ഒരു ദയയുമില്ലാതെ തന്നെ അടിച്ചുപറത്തുകയായിരുന്നു; നെറ്റ്‌സിലെ സെവാഗിന്റെ ക്രൂരതയെ കുറിച്ച് അശ്വിന്‍

സെവാഗിന് എതിരെയല്ല, സെവാഗിന്റെ ഈഗോയ്ക്ക് എതിരെയാണ് നമ്മള്‍ബൗള്‍ ചെയ്യേണ്ടത്‌
ഒരു ദയയുമില്ലാതെ തന്നെ അടിച്ചുപറത്തുകയായിരുന്നു; നെറ്റ്‌സിലെ സെവാഗിന്റെ ക്രൂരതയെ കുറിച്ച് അശ്വിന്‍

ലോകോത്തര ബൗളര്‍മാരെല്ലാം ഒരുകാലത്ത് സെവാഗിന്റെ ബാറ്റിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നിട്ടുണ്ട്. സ്പിന്നര്‍മാരേയും, പേസര്‍മാരേയും ഒരു ദയയുമില്ലാതെയായിരുന്നു സെവാഗ് അതിര്‍ത്തി കടത്തിയിരുന്നത്. 

നെറ്റ്‌സില്‍ പരിശീലനത്തിനിടെ പോലും സെവാഗ് തന്നോട് ഒരു കാരുണ്യവും കാണിച്ചില്ലെന്നാണ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഒരു അഭിമുഖത്തിനിടെ പറയുന്നത്. താന്‍ എറിഞ്ഞ എല്ലാ ബോളുകളും സെവാഗ് അടിച്ചു പറത്തി. ടീമില്‍ സ്ഥാനം കണ്ടെത്തുന്നതിന് വേണ്ടി പരിശ്രമിക്കുന്നതിനിടെയില്‍ സെവാഗില്‍ നിന്നും ലഭിച്ച പ്രഹരം തന്റെ ആത്മവീര്യം ഇല്ലാതാക്കിയെന്നാണ്‌ അശ്വിന്‍ പറയുന്നത്. 

വാട്ട് ദി ഡക്ക് 2 എന്ന ചാറ്റ് ഷോയ്ക്കിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെറ്റ്‌സില്‍ സെവാഗിന്റെ ശക്തിയും പോരായ്മയും നേരിട്ട് മനസിലാക്കിയത് അശ്വിന്‍ ആരാധകരോട് പങ്കുവെച്ചത്. 

ദാംബുള്ളയിലെ പരിശീലനത്തിന് ഇടയിലായിരുന്നു അത്. ഔട്ട് സൈഡ് ഓഫ് സ്റ്റംമ്പിലേക്കെറിഞ്ഞ ആദ്യ ബോള്‍ സെവാഗ് അടിച്ചുപറത്തി. രണ്ടാമത്തെ ഓഫ് സ്റ്റംമ്പ് ബോളും സെവാഗ് വെറുതെ വിട്ടില്ല. പിന്നീട് മിഡില്‍ സ്റ്റംമ്പിലേക്കും, ലെഗ് സ്റ്റംമ്പ് ബോളും എറിഞ്ഞിട്ടും സെവാഗിന് യാതൊരു കുലുക്കവുമില്ല. ഫുള്ളറെറിഞ്ഞ അവസാന ബോള്‍ മുന്നോട്ടു കയറിനിന്ന് സെവാഗ് സിക്‌സര്‍ പറത്തി. 

സച്ചിനായി നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ പോലും താന്‍ ഇത്രയ്ക്ക് ബുദ്ധിമുട്ടിയിരുന്നില്ല. എന്നാല്‍ വിട്ടുകൊടുക്കാന്‍ താനും തയ്യാറായിരുന്നില്ല. 

എങ്ങിനെ സെവാഗിനെ മറികടക്കണം എന്നറിയാതെ പകച്ചുനിന്നുപോയ താന്‍ സെവാഗിന്റെ അടുത്തു തന്നെ ഉപദേശത്തിനായി ചെന്നു. എന്നാല്‍ സ്പിന്നേഴ്‌സിനെ ബൗളര്‍മാരായി താന്‍ കാണുന്നില്ലെന്നായിരുന്നു സെവാഗിന്റെ മറുപടി. 

സെവാഗിന് പകരം സച്ചിനെയാണ് സമീപിച്ചിരുന്നതെങ്കില്‍ സച്ചിന്‍ തനിക്ക് ടിപ്‌സ് തരുമായിരുന്നു. ധോനിയുടെ അടുത്തായിരുന്നെങ്കില്‍ തന്റെ കാഴ്ചപ്പാടില്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുമായിരുന്നു. എന്നാല്‍ സെവാഗിന്റെ മറുപടി തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. 

വീണ്ടും നെറ്റ്‌സില്‍ സെവാഗിന്റെ പ്രഹരം തുടര്‍ന്നു. എന്നാല്‍ അധികം വൈകാതെ സെവാഗിനെ തളയ്ക്കുന്നതിനുള്ള വഴി താന്‍ കണ്ടെത്തി. നല്ല ബോളുകള്‍ നോക്കിയാണ് സെവാഗിന്റെ പ്രഹരം. ലെങ്ത്തും,  ലൈനും തെറ്റിച്ചുള്ള ബോളുകള്‍ സെവാഗിനെ വീഴ്ത്തുമെന്ന് തിരിച്ചറിഞ്ഞതോടെ ഐപിഎല്ലില്‍  ഈ രീതി പരീക്ഷിച്ചാണ് താന്‍  സെവാഗിനെ തളച്ചത്. 

സെവാഗിന് എതിരെയല്ല, സെവാഗിന്റെ ഈഗോയ്ക്ക് എതിരെയാണ് നമ്മള്‍
ബൗള്‍ ചെയ്യേണ്ടത് എന്നും അശ്വിന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com