

ചിലർ മീൻ ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായിൽ കപ്പലോടും, പക്ഷെ, മറ്റുചിലരാണെങ്കിൽ ഇക്കാര്യത്തിൽ കട്ടപരാജയമായിരിക്കും. ഒരുപാട് സമയത്തെ കഷ്ടപാടൊക്കെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായ അവസ്ഥയായിരിക്കും അപ്പോൾ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാനാകും. അതുകൊണ്ട് ഒരു എക്‌സ്‌പേർട്ടിനെ പോലെ മീൻ തയ്യാറാക്കി വിളമ്പാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം...
മീനുണ്ടാക്കുമ്പോൾ ശ്രദ്ധിക്കാം ഈ 6 തെറ്റുകൾ
മീനാണ് മുഖ്യം - മീനുണ്ടാക്കുന്നതിലും അതിന്റെ മസാലയിലുമൊക്കെ എത്ര ശ്രദ്ധിച്ചാലും മീൻ നല്ലതല്ലെങ്കിൽ പരിശ്രമമൊക്കെ വെറുതെയാകും. അതുകൊണ്ട് മീൻ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം. മീനിന്റെ കണ്ണുകൾ നോക്കി അവ ഫ്രെഷ് ആണോയെന്ന് പരിശോധിക്കാം. പഴകിയതായി തോന്നുകയോ ചീഞ്ഞ മണം അനുഭവപ്പെടുകയോ തോന്നിയാൽ വാങ്ങരുത്.
ഫ്രിഡ്ജിൽ നിന്ന് നേരെ പാനിലേക്കോ? - തിരക്കിനിടയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മീൻ പുറത്തെടുത്ത് വയ്ക്കാനും തണുപ്പ് മാറ്റാനുമൊക്കെ പലരും മറന്നുപോകും. ഇതിലൊന്നും വലിയ കാര്യമില്ലെന്ന് പറഞ്ഞ് പോകാറാണ് പതിവ്. പക്ഷെ, പാചകത്തിൽ ഇതിന് വലിയ പങ്കുണ്ടെന്ന കാര്യം മറക്കരുത്. തണുത്ത മീൻ നേരെ പാനിലേക്ക് എടുത്തിടുന്നത് വേവ് ശരിയാകില്ല.
ധൃതി വേണ്ട, ചൂടാകട്ടേ - മീൻ തയ്യാറാക്കാനുള്ള പാത്രം നന്നായി ചൂടാകാതെ മീനിട്ടാലും കുളമാകും. തിരക്കാണെങ്കിലും പാചകത്തിന്റെ കാര്യത്തിൽ കുറച്ച് ക്ഷമയൊക്കെ വേണം. ചൂടാകാതെ പാനിൽ മീനിട്ടാൽ അടിക്കുപിടിക്കാനും സാധ്യത കൂടുതലാണ്.
ഉപ്പിനും സമയമുണ്ട് - മീൻ ചട്ടിയിലിടുന്നതിന് മുമ്പ് ഉപ്പ് ചേർക്കാറുണ്ടോ? അങ്ങനെയാണെങ്കിൽ ആ ശീലം മാറ്റണം. മറ്റ് വിഭവങ്ങൾ തയ്യാറാക്കുമ്പോൾ പാചകത്തിനിടയിലാണ് ഉപ്പ് ചേർക്കുന്നതെങ്കിലും മീനിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഉപ്പ് ഈർപ്പം വലിച്ചെടുക്കുമെന്നതുകൊണ്ട് ഇങ്ങനെ ചെയ്യുന്നതുവഴി മീൻ പെട്ടെന്ന് ഡ്രൈ ആകും. അതുകൊണ്ട് അവസാനഘട്ടത്തിൽ മാത്രമാണ് ഉപ്പ് ചേർക്കേണ്ടതെന്ന് ഓർക്കണം.
ഇടയ്ക്കിടയ്ക്ക് പരിശോധിക്കണ്ട - മീൻ വെന്തോ എന്ന് ഇടയ്ക്കിടയ്ക്ക് തൊട്ടുനോക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് ഉടൻ നിർത്തണം. അതുപോലെ മീൻ ഇടയ്ക്കിടെ മറിച്ചും തിരിച്ചുമിടുന്നതും അത്ര നല്ലതല്ല. കാരണം, ഇത് മീനിന്റെ ടെക്‌സ്ച്ചർ നശിപ്പിക്കും. ഓരോ വശവും നന്നായി വേകാൻ അനുവദിക്കണം.
അധികമാകണ്ട - മീൻ കഴിച്ചുനോക്കുമ്പോൾ ഭയങ്കര കട്ടി തോന്നാറുണ്ടോ? മീൻ കൂടുതൽ സമയം വേവിച്ചതുകൊണ്ടാണിത്. മീന് അധികസമയം പാനിൽ വച്ചുകൊണ്ടിരിക്കരുത്. വേവ് തീരുമാനിക്കുന്ന കാര്യത്തിൽ ഏത് മീനാണ് തയ്യാറാക്കുന്നത് എന്നത് പ്രധാനമാണെങ്കിലും പൊതുവേ ഒരു അഞ്ച് മുതൽ ഏഴ് മിനിറ്റ് സമയത്തിനിടയിൽ മീൻ വേണ്ടവിധം വെന്ത് കിട്ടാറുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates