമ്മുടെ കലാഭാവുകത്വത്തെ പുതുക്കുന്നു. ലോക കലയുടെ സമ്മേളനം ആയതിനാല്‍ മലയാളി സാന്നിദ്ധ്യം അത്രകണ്ട് ഉയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. എങ്കിലും സമകാലിക കലാലോകത്തു ശക്തമായി നിലയുറപ്പിച്ച പല കലാകാരന്മാരും രണ്ടു ബിനാലെയിലും പങ്കെടുത്തു. എന്നാല്‍ വളരെ ആത്മാര്‍ത്ഥമായി കലയില്‍ പ്രവര്‍ത്തിക്കുന്ന ചിത്രകാരന്മാര്‍ ഇവിടെയുണ്ട്. പക്ഷേ, എത്ര പേര്‍ക്ക് ബിനാലെയിലടക്കം മുഖ്യധാരാ കലാരംഗത്തും ചര്‍ച്ചകളിലും ഇടം ലഭിക്കുന്നുണ്ട് എന്നത് ആലോചിക്കേണ്ടതുണ്ട്. ആദ്യത്തെ ബിനാലെയെ അപേക്ഷിച്ചു രണ്ടാമത്തെ ബിനാലെ അത്ര മികച്ചതായി തോന്നിയില്ല. പ്രതിഭാശാലിയായ കലാകാരന്മാരുടെപോലും മികച്ച ഇന്‍സ്റ്റലേഷനുകളായിരുന്നില്ല ഉള്‍പ്പെടുത്തിയത്. മികച്ച സൃഷ്ടികള്‍ കലാകാരന്മാരുടെ പേരിന്റെ കനം നോക്കാതെ ബിനാലെയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ആദ്യ ബിനാലെയില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ കുട്ടികളെ വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കു സ്റ്റുഡിയോ ശരിയാക്കാനും ചുവരുകള്‍ വെള്ളപൂശാനും ഉപയോഗപ്പെടുത്തിയിരുന്നു. വിദേശ ആര്‍ട്ടിസ്റ്റുകളോടു സംവദിക്കാന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും അവസരവും കിട്ടി. എങ്കിലും അവരുടെ വര്‍ക്കുകള്‍ക്കു കൂടി ബിനാലെയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ സ്വകാര്യമായി ആഗ്രഹിച്ചിരുന്നു. ഇക്കഴിഞ്ഞ ബിനാലെയില്‍ സംസ്ഥാനത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു നടന്ന സ്റ്റുഡന്റ്‌സ് ബിനാലെ പോസിറ്റീവായ ഒരു നീക്കമായിരുന്നു. 

കൊച്ചിയിലെ കലാലോകം മുന്‍പത്തെക്കാള്‍ ഇന്നു വളരെയേറെ സജീവമാണ്. കേരളത്തിനു പുറത്തു നേരത്തെ കലാപ്രവര്‍ത്തനം നടത്തിയവരും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചവരും ഇപ്പോള്‍ കൊച്ചി കേന്ദ്രമാക്കി കലയില്‍ ഇടപെടുന്നു. കൂടാതെ, കേരളത്തിനു പുറത്തു കലാവിദ്യാഭ്യാസം കഴിഞ്ഞവരും ഇവിടെ കലാവിദ്യാഭ്യാസം നടത്തിയവരും കൊച്ചിയില്‍ സജീവം. എന്നാല്‍, ബിനാലെയ്ക്കു സമാന്തരമായ നിലയില്‍ കൊച്ചിയില്‍ കലാപ്രവര്‍ത്തനം നടക്കുന്നുവെന്നു പറയാനാകില്ല. 2004-05 ഒക്കെ ആയപ്പോഴേയ്ക്കും കൊച്ചിയില്‍ കല ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്നു. കലയുടെ സാദ്ധ്യതയെക്കുറിച്ചും പുതിയ അന്വേഷണങ്ങളുണ്ടായി.


കൊച്ചിയിലെ സമകാലിക കലാപ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഞാന്‍ മുന്‍പു സൂചിപ്പിച്ചിരുന്ന കലാകാരന്മാരെ കൂടാതെ എന്റെ കോളേജില്‍ പഠിച്ചിരുന്ന കെ.ടി. മത്തായി, സനം സി.എന്‍, ജലജാമോള്‍ തുടങ്ങിയവരും എന്റെ അടുത്ത സുഹൃത്തുക്കളായ പ്രകാശന്‍ കെ.എസ്, സജിത്ത് പുതുക്കലവട്ടം, സജീഷ് പി. എ, സതീഷ് കെ.കെ, ഷിനോജ് ചോരന്‍ തുടങ്ങിയവരും മധു വേണുഗോപാല്‍, മനേഷ ദേവശര്‍മ്മ എന്നിവരും അടക്കമുള്ള അനേകം ചിത്രകാരന്മാര്‍ പ്രദര്‍ശനങ്ങളിലൂടെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. കൂടാതെ കേരളത്തിലെ വിവിധ ഫൈന്‍ ആര്‍ട്ട്‌സ് കോളജുകളിലെ കലാദ്ധ്യാപകര്‍ കൂടിയായ മനോജ് വയലൂര്‍, എ.പി. സുനില്‍, ഷിജോ ജേക്കബ് എന്നിവരും സജീവം. അടുത്തിടെ ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൊഫ. അജയകുമാറിന്റെയും മാവേലിക്കര രാജാരവിവര്‍മ്മ, ഫൈന്‍ ആര്‍ട്ട്‌സ് കോളേജ് പ്രിന്‍സിപ്പലായ ടെന്‍സിങ് ജോസഫിന്റെയും ഓംസൂര്യയുടെയും മാത്രമല്ല, ബറോഡയില്‍ താമസിച്ചു കലാപ്രവര്‍ത്തനം നടത്തുന്ന കെ.കെ. മുഹമ്മദിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും കൊച്ചിയിലെ കലാലോകം സജീവമാണെന്നതിന്റെ തെളിവാണ്. ഇന്ത്യന്‍ ചിത്രകലയിലെ മാസ്‌റ്റേഴ്‌സായ കെ.ജി. സുബ്രഹ്മണ്യത്തിന്റെയും എ. രാമചന്ദ്രന്റെയും ഏകാംഗ പ്രദര്‍ശനങ്ങളും സെമിനാറുകളും അടുത്തകാലത്തു നടന്നു. ഇന്ത്യന്‍ സമകാലിക കലയിലെ സജീവ സാന്നിദ്ധ്യങ്ങളായ ജ്യോതിബസു, ഷിബു നടേശന്‍, സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ കൊച്ചിയില്‍ സ്‌ളൈഡ് പ്രസന്റേഷനും സെമിനാറുകളും നടത്തിയിരുന്നു. ഇതെല്ലാം ചേര്‍ത്തുവെയ്ക്കുമ്പോള്‍ കൊച്ചിയിലെ കലാപ്രവര്‍ത്തനം വളരെ സമ്പന്നമാണെന്നു പറയാം.

ചിത്രകലയിലൂടെ സാമൂഹികബോധത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ആവിഷ്‌കരണ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ഫാസിസത്തിന്റെ കാലത്തു കലയുടെ പ്രസക്തി എന്താണ്? കലാകാരന്‍ ആക്ടിവിസ്റ്റ് കൂടിയായി നിലനില്‍ക്കേണ്ടതുണ്ടോ? 

ഈ ചോദ്യങ്ങള്‍ ഒാരോ കലാകാരനും സ്വയം ചോദിക്കേണ്ടതും അതിന്റെ ഉത്തരങ്ങള്‍ അന്വേഷിക്കേണ്ടതുമുണ്ട്. കലയുടെ പ്രവര്‍ത്തനം നടക്കുന്നത് ആസ്വാദകന്റെ വൈകാരികതലത്തിലാണ്. സമൂഹത്തിലേക്ക് കല നേരിട്ടു പ്രവര്‍ത്തിക്കുകയില്ല എന്നു ഞാന്‍ കരുതുന്നു. കലയുടെ ആസ്വാദനവും അതിന്റെ സംവേദനവും നടക്കുന്നത് ആസ്വാദകരിലൂടെയാണ്. ഒരാളുടെയെങ്കിലും ചിന്തയില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞാല്‍ അയാളിലൂടെ, അയാളുടെ പ്രവര്‍ത്തനങ്ങളിലൂടെ കലയുടെ ഗുണഫലമായ പ്രതിഫലനം സമൂഹത്തില്‍ ഉണ്ടാകാം. മാറിയ കാലഘട്ടത്തില്‍ സ്വതന്ത്രമായ ആശയങ്ങള്‍ അംഗീകരിക്കാനും ഉള്‍ക്കൊള്ളുവാനും അധികാരകേന്ദ്രങ്ങള്‍ക്കും മറ്റു ചിലര്‍ക്കും കഴിയുന്നില്ല. ഈ സാമൂഹികാവസ്ഥയില്‍ സ്വാതന്ത്ര്യത്തോടെ കലാപ്രവര്‍ത്തനം നടത്തുന്നതുതന്നെ ആക്ടിവിസമാണ്. ഞാന്‍ പറഞ്ഞുവരുന്നത് കലാകാരന്‍ ആക്ടിവിസ്റ്റാകാന്‍ വേണ്ടി ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നല്ല. അവരുടെ സൃഷ്ടികളില്‍ തങ്ങളുടെ ആശയം തീവ്രമായി പ്രകടിപ്പിക്കാന്‍ ധൈര്യം കാണിക്കണം എന്നാണ്. ആശയപരമായ വ്യക്തതയും മാധ്യമപരമായ ദൃഢതയും ഉണ്ടെങ്കില്‍ ഓരോ ചിത്രവും ആസ്വാദകരോട് അതിന്റെ രാഷ്ട്രീയം സംവദിക്കുമെന്നാണ് എന്റെ വിശ്വാസം. 

ജഗേഷ് ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ലോകങ്ങളും ചിത്രീകരണ ശൈലികളും വിശദമാക്കാമോ?

എന്റെ ഗ്രാമമായ എടക്കാടിന്റെ പ്രകൃതി തന്നെയാണു വരച്ചുതുടങ്ങിയത്. കണ്ടല്‍ക്കാടുകളെ സോഫ്റ്റ് പേസ്റ്റല്‍സ് ഉപയോഗിച്ചു പേപ്പറിലും ക്യാന്‍വാസിലും വരച്ചു. കണ്ടല്‍ച്ചെടികള്‍ തുടര്‍ച്ചയായി വരച്ചപ്പോള്‍ അവയുടെ രൂപത്തിനു മാറ്റം ഉണ്ടായി വന്നു. രൂപമാറ്റം സംഭവിച്ച ചെടികള്‍ നിറഞ്ഞ ഒരു ലോകം എന്റെ ചിത്രങ്ങളില്‍ നിറഞ്ഞു. വലിയ ചെടികള്‍ ആവാസകേന്ദ്രമാക്കിയ ചെറിയ മനുഷ്യര്‍. ഭൂമിയിലേക്കു വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ സ്വീകരിക്കുന്ന കൂറ്റന്‍ ചെടികള്‍. അവയില്‍നിന്നു പുക വിസര്‍ജിച്ചു തുടങ്ങി. ഇത്തരം ചെടികളും പലായനം ചെയ്യുന്ന മനുഷ്യരും ഒക്കെ എന്റെ ചിത്രങ്ങളില്‍ കടന്നുവന്നു. ഈ ചിത്രങ്ങളുടെ കൂട്ടത്തെ ബഡ്ഡിങ്‌
കോസ്‌മോസ് സിരീസ് എന്നു പേരിട്ടു. നേരത്തെ ഈ സിരീസില്‍ വരച്ച സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രത്തെക്കുറിച്ചു പറഞ്ഞുവല്ലോ. വലിപ്പമുള്ള ക്യാന്‍വാസുകളില്‍ ഇത്തരം ഇമേജുകള്‍ അക്രലിക് മീഡിയത്തില്‍, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഓയില്‍ കളര്‍ ഉപയോഗിക്കുംപോലെ അക്രലിക് വഴങ്ങുന്നതിനാല്‍ ചിത്രങ്ങളില്‍ ഇതിന്റെ സാധ്യത ഉപയോഗിക്കാന്‍ കഴിഞ്ഞു. സെപിയ, ബേണ്‍സീന, റോസീന, യെല്ലെ ഔക്കര്‍, ബേണ്‍ഡ് അമ്പര്‍ നിറങ്ങള്‍ വിഷയത്തിന്റെ കാഠിന്യം എടുത്തുകാട്ടാന്‍ സഹായിച്ചു. 

ബഡ്ധിംഗ് കോസ്‌മോസ് സിരീസ് ചിത്രങ്ങളിലെ മാലിന്യങ്ങള്‍ ആധിപത്യം സ്ഥാപിച്ച ലോകം ഭാവിയില്‍ മനുഷ്യരെ കാത്തിരിക്കുന്നുണ്ടെന്നു പലപ്പോഴും തോന്നാറുണ്ട്. ഈ ചിത്രങ്ങളുടെ ഒരു സോളോ ഷോ തലശേ്ശരിയില്‍ അക്കാദമിയുടെ ഗ്രാന്റോടുകൂടി ഡെസ്റ്റിനേഷന്‍ എഹെഡ് എന്ന പേരില്‍ 2013-ല്‍ നടത്തിയിരുന്നു. ആ സിരീസിനുശേഷം എന്റെ തന്നെ ഇമേജുകള്‍ പ്രകൃതിയുമായി ചേര്‍ത്തുവരച്ചു. ആ ചിത്രങ്ങളില്‍ നിറങ്ങള്‍ മാറിമാറി വന്നു. ഈ അടുത്തകാലത്തു എന്റെ ചിത്രങ്ങള്‍ തികച്ചും മാറിയെന്നു പറയാം. ഇപ്പോഴെനിക്ക് എന്റെ ചെറുപ്പകാലമാണ് ഓര്‍മ. ആ കാലം ഓര്‍ത്തോര്‍ത്തു വരയ്ക്കും. മാഞ്ഞുപോയ വയലുകളും കണ്ടല്‍ക്കാടുകളും പുഴകളും മരങ്ങളും മണ്‍വഴികളും ഓലമേഞ്ഞ-ഓടുമേഞ്ഞ പുരകളും പള്ളികളും കടകളും എല്ലാം വരച്ചിടുന്നു. എല്ലാത്തിന്റെയും ആകാശക്കാഴ്ചകളാണ് വരയ്ക്കുക. പെന്‍സിലും തേയിലച്ചാറും ചേര്‍ത്തു വരയ്ക്കുമ്പോള്‍ ഒരുനല്ല ഗൃഹാതുരത കൂടിയുണ്ട്. 

ഒരു കലാധ്യാപകന്‍ എന്ന നിലയില്‍ കലയിലെ ഏറ്റവും പുതിയ തലമുറയെക്കുറിച്ചുകൂടി പറയാമോ?

കലയിലെ ഏറ്റവും പുതിയ തലമുറ, കലയില്‍ അക്കാദമിക് പഠനം അടുത്തകാലത്തു പൂര്‍ത്തിയാക്കിയവരെയും കലാവിദ്യാഭ്യാസം തുടരുന്നവരെയുമാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷം ലളിതകലാ അക്കാദമിയുടെ ദേശീയ എക്‌സിബിഷനില്‍ പങ്കെടുക്കുന്ന ചുരുക്കം മലയാളികളില്‍ രണ്ടു പേര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആര്‍.എല്‍.വിയില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ അഖില്‍ മോഹനും ജയേഷ് കെ.കെയുമാണ്. ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവായ ദീപ കെ. കഴിഞ്ഞവര്‍ഷം തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്നു കോഴ്‌സ് പൂര്‍ത്തിയാക്കിയതാണ്. എന്റെ പഠനകാലത്തെ സമകാലീനരായ സുജിത്ത് എസ്.എന്‍., രതീഷ് ടി., റെജി അറക്കല്‍, അനില്‍ തമ്പായി, സിജി ആര്‍. കൃഷ്ണ തുടങ്ങിയവര്‍ ആ കാലത്തുതന്നെ കലയുടെ ഗൗരവമേറിയ മേഖലകളില്‍ എത്തപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ബി.എഫ്.എ, എം.എഫ്.എ എന്നതു മറ്റുപല കോഴ്‌സുകള്‍ക്കുമുള്ള ചവിട്ടുപടിയായാണ് കാണുന്നത്. 

കുറച്ചുപേര്‍ വളരെ വേഗംതന്നെ എസ്റ്റാബഌഷ്‌മെന്റ് ആഗ്രഹിക്കുകയും കലയുടെ അടിസ്ഥാനപാഠങ്ങള്‍ പഠിക്കാന്‍ വിമുഖത കാട്ടുകയും ചെയ്യുന്നു. ചുരുക്കം ചിലര്‍ മാത്രം കലയെ ഗൗരവത്തോടെ കാണുന്നു. കലയുടെ മാര്‍ക്കറ്റിനെക്കുറിച്ചാണ് മറ്റു പലരുടെയും ചിന്ത. എന്റെ പഠനകാലത്തു കലയുടെ ചന്തയെക്കുറിച്ചുള്ള ചിന്ത ഉണ്ടായിരുന്നില്ല. കല എന്നതു കലാകാരന്റെ അഭിപ്രായങ്ങളെ, ആശയങ്ങളെ, ചിന്തകളെ പ്രകടിപ്പിക്കാനുള്ള മാര്‍ഗമായിരുന്നു. ഇന്നതിനു മാറ്റം വന്നിരിക്കുന്നു.
 

(2016ല്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച അഭിമുഖം)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com