

കൊല്ലത്ത് ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിക്കിടെ പുഷ്പനെ അറിയാമോ എന്നതടക്കം സിപിഎമ്മിന്റെ പ്രചാരണ ഗാനങ്ങളും വിപ്ലവ ഗാനങ്ങളും പാടിയത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ക്ഷേത്രം രാഷ്ട്രീയ പരിപാടിയുടെ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഉത്സവം കൂടാനാണ് ക്ഷേത്രത്തില്‍ ഭക്തര്‍ എത്തുന്നത്. അല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കല്ല ക്ഷേത്ര പരിസരമെന്ന് പറഞ്ഞ് ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ ആസ്വാദകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വ്യത്യസ്ത പാട്ടുകള്‍ അവതരിപ്പിച്ചതെന്നാണ് ക്ഷേത്രോപദേശക സമിതിയുടെ വിശദീകരണം.
ഇതിന് പിന്നാലെ, വിവാദങ്ങള്‍ക്കും വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയ വിപ്ലവ ഗാനാലാപനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രത്തെ കുറിച്ച് അറിയാനുള്ള ജിജ്ഞാസയും ആളുകളില്‍ വര്‍ധിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രത്യേകതകളെ കുറിച്ചും മറ്റും അറിയാനാണ് ഒരുവിഭാഗത്തിന്റെ താത്പര്യം. ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അതുല്യമായ പുരാണങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പേരുകേട്ട ക്ഷേത്രമാണിതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ ക്ഷേത്രം, കൊല്ലത്തെ ആദ്യത്തെ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണെന്ന് വിശ്വാസം.
കടയ്ക്കല്‍ ദേവി ക്ഷേത്രം:
കേരളത്തിലെ മുന്‍നിര ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രം. പുലര്‍ച്ചെ 4.30 ന് പള്ളിയുണര്‍ത്തല്‍ (ദേവിയെ ഉണര്‍ത്തല്‍) മുതല്‍ രാത്രി 8.25 ന് നട ആട്ടം വരെ എല്ലാ ദിവസവും 18 പൂജകളാണ് ഇവിടെ നടക്കുന്നത്. ദേവിയെ (കടയ്ക്കലമ്മ) ആരാധിക്കുകയും ആചാരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നയാള്‍ തിന്മയില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും അവരുടെ ജീവിതം സമൃദ്ധിയും സമ്പത്തും കൊണ്ട് നിറയുകയും ചെയ്യുമെന്നാണ് വിശ്വാസം.
ക്ഷേത്രക്കുളത്തില്‍ നിന്ന് (കടയ്ക്കല്‍ ചിറ) മൂന്ന് ദിശകളിലായി തുല്യ അകലത്തില്‍ നാല് പ്രധാന ക്ഷേത്രങ്ങളുണ്ട്: ദേവി ക്ഷേത്രം, ശിവക്ഷേത്രം, തളിയില്‍ ക്ഷേത്രം, കിളിമരത്തുകാവ് ക്ഷേത്രം. കടയ്ക്കല്‍ ദേവി ക്ഷേത്രത്തിന്റെ പ്രത്യേകത, ഒരു വിഗ്രഹം ഇല്ല എന്നതാണ്. ക്ഷേത്രോത്സവ സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ 'ദേവിയെ' ആരാധിക്കാന്‍ കടയ്ക്കലില്‍ വരുന്നു.
ഐതിഹ്യം
പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താന്‍ കുടിയ്ക്കാന്‍ ഇളനീര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കല്‍ എത്തുകയും അവിടേ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. ഇവര്‍ രണ്ടും പ്രപഞ്ചനാഥയായ ആദിപരാശക്തിയുടെ ഭാവങ്ങളായി സങ്കല്പിച്ചു വരുന്നു. സ്വയംഭൂവായ കടയ്ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം. ഭദ്രകാളിയുടെ മുടിപ്പുര സമ്പ്രദായത്തിലുള്ള ഒരു ക്ഷേത്രമാണിത്. കടയ്ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയില്‍ ക്ഷേത്രം എന്നിവ കടയ്ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു.
കടയ്ക്കല്‍ ഭഗവതി ക്ഷേത്തിലെ പൂജാരികള്‍ ബ്രാഹ്മണരല്ല. നെട്ടൂര്‍ കുറുപ്പന്മാരാണ് പൂജകള്‍ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തില്‍ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാധിച്ചു വരുന്നത്. ഭക്തജനങ്ങള്‍ നേര്‍ച്ചയായി നല്‍കിയിട്ടുള്ളവയുമുണ്ട്. പന്ത്രണ്ടു വര്‍ത്തിലൊരിക്കല്‍ കടയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയില്‍ എത്തിക്കുന്ന ഉത്സവമാണ് 'മുടിയെഴുന്നള്ളത്ത്'. ജ്യേഷ്ഠത്തി കടയ്ക്കല്‍ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചല്‍ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളില്‍ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു.
പ്രതിഷ്ഠ
വിഗ്രഹ പ്രതിഷ്ഠയില്ല. ജഗദീശ്വരിയും ആദിപരാശക്തിയുമായ ഭദ്രകാളിയാണ് കടയ്ക്കലമ്മ. ഉഗ്ര ഭാവത്തിലുള്ള സങ്കല്പം. സ്വയംഭൂവായ കടയ്ക്കല്‍ ഭഗവതിയെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ ആരാധിക്കാറുള്ളു എന്നാണ് വിശ്വാസം. മുടിപ്പുര സമ്പ്രദായത്തിലുള്ള ക്ഷേത്രമാണിത്.
കടയ്ക്കല്‍ ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍:
അബ്രാമണരാണ് പൂജാരികള്‍ എന്നത് കടയ്ക്കല്‍ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ഭഗവതിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂര്‍ കുറുപ്പിന്റെ പിന്‍തലമുറക്കാരാണ് ശാന്തിക്കാര്‍. വിഗ്രഹ പ്രതിഷ്ഠയില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു
ഉത്സവം
കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. ദാരിക വധത്തിന് പുറപ്പെട്ട ഭദ്രകാളിയുടെ ഭടന്മാരാണ് കുത്തിയോട്ട ബാലന്മാർ എന്നാണ് വിശ്വാസം. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീകള്‍ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും പാട്ടും ഉത്സവാഘോഷത്തിൽ പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates