ഉ​ഗ്ര വിഷമുള്ള പാമ്പിനെ കൈയിലെടുത്ത് കളിപ്പിച്ച് 11കാരി! കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട് (വീഡിയോ)

തുറസായ പ്രദേശത്ത് നടക്കുന്നതിനിടെ മുന്നിൽ കണ്ട ചെറിയ പാമ്പിനെ പെൺകുട്ടി കൈയിലെടുക്കുകയായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


സിഡ്നി: 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഉ​ഗ്ര വിഷമുള്ള പാമ്പിനെ കൈയിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ വൈറൽ. ഓസ്ട്രേലിയയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായി മാറിയത്. വലിപ്പത്തിൽ ചെറുതാണെങ്കിലും പെൺകുട്ടി കാര്യമറിയാതെ കൈയിലെടുത്ത് കളിപ്പിക്കുന്നത് ഉഗ്ര വിഷമുള്ള പാമ്പിനെയാണ്. പെൺകുട്ടിയുടെ ബന്ധുവാണ് വീഡിയോ പങ്കിട്ടത്. 

പാമ്പുകളെ പിടിക്കുന്ന സ്റ്റെവി ദി സ്നേക് ക്യാച്ചർ  എന്ന സ്ഥാപനമാണ് വീഡിയോ പുറത്തുവിട്ടത്. തുറസായ പ്രദേശത്ത് നടക്കുന്നതിനിടെ മുന്നിൽ കണ്ട ചെറിയ പാമ്പിനെ പെൺകുട്ടി കൈയിലെടുക്കുകയായിരുന്നു. കൈപ്പത്തിയിൽ കൊള്ളാവുന്ന വലിപ്പമുള്ള പാമ്പ് പെൺകുട്ടിയുടെ വിരലിലൂടെ ഇഴഞ്ഞ് നീങ്ങുന്നതും വീഡിയോയിൽ കാണാം. 

തെല്ലും ഭയമില്ലാതെ പാമ്പുമായി മുന്നോട്ടു നീങ്ങുന്ന പെൺകുട്ടി അത് ഗാർട്ടർ സ്നേക്കാണെന്ന് പറയുന്നുണ്ട്. വലിപ്പം കുറഞ്ഞ നിരുപദ്രവകാരികളായ പാമ്പുകളാണ് ഗാർട്ടർ പാമ്പുകൾ . ഈ അറിവു വച്ചാണ്  പെൺകുട്ടി പാമ്പിനെ കൈയിലെടുത്തത്. 

എന്നാൽ ഉഗ്ര വിഷമുള്ള ഈസ്റ്റേൺ ബ്രൗൺവിഭാഗത്തിൽപ്പെട്ട പാമ്പിനെയാണ് പെൺകുട്ടി ഗാർട്ടർ  സ്നേക്ക് എന്നു കരുതി ഓമനിച്ചത് എന്ന് പാമ്പ് പിടിത്ത വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടിയേറ്റാൽ മരണ സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നിരിക്കെ ഭാഗ്യം കൊണ്ട് മാത്രമാണ് പെൺകുട്ടിക്ക് അപകടം സംഭവിക്കാതിരുന്നതെന്ന് വ്യക്തം. ഓസ്ട്രേലിയയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ ഏറിയ പങ്കും ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന്റെ കടിയേറ്റാണ് സംഭവിക്കുന്നത്.

നിരുപദ്രവകാരികളായ ഗാർട്ടർ ഇനത്തോടുള്ള ഇവയുടെ രൂപ സാദൃശ്യം മൂലം പലപ്പോഴും ആളുകൾക്ക് ഈ പാമ്പിനെ തിരിച്ചറിയാൻ സാധിക്കാറില്ല. ഇതുതന്നെയാണ് വീഡിയോയിലുള്ള പെൺകുട്ടിക്കും സംഭവിച്ചത്. 

ജീവന് ഭീഷണി ഉണ്ടാകുന്ന അവസരങ്ങളിലാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ അക്രമാസക്തരാവുന്നത്. പെൺകുട്ടി പാമ്പിന്റെ ശരീരത്തിൽ ഞെരിക്കുകയോ വാലിൽ തൂക്കിയെടുക്കാൻ ശ്രമിക്കുകയോ ചെയ്യാഞ്ഞത് മൂലമാവാം അത് ആക്രമിക്കാൻ ശ്രമിക്കാഞ്ഞതെന്നും വിദഗ്ധർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com