
ന്യൂഡല്‍ഹി: വാനനിരീക്ഷകര്‍ക്ക് കണ്ണിന് വിരുന്നൊരുക്കി ആറു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നു. ആകാശത്ത് ഇന്ന് കാണാന്‍ പോകുന്ന ഈ വിസ്മയത്തെ ഗ്രഹ വിന്യാസം എന്നാണ് വിളിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലെ ഗ്രഹങ്ങളുടെ ഒത്തുചേരലിന് പിന്നാലെ ശനിയും ശുക്രനും അടുത്തടുത്താണ്. ഇതിന് പുറമേയാണ് ആറു ഗ്രഹങ്ങള്‍ ഏകദേശം നേര്‍രേഖയില്‍ വരുന്ന അപൂര്‍വ്വ കാഴ്ച. ഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നേര്‍രേഖയില്‍ വരുന്നില്ലെങ്കിലും, ആകാശത്തിന്റെ ഒരു ഭാഗത്ത് ഗ്രഹങ്ങള്‍ ഒരുമിച്ച് കാണുന്നത് ഒരു അത്ഭുത കാഴ്ചയായിരിക്കും.
ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നിവയാണ് ഗ്രഹ വിന്യാസം തീര്‍ക്കുന്നത്. ഇവ നേര്‍രേഖയില്‍ അടുത്തടുത്ത് ആണെന്ന് തോന്നാമെങ്കിലും ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലം കൊണ്ട് ഇവ ഓരോന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.
ഭ്രമണപഥത്തിലെ ഭൂമിയുടെ സ്ഥാനം മൂലമാണ് ഈ വിന്യാസം. ജനുവരിയില്‍ ചൊവ്വ 'എതിര്‍വശത്ത്' എത്തിയതായി നാസ അറിയിച്ചു. അതായത് സൂര്യനില്‍ നിന്ന് ഭൂമിയുടെ എതിര്‍വശത്തായി നേര്‍രേഖ തീര്‍ത്താണ് ചൊവ്വ ദൃശ്യമാകുന്നത്.
ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയമാണിത്. ഏറ്റവും വലുതും തിളക്കമുള്ളതുമായി ചൊവ്വ ദൃശ്യമാകുന്ന സമയമാണിത്.
എപ്പോഴാണ് വിന്യാസം ദൃശ്യമാകുക?
ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് ഏകദേശം 45 മിനിറ്റിനുശേഷം മൂന്ന് മണിക്കൂര്‍ നേരം ഗ്രഹങ്ങളുടെ വിന്യാസം ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കും. പടിഞ്ഞാറന്‍ ചക്രവാളത്തിന് താഴെ ശുക്രനും ശനിയും അസ്തമിക്കുന്നത് വരെയുള്ള സമയമാണ് ഇത് കാണാന്‍ അനുയോജ്യമായ സമയം. ഇരുട്ടിക്കഴിഞ്ഞാല്‍, ഈ മാസം മുഴുവന്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശുക്രനെയും ശനിയെയും കാണാന്‍ കഴിയും. വ്യാഴം ആകാശത്ത് തിളങ്ങുന്നതായും കിഴക്ക് ചൊവ്വ ഉദിക്കുന്നതായുമുള്ള ദൃശൃങ്ങള്‍ വിസ്മയം ജനിപ്പിക്കുമെന്നും നാസ പറയുന്നു.
ഇന്ത്യയില്‍ വിന്യാസം എപ്പോള്‍ ദൃശ്യമാകും?
മേഘാവൃതത്തെയും കാലാവസ്ഥയെയും ആശ്രയിച്ച് ഇന്ത്യയിലുടനീളം അപൂര്‍വമായ ഈ വിന്യാസം ദൃശ്യമാകും. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളില്‍ നിന്നും അപൂര്‍വമായ ഗ്രഹ വിന്യാസം കാണാന്‍ കഴിയും. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നി നാല് ഗ്രഹങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും നെപ്റ്റിയൂണും യുറാനസും വളരെ മങ്ങിയതിനാല്‍ അവയെ കാണാന്‍ ഒരു ദൂരദര്‍ശിനി വേണ്ടി വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക