മൂർഖൻ പാമ്പുമായി പൊരിഞ്ഞ പോരാട്ടത്തിലേർപ്പെട്ട അണ്ണാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഗ്രൗണ്ട് സ്ക്വിറലുകൾ എന്ന ഇനത്തിൽപ്പെട്ട അണ്ണാനാണ് മൂർഖനുമായി ഏറ്റുമുട്ടുന്നത്. മരങ്ങളിൽ മാളമൊരുക്കാതെ തറയിൽ മാളമൊരുക്കി ജീവിക്കുന്ന അണ്ണാൻമാരാണ് ഗ്രൗണ്ട് സ്ക്വിറലുകൾ. ശത്രുക്കൾ മാളത്തിനു സമീപമെത്തിയാൽ എത്ര വമ്പൻമാരായാലും ഇവ വെറുതേ വിടാറില്ല. അതിവേഗത്തിൽ വഴുതി മാറാൻ കഴിവുള്ള ജീവികളാണ് ഗ്രൗണ്ട് സ്ക്വിറലുകൾ.
ഇത്തരത്തിൽ മാളത്തിനരികിലേക്കെത്തിയ മൂർഖൻ പാമ്പിനെയാണ് അണാൻ ആക്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും ബോട്സ്വാനയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കാലാഗഡി ട്രാൻസ്ഫ്രണ്ടിയർ പാർക്കിലാണ് സംഭവം.
ദക്ഷിണാഫ്രിക്കയിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്ന അപകടകാരിയായ വിഷപ്പാമ്പുകളിലൊന്നാണ് കേപ് കോബ്ര. മഞ്ഞ നിറമാണ് ഇവയുടെ ശരീരത്തിന്, അതുകൊണ്ട് തന്നെ യെല്ലോ കോബ്ര എന്നും ഇവ അറിയപ്പെടുന്നു. ഈ വിഭാഗത്തിൻ പെട്ട പാമ്പിനെയാണ് അണ്ണാൻ ആക്രമിച്ചത്.
പാമ്പിന്റെ വാലിൽ കടിച്ചു വലിച്ച അണ്ണാനെ പാമ്പ് പലതവണ ആഞ്ഞുകൊത്താൻ ശ്രമിച്ചു. എന്നാൽ ഓരോ തവണയും അതിവിദഗ്ധമായി വഴുതിമാറി അണ്ണാൻ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു, അണ്ണാന്റെ മാളത്തിൽ കുഞ്ഞുങ്ങൾ ഉള്ളതിനാലാവാം അത് പാമ്പിനെ നേരിട്ടതെന്നാണ് നിഗമനം. ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിനു ശേഷം പാമ്പ് അവിടെ നിന്നു പിൻവാങ്ങി.
ഗൈഡായ ദേവ് പുസെയാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. വന്യജീവി സങ്കേതത്തിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപൂർവ കാഴ്ച കണ്ടത്. അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്തതോടെ പാമ്പുകൾ മാളം വിട്ട് പുറത്തിറങ്ങിയിരുന്നു.
വന്യജീവി സങ്കേതത്തിലൂടെ കാൽനടയായി യാത്ര ചെയ്യുന്നതിനിടയിൽ പാമ്പ് ഇഴഞ്ഞുപോയ പാടുകൾ ഇവർ ശ്രദ്ധിച്ചിരുന്നു. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ പത്തിവിരിച്ച് ആക്രമിക്കാൻ തയാറെടുത്തു നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ടു. അതിന്റെ തൊട്ടടുത്തായി ആക്രമിക്കാൻ നിൽക്കുന്ന അണ്ണാനെയും കണ്ടു. ഉടൻതന്നെ ഈ ദൃശ്യം ക്യാമറയിൽ പകർത്തുകയായിരുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates