തെരുവില്‍ ഭക്ഷണത്തിനായി ഭിക്ഷ യാചിച്ച കുട്ടിക്കാലം, ഇന്ന് ഡോക്ടര്‍; ദുരിതക്കയത്തില്‍ നിന്ന് പിടിച്ചുകയറി വിജയിച്ച യുവതിയുടെ വിജയഗാഥ-വിഡിയോ

തെരുവില്‍ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം ഭിക്ഷ യാചിച്ചിരുന്ന കുട്ടിക്കാലത്ത് നിന്ന് ഡോക്ടര്‍ ബിരുദം നേടി ജീവിതത്തില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് പിങ്കി ഹരിയന്‍ എന്ന യുവതി
Pinki Haryan
പിങ്കി ഹരിയന്‍ ലോബ്‌സാങ് ജാംയാങിനൊപ്പംപിടിഐ
Updated on
2 min read

സിംല: തെരുവില്‍ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം ഭിക്ഷ യാചിച്ചിരുന്ന കുട്ടിക്കാലത്ത് നിന്ന് ഡോക്ടര്‍ ബിരുദം നേടി ജീവിതത്തില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് പിങ്കി ഹരിയന്‍ എന്ന യുവതി. ചൈനീസ് മെഡിക്കല്‍ ബിരുദത്തിന് ശേഷം ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയുടെ തയ്യാറെടുപ്പിലാണ് പിങ്കി ഹരിയന്‍.

2004-ല്‍ ടിബറ്റന്‍ സന്യാസിയും ധര്‍മ്മശാല ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്‌സാങ് ജാംയാങ് യാദൃച്ഛികമായി ഹരിയനെ കണ്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. തെരുവില്‍ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം ഭിക്ഷ യാചിക്കുകയും മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഹരിയന്‍ എന്ന കുട്ടിയുടെ ദയനീയ കാഴ്ച ലോബ്‌സാങ് ജാംയാങ്ങിന്റെ മനസിനെ പിടിച്ചുകുലുക്കി. ദിവസങ്ങള്‍ക്ക് ശേഷം, ചരണ്‍ ഖുദിലെ ചേരിയിലെത്തി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ ലോബ്‌സാങ് ഹരിയനെ പഠിക്കാന്‍ വിടണമെന്ന് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമത്തിന് ഒടുവില്‍ പഠിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകളെ പഠിക്കാന്‍ വിടാന്‍ സമ്മതിക്കുകയായിരുന്നു.

ധര്‍മ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്‌കൂളില്‍ ഹരിയന്‍ പ്രവേശനം നേടി. 2004 ല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ കുട്ടികള്‍ക്കായി സ്ഥാപിച്ച ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു യുവതി. തുടക്കത്തില്‍ വീടും മാതാപിതാക്കളും വിട്ട് പിരിഞ്ഞു കഴിയേണ്ടി വന്നെങ്കിലും ഹരിയന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒടുവില്‍ ഇത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ടിക്കറ്റാണെന്ന് തിരിച്ചറിഞ്ഞതാണ് ഹരിയന്റെ ജീവിതം മാറ്റിമറിച്ചത്.

തുടര്‍ന്ന് പുറത്തുവന്ന പരീക്ഷാഫലങ്ങള്‍ അവളുടെ സമര്‍പ്പണത്തിന്റെ തെളിവായി. സീനിയര്‍ സെക്കന്ററി പരീക്ഷ പാസായ ഹരിയന്‍ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റും പാസായി. എന്നാല്‍ അമിത ഫീസ് കാരണം സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വാതിലുകള്‍ അവള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നു. യുകെയിലെ ടോങ്-ലെന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ, 2018 ല്‍ ചൈനയിലെ ഒരു പ്രശസ്ത മെഡിക്കല്‍ കോളേജില്‍ ഹരിയന്‍ പ്രവേശനം നേടി. എംബിബിഎസ് കോഴ്സ് പൂര്‍ത്തിയാക്കി അടുത്തിടെയാണ് യുവതി ധര്‍മ്മശാലയില്‍ തിരിച്ചെത്തിയതെന്ന് ലോബ്‌സാങ്ങുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, എന്‍ജിഒ ഉമാങ് ഫൗണ്ടേഷന്റെ പ്രസിഡന്റ് അജയ് ശ്രീവാസ്തവ പറഞ്ഞു.

20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, ദരിദ്രരെ സേവിക്കാനും അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാനും ശ്രമിക്കുന്ന ഒരു യോഗ്യതയുള്ള ഡോക്ടറായി ഹരിയന്‍ മാറിയതായും ശ്രീവാസ്തവ പറഞ്ഞു.'കുട്ടിക്കാലം മുതല്‍ ദാരിദ്ര്യം അനുഭവിച്ചാണ് ജീവിച്ചത്. എന്റെ കുടുംബം ദുരിതത്തില്‍ കഴിഞ്ഞിരുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ട്. സ്‌കൂളില്‍ എത്തിയപ്പോള്‍ ജീവിതത്തില്‍ വിജയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായി,' -ഹരിയന്‍ പിടിഐയോട് പറഞ്ഞു.

'കുട്ടിക്കാലത്ത്, ഞാന്‍ ഒരു ചേരിയിലാണ് താമസിച്ചിരുന്നത്, അതിനാല്‍ എന്റെ പശ്ചാത്തലമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം. മെച്ചപ്പെട്ടതും സാമ്പത്തിക സ്ഥിരതയുള്ളതുമായ ഒരു ജീവിതം ഞാന്‍ ആഗ്രഹിച്ചു,'- അവര്‍ കൂട്ടിച്ചേര്‍ത്തു. നാല് വയസ്സുള്ളപ്പോള്‍ സ്‌കൂള്‍ അഡ്മിഷന്‍ ഇന്റര്‍വ്യൂ സമയത്ത് ഡോക്ടറാകാനുള്ള ആഗ്രഹം താന്‍ പ്രകടിപ്പിച്ച കാര്യം ഹരിയന്‍ അനുസ്മരിച്ചു.

'ആ സമയത്ത്, ഒരു ഡോക്ടര്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷേ എന്റെ സമൂഹത്തെ സഹായിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു,'- ഹരിയന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത നേടുന്നതിന് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയ്ക്ക് (എഫ്എംജിഇ) തയ്യാറെടുക്കുകയാണ് ഹരിയന്‍.

ഹരിയനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സഹോദരനും സഹോദരിയും സ്‌കൂളില്‍ ചേര്‍ന്ന് പഠിത്തം ആരംഭിച്ചു. നിരാലംബരും ദരിദ്രരുമായ കുട്ടികളെ സഹായിക്കാന്‍ സന്മനസ് കാണിച്ച ലോബ്‌സാങ്ങിനോട് ഹരിയന്‍ നന്ദി പ്രകടിപ്പിച്ചു.

നിരാലംബരായ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവരെ മാന്യമായ ജീവിതത്തിലേക്ക് കൈപ്പിടിച്ച് ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താന്‍ ട്രസ്റ്റ് സ്ഥാപിച്ചതെന്ന് ലോബ്‌സാങ് ജാംയാങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com