
കണ്ണൂര്‍: പോരാളിയായ കതിവനൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞാടി പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്‍ കോലമഴിച്ചു. ഇരിട്ടി അമേരി പള്ളിയറ കാവില്‍ ആയിരുന്നു നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം.
കളരി ചലനങ്ങള്‍ക്കും മെയ് വഴക്കത്തിനും പേരുകേട്ട കതിവന്നൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ 71 കാരനായ ഇപി നാരായണ പെരുവണ്ണാന്‍ അവസാന രാത്രിയിലും നിറഞ്ഞാടി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ വരെയായിരുന്നു കതിവന്നൂര്‍ വീരനായുള്ള നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം.
21ാം വയസില്‍ കതിവനൂര്‍ വീരന്റെ വേഷം കെട്ടിയാടാന്‍ ആരംഭിച്ച നാരായണ പെരുവണ്ണാന്‍ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമേരി പള്ളിയറക്കാവില്‍ അവസാനമായി ഒരിക്കല്‍ കൂടി കതിവനൂര്‍ വീരന്റെ കോലമണിയാന്‍ തീരുമാനിച്ചത്. 'അടുത്ത തലമുറയിലേക്ക് ഈ മഹത്തായ പാരമ്പര്യം കൈമാറി, വഴി മാറാനുള്ള സമയമായി'- എന്നായിരുന്നു അവസാന തെയ്യത്തിന് മുന്നോടിയായി നാരായണ പെരുവണ്ണാന്‍ ദി ന്യൂ ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചത്.
പതിറ്റാണ്ടുകള്‍ നീണ്ട തെയ്യാട്ടജീവിതത്തിന് അംഗീകാരമായി രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് നാരായണ പെരുവണ്ണാന്‍. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയന്‍ ദൈവം, തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങള്‍ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്. ജയരാജിന്റെ 'കളിയാട്ടം' സിനിമയിലും നാരായണ പെരുവണ്ണാന്‍ ഭാഗമായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക