ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

ഇരു ടീമുകളുടെയും പ്രകടനം അനുസരിച്ച് പ്രവചനം അസാധ്യം
ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

പൂനെ:  ടെസ്റ്റ് റാംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഇന്ന് പൂനെയില്‍ ആരംഭിക്കും. നാല് ടെസ്റ്റ് മത്സരങ്ങള്‍ക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയിരിക്കുന്നത്.
ആധുനിക ക്രിക്കറ്റില്‍ ഇന്ന് ഏറ്റവും മികച്ച് നില്‍ക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച കാഴ്ചയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഗ്രസീവ് ക്രിക്കറ്റിന് പേരുകേട്ട ഇരു ടീമുകളും ഇതിന് മുമ്പ് അവസാനമായി മുഖാംമുഖം വന്നത് ഇന്ത്യ അവരുടെ നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്താണ്. നാല് ടെസ്റ്റുകളില്‍ രണ്ടിലും ജയിച്ച് ഓസ്‌ട്രേലിയ അന്ന് ഇന്ത്യയെ മുട്ടുകുത്തിച്ചു. 


എന്നാല്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായതിന് ശേഷം ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇതോടൊപ്പം ഇന്ത്യയ്ക്ക് ലഭിച്ചത് ഐസിസി ടെസ്റ്റ് റാംഗിങ്ങിലുള്ള ആദ്യ സ്ഥാനമാണ്.
ഇന്ത്യയില്‍ അവസാനമായി ടെസ്റ്റിനെത്തിയ സമയത്ത് ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരിയിരിരുന്നു. ഇതേരീതി പിന്തുടരനാകും സ്റ്റീവ് സ്മിത്തും സംഘവും ശ്രമിക്കുക.
പുണെ എംസിഎ സ്‌റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ബെംഗളൂരു, റാഞ്ചി, ധര്‍മശാല എന്നിവിടങ്ങളിലാണു പിന്നീടുള്ള ടെസ്റ്റുകള്‍.

മറ്റു ടീമുകളുമായി മത്സരത്തിനേക്കാള്‍ ആവേശം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മുഖാമുഖം വരുമ്പോള്‍ കാണികള്‍ക്കുണ്ടാവുന്നുണ്ടെങ്കില്‍ അതിലും എത്രയോ മടങ്ങ് അധികമായിരിക്കും താരങ്ങള്‍ക്കുണ്ടാവുക. വേള്‍ഡ്-ക്ലാസ് ഓപ്പണറായ ഡേവിഡ് വാര്‍ണര്‍, ക്യാപ്റ്റനെന്ന നിലയില്‍ കഴിവ് തെളിയിച്ച സ്റ്റീവ് സ്മിത്ത്, കളി ഏത് നിമിഷവും വരുതിയില്‍ വരുത്താന്‍ ശേഷിയുള്ള പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ കൈകാര്യം ചെയ്യുക കോഹ്്‌ലിക്ക് അത്ര ലളിതമായിരിക്കില്ല.
അതേസമയം ഇന്ത്യയുടെ ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച ഫോമിലാണ്. പേസ്, സ്പിന്‍ ബൗളര്‍മാര്‍ ഫോമിലാണെങ്കിലും ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com