കണ്ണൂർ: സമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ് മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞു ചിത്രകാരനും മുത്തപ്പൻ വെള്ളാട്ടവും തമ്മിലുള്ള വീഡിയോ. താൻ വരച്ച ചിത്രവുമായി വെള്ളാട്ടം കാണാനെത്തിയ രണ്ടാം ക്ലാസുകാരൻ നവദേവ് ആണ് മുത്തപ്പന്റെ മനം കവർന്നത്.
പുത്തൂർ നാറോത്തും ചാൽ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പൻ വെള്ളാട്ട സമയത്താണ് മനോഹരമായ കൂടിക്കാഴ്ച നടന്നത്. അമ്മൂമ്മ ഓമനയ്ക്കൊപ്പമാണ് നവദേവ് മുത്തപ്പനെ കാണാനെത്തിയത്. താൻ ക്രയോൺകൊണ്ട് വരച്ച മുത്തപ്പന്റെ ചിത്രവും നവദേവ് കയ്യിൽ കരുതിയിരുന്നു. വെള്ളാട്ടം കണ്ടുകൊണ്ടിരിക്കെ താൻ ശരിയായിട്ടാണോ മുത്തപ്പനെ വരച്ചത് എന്ന് അറിയാൻ നവദേവ് ഇടയ്ക്കിടെ ചിത്രം എടുത്ത് നോക്കുന്നത് മുത്തപ്പന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
അനുഗ്രഹം തേടി അടുത്തെത്തിയ നവദേവിനോട് ചിത്രത്തേക്കുറിച്ചാണ് ചോദിച്ചത്. 'നീ അങ്ങനെ മറച്ചുവെച്ചാലും ഞാൻ കാണാതെ പോകുമോ' എന്നായിരുന്നു മുത്തപ്പന്റെ ചോദ്യം. ഫോട്ടോ കണ്ട് മനസ് നിറഞ്ഞ മുത്തപ്പൻ കുട്ടി കലാകാരനെ പ്രശംസിച്ചു. ഇത് കേട്ടതോടെ നവദേവ് കണ്ണീരണിഞ്ഞു. ഇത്രയും മൂല്യമുള്ളതിന് പകരമൊന്നും തരാൻ എന്റെ കൈയിലില്ലെന്ന് പറഞ്ഞ മുത്തപ്പൻ നിറങ്ങൾ വാങ്ങാനായി വരവിൽനിന്ന് പണം നൽകി കുട്ടി കലാകാരനെ അനുഗ്രഹിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ പി വി വിലാസിന്റെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഒ ഷൈമയുടെയും മകനാണ് നവദേവ്. വെള്ളച്ചാലിലെ സനീഷ് പണിക്കരായിരുന്നു കോലധാരി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക