
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വനാമൃതം പദ്ധതി വിജയമാകുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷനില്‍ ഒരു ചെറിയ പൈലറ്റ് പദ്ധതിയായി ആരംഭിച്ച പദ്ധതി വളരെ പെട്ടെന്ന് വിജയകരമായി വളര്‍ന്നുവെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
2022ല്‍ വനം വകുപ്പ് ആണ് വനാമൃതം പദ്ധതി ആരംഭിച്ചത്. ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ പൂര്‍വ്വിക ഭൂമി പരിപാലിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സഹായിക്കുന്നതിനൊപ്പം ഒരു പുതിയ വരുമാന മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. തലമുറകളായി ആദിവാസി ജീവിതത്തിന്റെ ഭാഗമായിരുന്ന ഔഷധ സസ്യങ്ങളുടെ ശേഖരണത്തിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍, പദ്ധതിയുടെ ഭാഗമായി 57.74 ലക്ഷം രൂപയാണ് സമ്പാദിച്ചത്. 64,320 കിലോഗ്രാം വനവിഭവങ്ങള്‍ ശേഖരിച്ചതായും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കുറുന്തോട്ടി, മൂവില, ചുണ്ട, കരിങ്കുറുഞ്ഞി തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ആദിവാസി കുടുംബങ്ങള്‍ വനങ്ങളില്‍ നിന്ന് ശേഖരിക്കുകയും വനം വകുപ്പിന്റെ സഹായത്തോടെ ആയുര്‍വേദ ഔഷധ നിര്‍മ്മാണ ഗ്രൂപ്പുകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഈ സ്ഥിരമായ വരുമാന സ്രോതസ്സ് അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പ് നല്‍കുന്നുവെന്നും അബ്ദുള്‍ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
'ദാരിദ്ര്യവും സാമ്പത്തിക അവസരങ്ങളുടെ അഭാവവും നേരിടുന്ന ഈ സമൂഹങ്ങള്‍ക്ക് ഈ പദ്ധതി ഒരു വഴിത്തിരിവായി. ഇത് അവര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗം നല്‍കുന്നു. ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. വനവുമായി യോജിച്ച് ജീവിക്കാന്‍ അവരെ സഹായിക്കുന്നു,'- ലത്തീഫ് പറഞ്ഞു.
ആദിവാസി കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനാണ് പണം ഉപയോഗിക്കുന്നത്. കൂടാതെ വനം സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തിനും ഇത് സഹായിക്കുന്നു. അട്ടപ്പാടിയിലെ ആറ് ആദിവാസി വനസംരക്ഷണ സമിതികളാണ് വിഭവങ്ങള്‍ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.
അതേസമയം, പദ്ധതിയുടെ സ്വാധീനം സാമ്പത്തിക രംഗത്ത് മാത്രമല്ല. വനവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത് ആദിവാസി ജനതയെ ശാക്തീകരിക്കുന്നു. ഇത്തരം പ്രവര്‍ത്തനത്തിലൂടെ, വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിപണനം ചെയ്യുന്നതിലും സംരംഭകത്വം നടത്തുന്നതിലും അവര്‍ കഴിവ് നേടി. ഇടനിലക്കാരെ ഒഴിവാക്കി ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്ന ഗോത്രങ്ങള്‍ക്ക് വിപണി വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ, വന വികസന ഏജന്‍സി (എഫ്ഡിഎ) ആദിവാസി സമൂഹങ്ങളുടെ ക്ഷേമത്തിനായി 9.95 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്, ഇത് ആദിവാസി കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഈ മേഖലയില്‍ 12 സജീവ വനസംരക്ഷണ സമിതികളുണ്ട്. കൂടുതല്‍ വിപുലീകരണത്തിനുള്ള പദ്ധതികള്‍ നിലവിലുണ്ട്. ശേഖരിക്കുന്ന വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മുക്കാലിയിലും ആനമൂളിയിലും സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദ് വിഭാവനം ചെയ്ത ഈ പദ്ധതി മറ്റ് വന ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആദിവാസി സമൂഹങ്ങള്‍ക്ക് സ്ഥിരമായ വിപണി ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും വകുപ്പ് പദ്ധതിയിടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക