വായ മലർക്കെ തുറന്നു പിടിച്ചിട്ടും രക്ഷയില്ല; പോസത്തെ വിഴുങ്ങാൻ കഴിയാതെ കൂറ്റൻ പെരുമ്പാമ്പ്
By സമകാലിക മലയാളം ഡെസ്ക് | Published: 09th December 2022 11:25 AM |
Last Updated: 09th December 2022 11:25 AM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
പിടികൂടുന്ന എല്ലാ ഇരകളേയും പെരുമ്പാമ്പുകൾക്ക് വിഴുങ്ങാൻ സാധിക്കുമോ? ഇല്ല എന്നാണ് ഉത്തരം. ഇരയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് കൊന്ന ശേഷമാണ് പെരുമ്പാമ്പുകൾ വിഴുങ്ങാറുള്ളത്. എല്ലാ ഇരകളേയും അനായാസം വിഴുങ്ങാൻ അവയ്ക്ക് ചിലപ്പോൾ സാധിക്കാറില്ല.
ഇവിടെ അത്തരമൊരു പാമ്പിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മറ്റും കാണപ്പെടുന്ന എലി വർഗത്തിൽപ്പെട്ട സഞ്ചിയുള്ള മൃഗമായ പോസത്തെ വിഴുങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട പെരുമ്പാമ്പിന്റെ ചിത്രമാണ് ശ്രദ്ധേയമായത്. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഹാരിസൺസ് ഗോൾഡ് കോസ്റ്റ് ആൻഡ് ബ്രിസ്ബെയ്ൻ സ്നേക്ക് ക്യാച്ചേഴ്സ് എന്ന സ്ഥാപനമാണ് പെരുമ്പാമ്പിന്റെ ഇരപിടിത്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴേക്കും പോസം ചത്തിരുന്നതായി ഇവർ കുറിക്കുന്നു. ഇതോടെ പെരുമ്പാമ്പ് പോസത്തിനെ വിഴുങ്ങുന്നതും കാത്ത് നാല് മണിക്കൂർ സമയം ഉദ്യോഗസ്ഥർ കാത്തിരിക്കുകയും ചെയ്തു.
എന്നാൽ സഞ്ചിയിൽ മൂന്ന് കുഞ്ഞുങ്ങളുള്ള നിലയിൽ പോസത്തിനെ വിഴുങ്ങാൻ സാധിക്കാതെ പെരുമ്പാമ്പ് പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയയിൽ ധാരാളമായി കാണപ്പെടാറുള്ള കാർപെറ്റ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പാണ് പോസത്തിനെ ഇരയാക്കിയത്.
4.3 അടി നീളം മാത്രമാണ് പെരുമ്പാമ്പിനുണ്ടായിരുന്നത്. പാമ്പ് മാറിയതോടെ പോസത്തിന്റെ സഞ്ചിയിലുള്ള കുഞ്ഞുങ്ങളെ പുറത്തെടുത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. അവയും ജീവനറ്റ നിലയിൽ തന്നെയാണ് ഉണ്ടായിരുന്നത്. അതോടെ പോസത്തിനെയും കുഞ്ഞുങ്ങളെയും വനപ്രദേശത്ത് മറ്റു മൃഗങ്ങൾക്ക് ഭക്ഷിക്കാനായി ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആനയും കടുവയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത്- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ