
കാസര്‍കോട്: 25 വര്‍ഷം മുന്‍പ് മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ കാസര്‍കോട് സ്വദേശിയായ വിനു വേലാശ്വരത്തിന് ബോധോദയം ഉണ്ടായി. തന്റെ ജീവിതം കുടിച്ചുതീര്‍ക്കാനുള്ളതല്ല. തന്റെ ഉള്ളിലെ 'അക്ഷരലോകം' തിരിച്ചറിഞ്ഞ വിനു വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. ആല്‍ക്കഹോളില്‍ നിന്ന് വായനയുടെ ലഹരിയിലേക്ക് നീങ്ങിയ വിനുവിന്റെ അതിജീവന കഥ ഏതൊരാള്‍ക്കും പ്രചോദനമാണ്.
കഴിഞ്ഞ 25 വര്‍ഷം മദ്യം കൈ കൊണ്ട് പോലും തൊട്ടിട്ടില്ല വിനു. കവിതയാണ് ഇന്ന് 45കാരനായ വിനുവിന്റെ ലഹരി. കവിതയോടുള്ള പ്രേമത്തിന്റെ ആവിഷ്‌കാരമായി വിനു എഴുതിയ വെയില്‍ രൂപങ്ങള്‍ വിനു എന്ന എഴുത്തുകാരനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായകമായി. 40 കവിതകളുടെ സമാഹാരമാണ് വെയില്‍ രൂപങ്ങള്‍.
കാസര്‍കോട് അജന്നൂര്‍ പഞ്ചായത്തിലെ വേലാശ്വരമാണ് വിനുവിന്റെ നാട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിര്‍ണായക ഘട്ടത്തിലാണ് വിനുവിന്റെ ജീവിതം മാറിമറിഞ്ഞത്. 25 വര്‍ഷം മുന്‍പ് മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ താന്‍ ഒരിക്കലും കരുതിയിരുന്നില്ല താന്‍ ഭാവിയില്‍ ഒരു എഴുത്തുകാരന്‍ ആയി മാറുമെന്ന്. അമിത മദ്യപാനമാണ് വിനുവിനെ ആശുപത്രി കിടക്കയില്‍ എത്തിച്ചത്. ഈസമയത്ത് തനിക്ക് ഉണ്ടായ ബോധോദയമാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായകമായത്. കുടിച്ചുതീര്‍ക്കാനുള്ളതല്ല തന്റെ ജീവിതം. തന്റെ ഉള്ളിലെ എഴുത്തുകാരനെ കണ്ടെത്തിയപ്പോഴാണ് ജീവിതത്തിലേക്ക് തിരികെ വരണമെന്ന ആഗ്രഹം കലശലായത്. തുടര്‍ന്ന് വായനയോടും എഴുത്തിനോടും ആര്‍ത്തിയായിരുന്നു.
മദ്യപാനത്തെ തുടര്‍ന്ന് തനിക്ക് നഷ്ടമായ വര്‍ഷങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വിനുവിന് ഇപ്പോഴും നിരാശയാണ്. ജോലി കഴിഞ്ഞ് ഒരു രസത്തിന് മദ്യപാനം ശീലമാക്കി തുടങ്ങിയാല്‍ കാലാന്തരത്തില്‍ മദ്യത്തിന് അടിമയാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് താന്‍ എന്നും വിനു സമ്മതിക്കുന്നു. അന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. ആരും തന്നെ കാണാന്‍ വന്നിരുന്നില്ല. ആല്‍ക്കഹോളിന്റെ പ്രത്യാഘാതം അന്നാണ് താന്‍ തിരിച്ചറിഞ്ഞത്.
മരണത്തെ കുറിച്ച് നിരന്തരമുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കാഞ്ഞങ്ങാട് സ്വദേശി ഹരിയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. നന്മമരം കാഞങ്ങാട് എന്ന സന്നദ്ധ സംഘടനയുമായി തന്നെ അടുപ്പിക്കുന്നതില്‍ ഇത് നിര്‍ണായകമായി. നന്മമരത്തിലെ അംഗങ്ങള്‍ തന്നെ ആശുപത്രിയില്‍ വന്നു കണ്ടു. അവരുടെ പിന്തുണ ആല്‍ക്കഹോളിന്റെ ഇരുണ്ട ലോകത്ത് നിന്ന് എഴുത്തിന്റെ വെളിച്ചത്തിലേക്ക് തന്നെ നയിച്ചതായും വിനു ഓര്‍ത്തെടുത്തു.അവര്‍ വീട്ടില്‍ വരുമ്പോള്‍ പുസ്തകങ്ങളുമായാണ് വന്നിരുന്നത്. ഇത് വായിക്കാനുള്ള തന്റെ ആഗ്രഹത്തെ ഇരട്ടിയാക്കി. ഇത് തന്റെ രണ്ടാം ജന്മമാണെന്നും വിനു കരുതുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക