ഇന്ത്യന്‍ കളിക്കാരില്‍ അനസിനും വിനീതിനും 'എതിരില്ല'

ഇന്ത്യന്‍ കളിക്കാരില്‍ അനസിനും വിനീതിനും 'എതിരില്ല'

ഈ വര്‍ഷത്തെ ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ (FPAI) പുരസ്‌കാരങ്ങളില്‍ മലയാളിത്തിളക്കം. മോഹന്‍ ബഗാന്‍, ഡെല്‍ഹി ഡൈനാമോസ് എന്നീ ടീമുകളിലെ മികച്ച പ്രകടനത്തിന് മലപ്പുറം കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടിക FPAI യുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയപ്പോള്‍ ആരാധകരുടെ ഇഷ്ടതാരമായി കണ്ണൂരുകാരന്‍ സികെ വിനീത് മാറി. ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യന്‍ ടീം എന്നിവയ്ക്ക് മികച്ച പ്രകടനം നടത്തിയതാണ് വിനീതിനെ ആരാധകരുടെ മികച്ച താരമാക്കിയത്.

മികച്ച കളിക്കാരനായി അനസിനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തപ്പോള്‍ ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിനിതിനെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്. രണ്ടാം സ്ഥാനത്തുള്ള താരത്തിനേക്കാള്‍ ഏകദേശം 30,000 വോട്ടാണ് വിനീതിന് അധികമായി ലഭിച്ചത്.

ബെംഗളൂരു എഫ്‌സിയുടെ ഉദാന്ത സിംഗ് ആണ് FPAI യുടെ മികച്ച യുവതാരം. ഐലീഗ് ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്‌സിയുടെ ആല്‍ഫ്രഡ് ജാര്യന്‍ മികച്ച വിദേശതാരമായി. സന്ദീപ് നന്ദി, ദീപക്ക് മണ്ഡാല്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മിസോറാം ദുരിതാശ്വാസത്തിനായി നടത്തിയ FPAI ഇലവനും മിസോറാം ഇലവനും തമ്മില്‍ നടന്ന മത്സരത്തിലാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com