
ലഖ്‌നൗ: വളര്‍ത്തുമൃഗങ്ങള്‍ ചിലര്‍ക്ക് സ്വന്തം ജീവനെക്കാള്‍ വലുതാണ്. അവയ്ക്ക് എന്തെങ്കിലും ചെറിയ പരിക്ക് പറ്റിയാല്‍ പോലും സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ അവയുടെ വിയോഗം കൂടി ഉണ്ടായാലോ. ഉത്തര്‍പ്രദേശിലെ അമ്രോഹയിലെ പൂജ എന്ന പെണ്‍കുട്ടിയുടെ തീരുമാനം കുറച്ചു കടന്ന കൈ ആയിപ്പോയി. തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ചത്തതിന്റെ വിഷമത്തില്‍ പൂജ ജീവനൊടുക്കി.
പൂച്ചക്കുട്ടി ചത്ത് മൂന്ന് ദിവസം 32 കാരിയായ പൂജ അതിനേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങി. വീണ്ടും ജീവന്‍ കിട്ടുമെന്നായിരുന്നു അവളുടെ പ്രതീക്ഷ. എന്നാല്‍ മൂന്നാമത്തെ ദിവസവും തന്റെ പൂച്ചക്കുട്ടിക്ക് ജീവനില്ലെന്ന് കണ്ടതോടെയാണ് പൂജ ആത്മഹത്യ ചെയ്തത്.
എട്ട് വര്‍ഷം മുമ്പ് പൂജയുടെ വിവാഹം കഴിഞ്ഞെങ്കിലും അവള്‍ വിവാഹ മോചിതയായിരുന്നു. രണ്ട് വര്‍ഷം മാത്രമാണ് അവള്‍ ഭര്‍ത്താവിനൊപ്പം ഒന്നിച്ചു കഴിഞ്ഞത്. അന്നു മുതല്‍ അമ്മ ഗജ്ര ദേവിയോടൊപ്പം മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചത്.
ഏകാന്തതയെ നേരിടാനാണ് പൂജ പൂച്ചയെ ദത്തെടുത്തത്. പൂച്ചയെ കുഴിച്ചിടാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും പൂജ വഴങ്ങിയില്ല. പൂച്ചയെ കെട്ടിപ്പിടിച്ചു കിടന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീടിന്റെ മൂന്നാം നിലയിലെത്തിയപ്പോള്‍ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ പൂജയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ചത്ത പൂച്ചയും കിടക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക