ചുറ്റുമുള്ള കെട്ടിടങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ഒരു പൂവൻ കോഴി തല ഉയർത്തി നിൽക്കുകയാണ്. ഫിലിപ്പീൻസിലെ നെഗ്രോസ് ഓക്സിഡന്റൽ പ്രവിശ്യയിൽ നിന്നാണ് ഈ കൗതുക കാഴ്ച. കോഴിയുടെ ആകൃതിയിൽ 114 അടിയിലധികം ഉയരത്തിൽ നിർമിക്കപ്പെട്ട ഒരു പടുകൂറ്റൻ കെട്ടിടമാണ് ഇത്. വലിപ്പം കൊണ്ട് ഈ റൂസ്റ്റർ ബിൽഡിങ് ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ്.
'പൂവൻകോഴിയുടെ ആകൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം' എന്ന റെക്കോർഡ് ഇതിനോടകം റൂസ്റ്റർ ബിൽഡിങ്ങിന് കിട്ടിക്കഴിഞ്ഞു. 114.7 അടി ഉയരവും 39.9 അടി വീതയും 92.5 അടി നീളവുമുള്ള കെട്ടിടത്തിൽ ആകെ 15 മുറികളാണ് ഉള്ളത്. കാംപ്യൂസ്റ്റോഹൻ ഹൈലാൻഡ് റിസോർട്ടിന്റെ ഭാഗമാണ് ഈ റൂസ്റ്റർ കെട്ടിടം.
റിസോർട്ടിന്റെ ഡയറക്ടറായ റിക്കാർഡോ ടാനിൻ്റെതാണ് കോഴി കെട്ടിടം എന്ന ആശയം. അതിനൊരു പ്രത്യേക കാരണവുമുണ്ട്. നെഗ്രോസ് ഓക്സിഡന്റലിന്റെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് കോഴിപ്പോര്. അതിനാൽ അങ്കക്കോഴിയുടെ ആകൃതിയിലുള്ള ഒരു കെട്ടിടമാണ് ഇവിടെ അനുയോജ്യമെന്ന് അദ്ദേഹം തീരുമാനിച്ചു. 2023 ജൂണിൽ ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണം 14 മാസം കൊണ്ട് പൂർത്തിയായി. സെപ്റ്റംബറിലാണ് കെട്ടിടത്തിന് ഗിന്നസ് റെക്കോർഡ് കിട്ടുന്നത്.
എന്നാൽ പ്രദേശത്ത് അടിക്കടിയുണ്ടാവുന്ന കൊടുങ്കാറ്റിനെയും ചുഴലിക്കാറ്റിനെയും ചെറുക്കാൻ കെട്ടിടത്തിന് കോഴിയുടെ ആകൃതി നൽകുന്നത് തടസമാകുമോ എന്ന ആശങ്ക നിർമാണ സമയത്ത് ഉണ്ടായിരുന്നെങ്കിലും. പ്രതിസന്ധികളെ മറികടന്ന് കോഴികെട്ടിടം വിജയകരമായി കാലുറച്ചു നിന്നു. ഒരു നാടിന്റെ സംസ്കാരം വിളിച്ചു പറയുന്ന കോഴിക്കെട്ടിടം സോഷ്യൽമീഡിയയിലും കൗതുക കാഴ്ചയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക