വിമാനമിറങ്ങിയപ്പോള്‍ പെട്ടി പോയി, ബാഗിലുണ്ടായിരുന്ന ഷര്‍ട്ടും ജീന്‍സുമൊക്കെ ഇട്ട് കള്ളന്‍!; ഒടുവില്‍ കുടുങ്ങി

By സമകാലികമലയാളം ഡെസ്ക്  |   Published: 31st March 2023 12:39 PM  |  

Last Updated: 31st March 2023 12:39 PM  |   A+A-   |  

airport

പ്രതീകാത്മക ചിത്രം/ പിടിഐ

 


വിമാനയാത്രയില്‍ നഷ്ടപ്പെട്ട പെട്ടി എയര്‍ ടാഗ് ഉപയോഗിച്ച് തെരഞ്ഞ ഉടമ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തന്റെ പെട്ടിയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കള്ളന്‍ ധരിച്ചിരിക്കുന്നതാണ് ഇയാള്‍ കണ്ടെത്തിയത്. ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ പെട്ടി ആണ് നഷ്ടപ്പെട്ടത്. 

ലോസ് ആഞ്ചലസില്‍ നിന്ന് അറ്റലാന്റയിലെ ജോര്‍ജിയയിലേക്ക് യാത്ര ചെയ്ത ജമീല്‍ റെയ്ദ് എന്ന വ്യക്തിക്കാണ് പെട്ടി നഷ്ടമായത്. വിമാനമിറങ്ങി അര മണിക്കൂറോളം കാത്തുനിന്നെങ്കിലും പെട്ടി ലഭിച്ചില്ല. ഇതോടെ ബാഗ് നഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ എയര്‍ ടാഗ് ഉപയോഗിച്ച് തെരയുകയായിരുന്നു ജമീല്‍. എയര്‍ ടാഗ് പരിശോധിച്ചപ്പോള്‍ തന്റെ പെട്ടി അതിനോടകം വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തി എന്നാണ് ജമീല്‍ കണ്ടെത്തിയത്. പൊലീസില്‍ ബന്ധപ്പെടാന്‍ തുടങ്ങിയപ്പോള്‍ പെട്ടി വീണ്ടും വിമാനത്താവളം ഇരിക്കുന്ന ലൊക്കേഷനിലേക്ക് മടങ്ങി വരുന്നത് കണ്ടു. 

"ബാഗ്ഗേജ് എടുക്കണ്ട സ്ഥലത്ത് ഞാന്‍ ഒരു അര മണിക്കൂറോളം നിന്നു, പക്ഷെ എന്റെ പെട്ടി കണ്ടില്ല. അതുകൊണ്ട് ഫോണിലെ എയര്‍ ടാഗ് ഉപയോഗിച്ച് പരിശോധിച്ചു. അപ്പോഴാണ് ബാഗ് ആരോ എടുത്തെന്ന് മനസ്സിലായത്", ജമീല്‍ പറഞ്ഞു. ബാഗ് തിരിച്ചെത്തുന്ന ലൊക്കേഷനിലേക്ക് നടന്നെത്തിയ ജമീല്‍ പക്ഷെ ഞെട്ടി. നെല്‍സണ്‍ എന്ന് പേരുള്ള ഒരാള്‍ ബാഗിലുണ്ടായിരുന്ന തന്റെ ജീന്‍സും ഷര്‍ട്ടുമൊക്കെ ഇട്ട് നില്‍ക്കുന്ന കാഴ്ച്ചയാണ് ജമീല്‍ കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി കള്ളനെ കയ്യോടെ പിടികൂടുകയും ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

50 രൂപ പന്തയം, കണ്ണീരൊലിപ്പിച്ച് കരഞ്ഞു; അടുത്ത ഓസ്‌കർ ഇവൾക്കെന്ന് സോഷ്യൽമീഡിയ- വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ