

വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ഇക്കഴിഞ്ഞ ദിവസം റാപ്പര്‍ വേടന്‍ ക്ഷേത്ര ദര്‍ശനം നടത്തിയതും വലിയ വാര്‍ത്തയായി. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പലരും അന്വേഷിച്ചത് ഏതാണീ ക്ഷേത്രം എന്നാണ്? ഏതാണ് വേടന്‍ vedan ദര്‍ശനത്തിനെത്തിയ ക്ഷേത്രം? ഏതാണ് അവിടത്തെ മൂര്‍ത്തി? എന്താണതിന്റെ ഐതിഹ്യം?
കഥകളില്‍ ഉറങ്ങുന്ന ചാത്തന്‍
ഇഷ്ടകാര്യങ്ങള്‍ നടത്താന്‍ ഒരു മൂര്‍ത്തി. കഥകളില്‍ ഉറങ്ങുന്ന ചാത്തന്‍, ഇഷ്ടവരപ്രസാദം നല്‍കി അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് തൃശൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചാത്തന്‍സേവയ്ക്ക് പ്രാധാന്യമുണ്ട്. കോട്ടം, മഠപ്പുര, മഠം എന്നീ പേരുകളിലുള്ള സങ്കേതങ്ങളിലാണ് ഈ ദേവതയെ ആരാധിക്കുന്നത്. ഒരിക്കല്‍ നായാട്ടിനിറങ്ങിയ പരമേശ്വരന് ആദിവാസിയായ കുളിവാകപ്പെണ്ണില്‍ മോഹം ജനിക്കുകയും അവളുമായി ചേരാന്‍ താത്പര്യം അറിയിക്കുകയും ചെയ്തു. നാരദന്റെ ഉപദേശത്താല്‍ പാര്‍വതി കൂളിവാകപ്പെണ്ണിന്റെ വേഷമെടുത്ത് കാട്ടിലെത്തി. പരമേശ്വര ബീജം വീഴുമ്പോള്‍ പാര്‍വതി അത് നിലത്തുചവിട്ടിത്താഴ്ത്തി. അത് ഒരു കിഴങ്ങായി മാറി. സന്താനമില്ലാത്ത കൂളിവാകപ്പെണ്ണിന്റെ അരികെ ചെന്ന് 'ആ കിഴങ്ങ് മൂടല്‍ പൊളിച്ചാല്‍ കുഞ്ഞിനെക്കിട്ടും' എന്ന് പാര്‍വതി അരുളിച്ചെയ്തുവത്രേ. അങ്ങനെ, കുളിവാകപ്പെണ്ണിന് ലഭിച്ച മകനാണ് 'ചാത്തന്‍' എന്നാണ് ചാത്തന്‍ സ്വാമിയെക്കുറിച്ചുള്ള തോറ്റത്തില്‍ പറയുന്നത്.
കീഴാളരുടെ മൂര്‍ത്തി
ചാത്തന്‍ സ്വാമിക്ക് പ്രത്യേക ആരാധനാക്രമങ്ങളും രൂപക്കളമെഴുത്തും പാട്ടുമൊക്കെയുണ്ട്. പൊതുവേ കീഴാളരുടെ ആരാധനാ മൂര്‍ത്തിയാണ് ചാത്തന്‍. ശത്രുനാശത്തിനും അഭിഷ്ഠസിദ്ധിക്കും ചാത്തനെ ഉപാസിക്കുന്നു.
തൃശ്ശൂരിലെ പെരിങ്ങോട്ടുകരയില്‍ അവണങ്ങാട് കളരി, കാനാടി മഠം തുടങ്ങിയ പ്രശസ്തമായ ചാത്തന്‍ ക്ഷേത്രങ്ങള്‍ ഉണ്ട്. ഈഴവ സമുദായക്കാരാണ് ഇവിടുത്തെ കര്‍മ്മങ്ങളും ഉപാസകരും.
വിഷ്ണുവിന്റെ മായാ രൂപത്തില്‍ പരമശിവന് പിറന്ന കുട്ടിയാണ് ചാത്തന്‍ എന്ന മറ്റൊരു കഥയും പ്രചാരത്തില്‍ ഉണ്ട്. വിഷ്ണുവിന്റെ മായയാല്‍ പിറന്ന നിനക്ക് 'വിഷ്ണുമായ' എന്ന പേര് ചൊല്ലി വിളിച്ചു പരമേശ്വരന്‍. അതോടൊപ്പം പാര്‍വ്വതിദേവി മകന് എല്ലാ വരങ്ങളും ശക്തികളും നല്‍കി. ശത്രുക്കളെ നിഗ്രഹിക്കുവാനായി 3 ചാണ്‍ നീളമുള്ള 2 കുറുവടികള്‍ കൊടുക്കുകയും ചെയ്തു. കൈലാസത്തിലെ ഏറ്റവും വലിയ മഹിഷത്തെ പരമശിവന്‍ തന്റെ മകന് വാഹനമായി കൊടുക്കുകയും, 390 മായാചാത്തന്മാരെ വിളിച്ച് മകന്റെ കാര്യങ്ങള്‍ക്കും മായാചാത്തന്മാര്‍ രക്ഷകരായും ആജ്ഞാനുവര്‍ത്തികളായും ഉണ്ടായിരിക്കണമെന്നും കല്‍പ്പിക്കുകയും ചെയ്തു. സത്യധര്‍മ്മപരിപാലനത്തിനായി ഭൂമിലോകത്തിലേക്ക് ഭഗവാന്‍ വിഷ്ണുമായയെ അനുഗ്രഹിച്ചുവിടുകയും ചെയ്തു എന്നാണ് ഐതിഹ്യം.
സര്‍വ്വമതസ്ഥര്‍ക്കും പ്രവേശനം
സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിലെ ശുദ്ധ അശുദ്ധങ്ങളോ മറ്റോ ചാത്തന്‍ ക്ഷേത്രങ്ങളില്‍ കാണാറില്ല. സര്‍വ്വമതസ്ഥര്‍ക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ജാതിയോ തൊട്ടുതീണ്ടലോ പതിവില്ല. ഭൗതിക അനുഗ്രഹങ്ങള്‍ക്കായാണ് കൂടുതല്‍ പേരും ചാത്തന്റെ സന്നിധിയില്‍ എത്തുന്നത്. ചാത്തന്റെ ഉയര്‍ന്ന ആത്മീയ തലമാണ് ശാസ്താവ് എന്നും പറയാറുണ്ട്. ശനി ദോഷങ്ങള്‍ തീരാനും ചാത്തനെ ഉപാസിക്കാറുണ്ട്.
വിഷ്ണുമായയുടെ പൂജ മൂന്നു തരത്തിലാണ് നടത്തുന്നത്. ഉത്തമമായ ദ്രവ്യങ്ങള്‍ കൊണ്ടും മധ്യമമായതും അധമമായതും കൊണ്ടും പൂജ നടത്തുന്നു. എന്നിരുന്നാലും അധമമായ പൂജക്ക് തന്നെയാണ് പ്രാധാന്യം പറയുന്നത്. ദ്രാവിഡ ദേവതയാണ് വിഷ്ണുമായ. ആരാധന അനുഷ്ഠാന വിധികള്‍ വിശദമായി പ്രതിപാദിക്കുന്നത് 'കുക്ഷികല്‍പ്പം' എന്ന ഗ്രന്ഥത്തിലാണ്. മധു മാംസങ്ങള്‍ ഉപയോഗിച്ചുള്ള മധ്യമ രീതിയിലുള്ള പൂജയാണ് വേണ്ടത്.
കേരളത്തിലെ പ്രധാന ചാത്തന്‍ ക്ഷേത്രങ്ങള്‍
പെരിങ്ങോട്ടുകര ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രം, ഗുരുവായൂര്‍ കണ്ണന്‍ചിറ കളരി, വളാഞ്ചേരി കാട്ടുമാടം ഇല്ലം, കോഴിക്കോട് പലേരി ഇല്ലം എന്നിവയാണ് കേരളത്തിലെ പ്രധാന ചാത്തന്‍ ക്ഷേത്രങ്ങള്‍ അഥവാ മഠങ്ങള്‍. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തന്റേത്. ഉഗ്രമൂര്‍ത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാര്‍ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങള്‍ ആണ്.
വിഷ്ണുമായ അഥവാ പൊന്നുണ്ണി എന്ന ഈ മൂര്‍ത്തിയെ ആരാധിക്കുന്നവര്‍ക്ക് ഐശ്വര്യവും ശ്രേയസും സമാധാനവും മൂര്‍ത്തി നല്കുമെന്നതാണ് വിശ്വാസികളുടെ അനുഭവ സാക്ഷ്യം. വിഷ്ണുമായ വാക്കിന് വ്യവസ്ഥ പാലിക്കുന്ന മൂര്‍ത്തി എന്നും വ്യാഖ്യാനമുണ്ട്. ഉപാസനയുള്ളവര്‍ വിളിച്ചാല്‍ വിളിപ്പുറത്തതാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ പറഞ്ഞു കേള്‍ക്കാം. ചാത്തന് ഏറ്റവും ഇഷ്ടമുള്ള തുകല്‍ വാദ്യമാണ് ഈഴറ. കളമെഴുത്ത് സമയത്ത് ഈഴറ വാദനം പതിവാണ്.
ഐതിഹ്യം
കുട്ടിച്ചാത്തനുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും കഥകളും ഒക്കെയുണ്ട്. അങ്ങനെ ഒരുഐതിഹ്യകഥയാണ് കുഞ്ചമണ്‍ പോറ്റിയുമായി ബന്ധപ്പെട്ടത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഒരധ്യായമാണ് കുഞ്ചമണ്‍ പോറ്റിയുടേത്. കുട്ടിച്ചാത്തന്‍ ഉപാസകനായിരുന്നു കുഞ്ചമണ്‍ പോറ്റി. ചാത്തന്‍ ദേവതയെ കൊണ്ട് ചെയ്യുന്ന പല മന്ത്രവാദ ക്രിയകളും അതിലൂടെ അദ്ദേഹം ആര്‍ജ്ജിക്കുന്ന യശസ്സുമാണ് കഥയില്‍ പറയുന്നത്. അതുപോലെ കടമറ്റത്ത് കത്തനാരുമായുള്ള ഒരു സംവാദവും കത്തനാരുടെ മന്ത്രവിദ്യ കൊണ്ട് അയാള്‍ കുഞ്ചമണ്‍ പോറ്റിയെ തോല്‍പ്പിക്കുന്നതാണ് അതിലെ മറ്റൊരു ഭാഗം.
തൃപ്രയാര്‍ ക്ഷേത്രവുമായുള്ള ബന്ധം
അധമമൂര്‍ത്തി എന്ന് പൊതുവേ ധരിക്കുമ്പോഴും കലിയുഗത്തില്‍ ഏറ്റവും ആശ്രയിക്കാവുന്ന ദേവതയായാണ് ചാത്തനെ കണക്കാക്കുന്നത്.ചാത്തന്‍ ഉപദ്രവം ശമിക്കാന്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ ചാത്തന്റെ പേരിലുള്ള ഭണ്ഡാാരത്തില്‍ പണം കാണിക്കയിടാറുണ്ട്. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ക് ചാത്തനുമേല്‍ ഉള്ള നിയന്ത്രണം സംബന്ധിച്ചും കഥകളുണ്ട്. തൃപ്രയാര്‍ ക്ഷേത്രം തുറക്കുന്നത് മുതല്‍ അടയ്ക്കുന്നതുവരെ ചാത്തന്‍ അവിടെ നില്‍ക്കണം എന്ന് തേവര്‍ കല്‍പ്പിച്ചു. അതുകൊണ്ടുതന്നെ തൃപ്രയാര്‍ ക്ഷേത്രം അടച്ചതിനുശേഷം മാത്രമേ ചാത്തന്‍ സ്വതന്ത്രന്‍ ആകുന്നുള്ളൂ. പുലര്‍ച്ചെ നടതുറക്കുന്നതിനു മുമ്പേ തൃപ്രയാര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates