ഒറ്റഷോട്ടില്‍ ഒരു കല്യാണവീഡിയോ; തരംഗമായി മാറിയ കല്യാണവീഡിയോ കാണാം

ഒറ്റഷോട്ടില്‍ ഒരു കല്യാണവീഡിയോ; തരംഗമായി മാറിയ കല്യാണവീഡിയോ കാണാം

കൊച്ചി: ''അയ്യോ, ആ ഷോട്ട് കൊള്ളില്ല'', ''ആ ആംഗിളിലല്ലായിരുന്നു ക്യാമറ വയ്‌ക്കേണ്ടത്''- ഒരു സിനിമ കണ്ടിറങ്ങിയാല്‍ ഇങ്ങനെയൊക്കെ കമന്റു പറയുന്ന പ്രേക്ഷകരുള്ള നാടാണിത്. ഇവിടെ ഒരു കല്യാണവീഡിയോ ചെയ്യുമ്പോള്‍പോലും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അബദ്ധം പറ്റിയാല്‍ അതെടുത്ത് ട്രോളിക്കൊല്ലും! എന്നാല്‍ മികച്ചതായാലോ പഞ്ഞമില്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രശംസകളേറ്റുവാങ്ങി ഒരു കല്യാണവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. ഒറ്റഷോട്ടില്‍ ഒരു കല്യാണവീഡിയോ!

വൈറലായി മാറുന്ന ഈ കല്യാണവീഡിയോ കണ്ടവര്‍ മുംബൈയിലോ ഡല്‍ഹിയിലോ മറ്റോ ചെയ്തതാണെന്ന് തെറ്റിദ്ധരിക്കാന്‍ ഏറെ സാധ്യതയുണ്ട്. എന്നാല്‍ കേട്ടോളൂ, ഇത് നമ്മുടെ കേരളത്തില്‍, കൊച്ചിയില്‍, കാക്കനാട് ഷൂട്ട് ചെയ്തതാണ്.
കാക്കനാടുള്ള ഡാലിയ എന്ന പെണ്‍കുട്ടിയുടെ വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി എന്ന ചടങ്ങാണ് വീഡിയോയില്‍. 3.44 മിനിട്ട് ദൈര്‍ഘ്യത്തില്‍ ക്യാമറ കട്ട് ചെയ്യാതെ ഒരുക്കിയതാണ് ഈ വീഡിയോ. നെടുമ്പാശ്ശേരിയിലെ മാജിക് മോഷന്‍ മീഡിയ എന്ന വെഡ്ഡിംഗ് ഫോട്ടോഗ്രാഫി സംഘമാണ് ഒരുപക്ഷെ ലോകവെഡ്ഡിംഗ് ഫോട്ടോഗ്രാഫിയില്‍ത്തന്നെ ആദ്യത്തേതെന്നു വിളിക്കാവുന്ന പുതിയ പരീക്ഷണം നടത്തിയത്.
''ലോകത്തില്‍ ഇതുവരെ ഈ മട്ടിലുള്ള ചെയ്തതായി അറിവില്ല. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് എന്നുറപ്പാണ്'' - മാജിക് മോഷന്‍ മീഡിയയുടെ സാരഥി രൂബന്‍ ബിജി തോമസ് പറഞ്ഞു.
ഈ വീഡിയോ ഒരുക്കുന്നതിനായി കല്യാണപ്പെണ്ണ്, ഡാലിയ ചില്ലറയൊന്നുമല്ല കഷ്ടപ്പെട്ടത്. പാട്ടിനൊത്ത് കൊറിയോഗ്രാഫി ചെയ്തത് ഡാലിയയായിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട പ്രയത്‌നമായിരുന്നു ക്യാമറസംഘത്തിനുണ്ടായിരുന്നത്. നാലുമണിക്കൂറോളം ഓരോ സ്ഥലവും ആളുകളെയും ഒരുക്കുന്നതിനുള്ള പ്ലാനുകളായിരുന്നു. പിന്നീട് ഷൂട്ട് തുടങ്ങിയെങ്കിലും നാലുതവണ പല കാരണങ്ങളാല്‍ ഷോട്ട് കട്ട് ചെയ്യേണ്ടിവന്നു. അഞ്ചാമത്തെ തവണ എടുത്തപ്പോള്‍ എല്ലാം ഓകെയായി.
വീട്ടുകാരെല്ലാം വീഡിയോഷൂട്ടിനായി പൂര്‍ണ്ണമായി സഹകരിച്ചതോടെ പ്രതീക്ഷിച്ചതുപോലെ ഗംഭീരം കല്യാണവീഡിയോ ഒരുക്കാന്‍ സാധിച്ചു എന്ന് രൂബന്‍. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ. ഈമാസം 20നാണ് ഡാലിയയുടെ വിവാഹം. വരന്‍ വിവേകാണ്. ഈ വാര്‍ത്തകൂടി വായിക്കുന്നതോടെ ഡാലിയയുടെ വിവാഹവാര്‍ത്ത അറിയാത്തവരുടെ പട്ടികയില്‍നിന്നും വിവാഹത്തെക്കുറിച്ച് അറിഞ്ഞവരുടെ വലിയ പട്ടികയിലേക്ക് നിങ്ങളും മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com