
കൊച്ചി: മറൈന്‍ ഡ്രൈവിനെ പുല്ലാങ്കുഴലിന്റെ ശബ്ദത്താല്‍ സുന്ദരമാക്കിയിരുന്ന പ്രകാശന്‍ ചേട്ടന് ഇനി പുതിയ നിയോഗം. വര്‍ഷങ്ങളായി മറൈന്‍ ഡ്രൈവില്‍ പുല്ലാങ്കുഴല്‍ വില്‍പനയും വായനയുമായി കഴിഞ്ഞിരുന്ന കേച്ചേരി സ്വദേശി പ്രകാശന്‍ ഇനി കൊച്ചിയിലെ ആഡംബര ഹോട്ടലായ ലെ മെറിഡിയന്റെ ഭാഗമാകും.
പ്രശസ്ത പാചക വിദഗ്ധന്‍ ഷെഫ് പിള്ളയുടെ സ്ഥാപനമായ റെസ്റ്റോറന്റ് ഷെഫ് പിള്ളയില്‍ ആണ് പ്രകാശന് സ്ഥിരം വേദി ലഭിക്കുക. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഷെഫ് പിള്ള തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ പ്രണയദിനം മുതല്‍ കൊച്ചി ലെ-മെറിഡിയനിലെ ആര്‍സിപിയിലെ അതിഥികളെ സന്തോഷിപ്പിക്കാനായി പ്രകാശന്‍ മാസ്റ്ററുടെ പുല്ലാങ്കുഴല്‍ വാദ്യവും ഉണ്ടാകുമെന്നാണ് ഷെഫ് പിള്ളയുടെ കുറിപ്പ്.
ഷെഫ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം-
തെരുവോരത്ത് മധുരമായി ഓടക്കുഴൽ വായിച്ചിരുന്ന പ്രകാശേട്ടനെ പറ്റി അഡ്വ ഹരീഷിന്റെ Harish Vasudevan Sreedevi പോസ്റ്റിൽ നിന്നാണ് ഞാൻ അറിയുന്നത്. ദൈവം അനുഗ്രഹിച്ച കലാകാരൻ. ആ ഹൃദ്യമായ പുല്ലാങ്കുഴൽ നാദം കൊണ്ട് RCP യുടെ ഇടം ധന്യമാക്കണമെന്ന ആഗ്രഹം ഞാൻ പറഞ്ഞപ്പോൾ പ്രകാശേട്ടൻ സന്തോഷത്തോടെ സ്വീകരിച്ചു.
പ്രകാശേട്ടനും അദ്ദേഹത്തിന്റെ സംഗീതവും ഇനി RCP യുടെ സ്വന്തം !!
ഈ പ്രണയ ദിനം മുതൽ കൊച്ചി ലെ-മെറിഡിയനിലെ RCP യിലെ അതിഥികളെ സന്തോഷിപ്പിക്കാനായി പ്രകാശൻ മാസ്റ്ററുടെ പുല്ലാങ്കുഴൽ വാദ്യവും!!
മറൈന്‍ ഡ്രൈവിന്റെ സായാഹ്നങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കേച്ചേരിക്കാരനായ പ്രകാശന്‍ മാസ്റ്റര്‍. വില്‍പനയ്ക്ക് ഒപ്പം മനോഹരമായി ഓടക്കുഴല്‍ വായിക്കുകയും ചെയ്യുമായിരുന്നു പ്രകാശന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക