
കോഴിക്കോട്: വര്‍ണ്ണപൊലിമയും ഭക്തിയും താളമേളങ്ങളും സമ്മേളിക്കുന്ന കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ മനംമയങ്ങി ഒരുകൂട്ടം ഫ്രഞ്ച് വിനോദസഞ്ചാരികള്‍. 11 അംഗ ടൂറിസ്റ്റ് സംഘമാണ് മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ കാണാനായി എത്തിയത്. വര്‍ണ്ണത്തിന്റെയും താളത്തിന്റെയും ഭക്തിയുടെയും അകമ്പടിയില്‍ പുരാതന പാരമ്പര്യം സജീവമാക്കുന്ന ഉത്സവം അതീവ ആകര്‍ഷകമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
ഗംഭീരമായ താലപ്പൊലി ഘോഷയാത്രകള്‍ മുതല്‍ ചെണ്ടമേളം വരെ, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ജീവസ്സുറ്റ അനുഭവമായി. ഈ ഊര്‍ജ്ജവും ഗാംഭീര്യവുമെല്ലാം മാത്രികത പോലെയാണ് തോന്നിയതെന്നും വിനോദസഞ്ചാരികള്‍ അഭിപ്രായപ്പെട്ടു. 'ഇതുപോലൊന്ന് ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല' എന്ന് സംഘത്തില്‍പ്പെട്ട ക്രിസ്റ്റ്യന്‍ ഡാല്‍പെച്ച് പറഞ്ഞു.
കഴിഞ്ഞ ദിവസം, ഞങ്ങള്‍ കോഴിക്കോട് ഒളവണ്ണയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, പരമ്പരാഗത വസ്ത്രം ധരിച്ച്, താലപ്പൊലിയുമായി പോകുന്ന സ്ത്രീകളെ കണ്ടു. വിശ്വാസവും ആഘോഷവും കൂടിച്ചേരുന്ന വ്യത്യസ്തമായ ഒരു ലോകത്തേക്ക് കാലെടുത്തു വച്ചതുപോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.' അവര്‍ കൂട്ടിച്ചേര്‍ത്തു.
11 അംഗ ടൂറിസ്റ്റ് സംഘത്തിലെ 10 പേര്‍ ആദ്യമായിട്ടാണ് കേരളം സന്ദര്‍ശിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘത്തിലെ ഒരാളുടെ സന്ദര്‍ശനമാണ് കേരളത്തിലേക്കുള്ള ഇവരുടെ യാത്രയ്ക്ക് വഴിമരുന്നിട്ടത്. 'മുമ്പ് ഒരു ഉത്സവകാലത്ത് ഞാന്‍ ഇവിടെ എത്തിയിരുന്നു. ആ അനുഭവം അതിശയിപ്പിക്കുന്നതായിരുന്നു. ആത് സുഹൃത്തുക്കളുമായി പങ്കുവെച്ചു. അതില്‍ ആകൃഷ്ടരായിട്ടാണ് ഈ യാത്ര ആസൂത്രണം ചെയ്തത്. ഇനി തെയ്യം ഉത്സവം കാണാന്‍ ഞങ്ങള്‍ കണ്ണൂരിലേക്ക് പോകുകയാണ്' എന്നും സംഘത്തില്‍പ്പെട്ട കാത്തി ലോഹോട്ട് പറഞ്ഞു.
'എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കേരളത്തിന്റെ ചിത്രങ്ങള്‍ കണ്ടതിനു ശേഷമാണ് അവര്‍ സമീപിച്ചതെന്ന്' യാത്ര സംഘടിപ്പിച്ച ദി വോയേജിന്റെ കോര്‍ഡിനേറ്റര്‍ സുശീല്‍ ദാസ് പറയുന്നു. അവരുടെ ആവേശം അവിശ്വസനീയമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ നമ്മുടെ പാരമ്പര്യങ്ങളെ ഇത്രയധികം ആദരവോടെ സ്വീകരിക്കുന്നത് കാണുന്നത് ഹൃദയസ്പര്‍ശിയാണ്. സുശീല്‍ദാസ് പറഞ്ഞു. വിദേശ സംഘം മാര്‍ച്ച് 15 വരെ കേരളത്തിലുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക