

ആലപ്പുഴ: കേരളത്തിലെ വള്ളംകളി ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം കൂടി അവസാനിച്ചു. വള്ളം കളിയുടെ രാജ്ഞി എന്നറിയപ്പെടുന്ന മോളി ജോണിന് (86) വിട നല്‍കി കുട്ടനാട്. വള്ളംകളി പാട്ടിന്റെ അകമ്പടിയോടെയാണ് എടത്വ പാണ്ടന്‍കരി മാലിയിൽ പുളിക്കത്തറ കുടുംബാംഗമായ മോളി ജോണിന് കുട്ടനാട്ടുകാര്‍ യാത്രാ മൊഴി നല്‍കിയത്. പരേതനായ ബാബു പുളിക്കത്തറയുടെ ഭാര്യയായ മോളി ജോണ്‍ ഫെബ്രുവരി 25 ന് ആണ് അന്തരിച്ചത്. മാര്‍ച്ച് ഒന്നിന് തലവടി സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ചില്‍ മോളി ജോണിന്റെ സംസ്‌കാരം നടന്നു.
ഷോട്ട് പുളിക്കത്തറ എന്ന പേരില്‍ വള്ളം കളികളില്‍ പ്രസിദ്ധമായ വെപ്പ് A ഗ്രേഡ് വള്ളത്തിന്റെ ഉടമസ്ഥരായ മലയില്‍ പുളിക്കത്തറ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ മോളിക്ക് അര്‍ഹിച്ച യാത്രയയപ്പായിരുന്നു നാട്ടുകാര്‍ നല്‍കിയത്. 'ഷോട്ട് പുളിക്കത്തറ'യുടെ ആദരമായി മൃതദേഹത്തില്‍ മഞ്ഞ ജേഴ്സിയും തുഴയും സമര്‍പ്പിച്ച നാട്ടുകാര്‍ വള്ളംകളി പാട്ട് ആലപിച്ചായിരുന്നു സംസ്‌കാര ചടങ്ങിന്റെ ഭാഗമായത്. മോളി ജോണിന്റെ മൃതദേഹത്തിന് സമീപം നിന്ന് വള്ളംകളി പാട്ട് പാടുന്ന നാട്ടുകാരുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
മോളിയുടെ ഭര്‍ത്താവും കാര്‍ഷിക ഇന്‍സ്‌പെക്ടറുമായിരുന്ന ബാബു പുളിക്കത്തറയണ് 1926-ല്‍ പുളിക്കത്തറ വള്ളം പുറത്തിറക്കിയത്. ഓരോ മത്സരത്തിനും മുമ്പ്, ആചാരപരമായ പ്രാര്‍ത്ഥനയോടെ തുഴച്ചില്‍ക്കാര്‍ക്ക് ആദ്യ തുഴ കൈമാറിയിരുന്നത് മോളി ജോണായിരുന്നു. മോളി ജോണിന്റെ മരണത്തോടെ ഒരു യുഗം കൂടിയാണ് അവസാനിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മോളി ജോണ്‍ വള്ളംകളി പ്രേമികളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബിഷപ്പ് തോമസ് കെ ഉമ്മന്‍, ഇടവക വികാരികള്‍, മറ്റ് വൈദികര്‍ എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു. മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവേദോഷ്യസ്, ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
തിരുവല്ലയിലെ കോവൂര്‍ കുടുംബാംഗമായിരുന്ന മോളി ജോണ്‍ പരേതരായ കെ എ നൈനാന്‍, അന്നമ്മ നൈനാന്‍ എന്നിവരുടെ മകളാണ്. പ്രശസ്ത പരിഷ്‌കരണവാദിയായ പുരോഹിതന്‍ ഐപ്പ് തോമ കത്തനാരുടെ ചെറുമകമാണ്.
വള്ളംകളി മേഖലയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി സഹകരിച്ചുവരുന്ന പുളിക്കത്തറ കുടുംബം യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. 1960-ല്‍ ബാബു പുളിക്കത്ര തുടക്കം കുറിച്ച ഷോട്ട് പുളിക്കത്ര ചുണ്ടൻ നെഹ്റു ട്രോഫി വള്ളംകളിയില്‍ 36 വിജയങ്ങള്‍ നേടിയിട്ടുണ്ട്. കുടുംബത്തിന്റെ ആദ്യത്തെ ബോട്ടായ പുളിക്കത്തറ, 1952-ലെ നെഹ്റു ട്രോഫി ബോട്ട് റേസില്‍ 4.4 മിനിറ്റിനുള്ളില്‍ 1500 മീറ്റര്‍ പിന്നിട്ട് ചരിത്രം കുറിക്കുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates