ഐഎസ്എല്‍ ടീമുകള്‍ക്ക് വിദേശ 'കൈകള്‍' വേണ്ട, സ്വദേശി മതി

ഐഎസ്എല്‍ ടീമുകള്‍ക്ക് വിദേശ 'കൈകള്‍' വേണ്ട, സ്വദേശി മതി

2014ല്‍ ഇന്ത്യന്‍ സൂപ്പര്‍  ലീഗ് ആരംഭിക്കുന്ന സമയത്ത് ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് കൂടുതലും ബെഞ്ചിലായിരുന്നു സ്ഥാനം. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഗ്ലൗവണിഞ്ഞ ഡേവിഡ് ജെയിംസടക്കം എഫ്‌സി ഗോവ, ചെന്നെയിന്‍ എഫ്‌സി, ഡെല്‍ഹി ഡൈനാമോസ് എന്നീ ടീമുകളും വിദേശ കീപ്പര്‍മാരെയാണ് വലകാക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഇതില്‍, മുംബൈ സിറ്റി എഫ്‌സിക്കു വേണ്ടി സുബ്രതോ പാലും, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി ടിപി രഹനേഷും മാത്രമാണ് ഇന്ത്യന്‍ താരങ്ങളായി വലകാക്കാനുണ്ടായിരുന്നത്.

കരണ്‍ജിത്ത് സിംഗ്‌
കരണ്‍ജിത്ത് സിംഗ്‌

2015ല്‍ നടന്ന താരലേലത്തിലും ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. ചെന്നെയിന്‍ എഫ്‌സിയുടെ കരണ്‍ജിത്ത് സിംഗിന് മാത്രമാണ് ഈ വര്‍ഷം അടിസ്ഥാന വിലയില്‍ ലേലക്കാര്‍ താല്‍പ്പര്യം കാണിച്ചത്.

അമരീന്ദര്‍ സിംഗ്‌
അമരീന്ദര്‍ സിംഗ്‌

എന്നാല്‍, നാലാം എഡിഷനില്‍ എത്തി നില്‍ക്കുമ്പോള്‍ കാര്യങ്ങളെല്ലാം അടിമുടി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് ഐഎസ്എല്ലില്‍ വന്‍വില കൊടുക്കാനും ക്ലബ്ബുകള്‍ തയാറായേക്കുമെന്നാണ് സൂചന.

കാരണം മറ്റൊന്നുമല്ല. ഈ സീസണ്‍ മുതല്‍ ഐഎസ്എല്‍ ടീമുകളിലെ ആദ്യ പതിനൊന്നില്‍ വിദേശ കളിക്കാരുടെ എണ്ണം അഞ്ചാക്കി ചുരുക്കിയ ചട്ടം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ സീസണുകളില്‍ ഇത് ആറായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണല്ലോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചിരിക്കുന്നത്.

വിശാല്‍ കെയ്ഥ്
വിശാല്‍ കെയ്ഥ്

ഈ അടിസ്ഥാനത്തില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്കും അഞ്ച് വിദേശ താരങ്ങള്‍ക്കുമാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരമുണ്ടാവുക. ഈ അഞ്ച് വിദേശ താരങ്ങളില്‍ ഒരാളെ ഗോള്‍കീപ്പറാക്കാന്‍ ഐഎസ്എല്‍ ടീമുകള്‍ താല്‍പ്പര്യം കാണിച്ചേക്കില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് ഇത്തവണ ഐഎസ്എല്‍ ലേലത്തില്‍ തിളക്കമേറും.

ദെബിജിത്ത് മജ്മൂംദാര്‍
ദെബിജിത്ത് മജ്മൂംദാര്‍

കരണ്‍ജിത്ത് സിംഗിനെ ചെന്നെയിന്‍ എഫ്‌സി നിലനിര്‍ത്തുമെന്ന് ഏകദേശം ഉറപ്പായതാണ് ഗോള്‍കീപ്പര്‍മാര്‍ക്കു ടീമുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നതിനുള്ള പുതിയ ഉദാഹരണം.  

ലക്ഷ്മികാന്ത് കട്ടിമണി
ലക്ഷ്മികാന്ത് കട്ടിമണി

മുന്‍ ബെംഗളൂരു എഫ്‌സി താരം അമരീന്ദര്‍ സിംഗിനെ 1.2 കോടി രൂപയ്ക്ക് മുംബൈ സിറ്റി എഫ്‌സി നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായിട്ടുണ്ട്. 2014 ഐഎസ്എല്‍ സീസണില്‍ സുനില്‍ ഛേത്രിയെ ലേലത്തിനെടുത്തതും ഇത്രയും തുകയ്ക്കാണെന്നതാണ് ഗോള്‍കീപ്പര്‍മാര്‍ക്ക് വിലയേറുന്നതിന്റെ സൂചന നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ അഞ്ച് ക്ലീന്‍ ഷീറ്റുകളുമായി ഐഎസ്എല്‍ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ താരമാണ് അമരീന്ദര്‍ സിംഗ്. 

ആല്‍ബിനോ ഗോമസ്
ആല്‍ബിനോ ഗോമസ്

ഇവര്‍ക്കുപുറമെ, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തങ്ങളുടെ കീപ്പര്‍ ദെബിജിത്ത് മജ്മൂംദാറിനെ നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എഫ്‌സി ഗോവയ്ക്കു താല്‍പ്പര്യം ലക്ഷ്മികാന്ത് കട്ടിമണിയെയാണ്. ഐസ്വാള്‍ എഫ്‌സി കീപ്പര്‍ ആല്‍ബിനോ ഗോമസ്, വിശാല്‍ കെയ്ഥ് എന്നിവരും ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് സൂചനകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com