ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: മത്സരവീര്യത്തേക്കാള്‍ കൂടുതല്‍ സൗഹൃദം  

കേരളം വളരെയധികം ഇഷ്ടമാണെന്നും മത്സരമെല്ലാം കഴിഞ്ഞാലും കേരളം സന്ദര്‍ശിക്കാന്‍ ഇനിയും എത്തുമെന്നാണ് റഷ്യന്‍ സുന്ദരിയുടെ വാക്കുകള്‍
ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: മത്സരവീര്യത്തേക്കാള്‍ കൂടുതല്‍ സൗഹൃദം  

ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ പെഗാസസ് സംഘടിപ്പിക്കുന്ന ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018 നാളെ ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ് മത്സരാര്‍ത്ഥികള്‍. 39രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള മത്സരാര്‍ത്ഥികള്‍ ഗ്രൂമിംഗ് സെഷനുകള്‍ പൂര്‍ത്തിയാക്കി അവസാന പരിശീലനങ്ങളിലേക്ക് കടക്കുകയാണ്. ആദ്യ മിസ് ഗ്ലാം വേള്‍ഡ് കിരീടം ചൂടണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും മത്സരം അടുത്തെത്തുമ്പോഴും ഇവര്‍ക്കിടയില്‍ സൗഹൃദം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 

വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത സംസ്‌കാരവും ഭാഷയും ഒക്കെയായി കൊച്ചിയിലേക്കെത്തിയ ഇവര്‍ ഇന്ന് തമ്മില്‍ മത്സരിക്കുന്നവര്‍ എന്നതിനേക്കാള്‍ കൂടുതല്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന ടാഗ്‌ലൈന്‍ ആണ് ഇഷ്ടപ്പെടുന്നത്. പലര്‍ക്കും സ്വന്തം രാഷ്ട്രഭാഷ ഒഴികെ മറ്റ് ഭാഷകള്‍ വഴങ്ങാത്തതിനാല്‍ തമ്മില്‍ സംസാരിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് മത്സരാര്‍ത്ഥികള്‍ പറയുന്നു. ഗൂഗിള്‍ ട്രാന്‍സിലേറ്ററും ഡം ഷരാഡ്‌സ് ഭാഷയും ഒക്കെയാണ് ഇവരുടെ ആശയവിനിമയ സഹായികള്‍. 

താന്‍ ആദ്യമായാണ് ഒരു അന്താരാഷ്ട്ര തലത്തിലുള്ള സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും ഇതുവരെ ഇന്ത്യയിലെതന്നെ സംസ്‌കാരങ്ങളെ അറിയാനുള്ള അവസരമായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അതിലും മികച്ച അനുഭവങ്ങളാണ് തന്നെ തേടിയെത്തിയിരിക്കുന്നതെന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എലീന കാതറിന്‍ ആമോണ്‍ പറയുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള ഇത്രയേറെ സുഹൃത്തുക്കളെ ലഭിച്ചപ്പോള്‍ അവര്‍ പറയുന്ന വിശേഷങ്ങളിലൂടെ ആ രാജ്യങ്ങളിലെല്ലാം പോയ അനുഭവമായിരുന്നെന്ന് എലീന പറയുന്നു. പരസ്പരം ഭാഷ അറിയില്ലെങ്കിലും ആരും ഇതുവരെ സംസാരിക്കാതെ ഇരുന്നിട്ടില്ല. സംസാരിക്കുന്നത് നിര്‍ത്താനാണ് പലപ്പോഴും പ്രയാസം. പറയുന്ന കാര്യങ്ങള്‍ തമ്മില്‍ എങ്ങനെയാണ് മനസിലാകുന്നത് എന്നോര്‍ത്ത് ഞങ്ങള്‍ തന്നെ അത്ഭുതപ്പെടാറുണ്ട്', എലീന പറയുന്നു. 

കേരളം വളരെയധികം ഇഷ്ടമാണെന്നും മത്സരമെല്ലാം കഴിഞ്ഞാലും കേരളം സന്ദര്‍ശിക്കാന്‍ ഇനിയും എത്തുമെന്നാണ് റഷ്യന്‍ സുന്ദരിയുടെ വാക്കുകള്‍. ഗ്രൂമിംഗ് ദിനങ്ങള്‍ വളരെയധികം ആസ്വദിക്കുകയാണെന്നും മത്സരത്തെകുറിച്ച് ചിന്തിക്കുന്നതേ അപൂര്‍വമാണെന്നാണ് കെനിയയില്‍ നിന്നുള്ള മത്സരാര്‍ത്ഥി പറയുന്നത്. 

ടൈറ്റില്‍ ജയങ്ങള്‍ക്ക് പുറമെ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് കണ്‍ജീനിയാലിറ്റി, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്‌നസ്, ബെസ്റ്റ് നാഷണല്‍ കോസ്റ്റിയൂം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും. ഇതില്‍ മിസ് കണ്‍ജീനിയാലിറ്റിയെ മത്സരാര്‍ത്ഥികള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. പരസ്പരം വോട്ട് ചെയ്താണ് ഈ സബ്‌ടൈറ്റില്‍ വിജയിയെ നിശ്ചയിക്കുന്നത്. സഹമത്സരാര്‍ത്ഥികളില്‍ നിന്ന് ഏറ്റവുമധികം വോട്ട് സമ്പാദിക്കുന്നവര്‍ക്കാണ് ഈ ടൈറ്റില്‍ നേടാന്‍ സാധിക്കുക. 

ഗ്രൂമിംഗ് സെഷനുകളുടെ ഇടയില്‍ ക്യാറ്റ് വാക്ക് പരിശീലനത്തിലും ടാലന്റ് റൗണ്ടിലുമെല്ലാം പരസ്പരം സഹായിക്കുന്ന സുന്ദരിമാരെയാണ് കാണാന്‍ കഴിഞ്ഞത്. ഇവരില്‍ ചിലരെല്ലാം നേരത്തെ പരിചയമുള്ളവരായിരുന്നെങ്കില്‍ ഭൂരിഭാഗം പേര്‍ക്കും തമ്മില്‍ പരിചയപ്പെടാന്‍ ലഭിച്ച ആദ്യ അവസരമാണ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018. 

മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡോ. അജിത് രവിയുടെ നേതൃത്വത്തിലുള്ള പെഗാസസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ നിശ്ചയിക്കുന്ന വിജയിക്ക് 3.5ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com