എപ്പോഴും സോഷ്യല്‍ മീഡിയയില്‍ തന്നെയാണോ? ഇടയ്‌ക്കൊരു ഇടവേളയാകാം, ഗുണങ്ങള്‍ ഒരുപാടുണ്ട് 

സോഷ്യല്‍ മീഡിയ ഉപയോഗം മാനസികവും വൈകാരികവുമായ തലത്തില്‍ ബാധിച്ചെന്നുവരാം. അതുകൊണ്ട്, ഇടയ്‌ക്കെങ്കിലും നിന്ന് ഇടവേളയെടുക്കുന്നത് നല്ലതാണ്, ഗുണങ്ങളറിയാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തൊട്ടതിനും പിടിച്ചതിനും സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി എപ്പോഴും അടുപ്പത്തിലായിരിക്കാനും വിശേഷങ്ങള്‍ അറിയാനും പങ്കുവയ്ക്കാനുമൊക്കെ ഏറ്റവും നല്ല ഇടമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. ഇങ്ങനെയുള്ള ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും ചില പോരായ്മകള്‍ മറച്ചുവയ്ക്കാനാകില്ല. നമ്മളെ മാനസികവും വൈകാരികവുമായ തലത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗം ബാധിച്ചെന്നുവരാം. അതുകൊണ്ട് ഇടയ്‌ക്കെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നത് നല്ലതാണ്. 

സോഷ്യല്‍ മീഡിയക്ക് ഇടവേള, ഗുണങ്ങളറിയാം...

മെച്ചപ്പെട്ട മാനസികാരോഗ്യം - സോഷ്യല്‍ മീഡിയ ഫീഡിലൂടെ സ്ഥിരമായി സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നമ്മുടെ ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് മുതല്‍ സൈബറാക്രമണം മൂലമുണ്ടാകുന്ന ഉത്കണ്ഠയും വിഷാദവും വരെ മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും. അതുകൊണ്ട്, ഇടയ്‌ക്കൊരിടവേള എടുക്കുന്നത് മനസ്സിന് വിശ്രമം നല്‍കും. 

ഉല്‍പ്പാദനക്ഷമത കൂട്ടാം - സോഷ്യല്‍ മീഡിയ നോക്കിയിരിക്കുമ്പോള്‍ സമയം പോകുന്നതുപോലും അറിയാറില്ല. ഇത് ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കുകയും ഉല്‍പ്പാദനക്ഷമത കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് ഫീഡില്‍ ചിലവഴിക്കുന്ന സമയം കുറച്ച് അര്‍ത്ഥവത്തായ കാര്യങ്ങളില്‍ മുഴുകാം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയോ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. 

സ്വയം സ്‌നേഹിക്കാന്‍ - ഒന്നിലും തൃപ്തി തോന്നാതെ സന്തോഷം കണ്ടെത്താനാകാതെ സംശയിച്ചു നില്‍ക്കുന്ന അവസ്ഥ സോഷ്യല്‍ മീഡിയ സമ്മാനിക്കാറുണ്ട്. ഫില്‍റ്റര്‍ ചെയ്‌തെടുത്ത ഫോട്ടോകളും വിഡിയോകളുമൊക്കെ കാണുമ്പോള്‍ മറ്റുള്ളവരുടെയെല്ലാം ജീവിതം അടിപൊളിയാണെന്ന് ചിന്തിച്ച് സ്വന്തം ജീവിതത്തിലെ പോരായ്മകളെക്കുറിച്ചോര്‍ത്ത് ദുഖിച്ചിരിക്കും. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഇടവേള സ്വന്തം ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ നമ്മുടെ നേട്ടങ്ങളെയും കഴിവുകളെയും കുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ കഴിയും. 

മെച്ചപ്പെട്ട ഉറക്കം - ദീര്‍ഘനേരം കംപ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് അത്ര നല്ലതല്ല. ഇത് ഉറക്കം വരാതിരിക്കാനും കൂടുതല്‍ സമയം ഉണര്‍ന്നിരിക്കാനുമൊക്കെ കാരണമാകും. ടോക്‌സിക്ക് ആയിട്ടുള്ള ഉള്ളടക്കങ്ങള്‍ ഉറക്കം നഷ്ടപ്പെടുത്തും. അതുകൊണ്ട്, ഇടവേളയെടുക്കുന്നത് ആരോഗ്യകരമായ ഉറക്കശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. 

'റിയല്‍' ബന്ധങ്ങള്‍ - സോഷ്യല്‍ മീഡിയയിലൂടെ ബന്ധങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ ആളുകളുമായി നേരിട്ടുള്ള ബന്ധങ്ങള്‍ക്ക് കുറവുണ്ടാകും. സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള ആളുകള്‍ക്ക് കൂടുതല്‍ സമയവും ശ്രദ്ധയും നല്‍കാനാകും. ഇത് ബന്ധങ്ങളെ കൂടുതല്‍ ആഴമുള്ളതും ദൃഢമുള്ളതുമാക്കും. 

ഫോക്കസ് കൂട്ടാം - സോഷ്യല്‍ മീഡിയയില്‍ നിന്ന് പുതിയ അറിവുകളും വിവരങ്ങളുമൊക്കെ നമ്മളെ തേടിയെത്താറുണ്ട്. ചിലപ്പോഴെങ്കിലും ഈ അറിവുകള്‍ നമുക്ക് താങ്ങാവുന്നതിലും അപ്പുറമായി തോന്നിയേക്കാം. ഇതുമൂലം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതാകും. ഇടവേളയെടുക്കുന്നത് മനസ്സിനെ പിടിച്ചുനിര്‍ത്താനും ആയിരിക്കുന്ന അവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും നല്ല തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യും. 

സ്വയം തിരിച്ചറിയാം - സോഷ്യല്‍ മീഡിയയുടെ അമിതമായ സ്വാധീനം സ്വയം പല തെറ്റിധാരണകളും ഉണ്ടാക്കും. തെറ്റായ സ്വത്വബോധമോ നമ്മള്‍ ആരാണെന്ന വികലമായ ധാരണയോ ഇതുമൂലം ഉണ്ടാകാം. സോഷ്യല്‍ മീഡിയയെ മാറ്റിനിര്‍ത്തുന്നതുവഴി സ്വയം കണക്ട് ചെയ്യാന്‍ അവസരം ലഭിക്കുകയാണ്. നമ്മുടെ അളവുകോലായി കരുതിയിട്ടുള്ള ലൈക്കുകളോ ഫോളോവേഴ്‌സിന്റെ എണ്ണമോ ഒന്നുമില്ലാതെ സ്വന്തം മൂല്യം കണ്ടെത്താന്‍ കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com