റോഡ് സുരക്ഷയ്ക്ക്‌ ഭൂമ്രയുടെ നോ ബോളുമായി ട്രാഫിക് പൊലീസ്; വേദനിപ്പിച്ചെന്ന് ഭൂമ്ര

മനുഷ്യര്‍ക്ക് തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ നിങ്ങളുടെ ജോലിയില്‍ ഉണ്ടാകുന്ന തെറ്റുകളെ താന്‍ പരിഹസിക്കില്ലെന്നും ഭൂമ്ര
റോഡ് സുരക്ഷയ്ക്ക്‌ ഭൂമ്രയുടെ നോ ബോളുമായി ട്രാഫിക് പൊലീസ്; വേദനിപ്പിച്ചെന്ന് ഭൂമ്ര

ജനങ്ങളുടെ ശ്രദ്ധ പെട്ടെന്ന് നേടിയെടുക്കുന്നതിനായി റോഡ് സുരക്ഷ ബോധവത്കരണത്തിന് കൗതുകത്തിന്റെ അകമ്പടിയോടെയാണ് ട്രാഫിക് പൊലീസ് പല പദ്ധതികളും ആവിഷ്‌കരിക്കുന്നത്. ജയ്പൂരിലെ ട്രാഫിക് പൊലീസുകാര്‍ കൊണ്ടുവന്ന കൗതുകം ഓവര്‍ലോഡായ ഒരു ആശയമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 

സിഗ്നല്‍ ലൈറ്റുകള്‍ക്ക് മുന്നില്‍ അച്ചടക്കത്തോടെ നിര്‍ത്തേണ്ടത്‌
എങ്ങിനെ എന്നതിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തിക്കുന്നതിനായി ഇന്ത്യന്‍ ബൗളര്‍ ജസ്പ്രിത് ഭൂമ്രയുടെ നോ ബോള്‍ എറിയുന്നതിന്റെ ചിത്രമാണ് ട്രാഫിക് പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. 

അതാകട്ടെ, ഇന്ത്യക്കാരെ ഏറെ നിരാശപ്പെടുത്തിയ 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഭൂമ്ര എറിഞ്ഞ നോബോള്‍ തന്നെയാണ് ജയ്പൂരിലെ ട്രാഫിക് പൊലീസ് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ലൈന്‍ കടന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രാഫിക് പൊലീസ് സ്ഥാപിച്ച ഫ്‌ലക്‌സില്‍ പറയുന്നുണ്ട്.

എന്നാല്‍ ജയ്പൂര്‍ ട്രാഫിക് പൊലീസിന്റെ നടപടി തന്നെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഭൂമ്രയുടെ ട്വീറ്റ്‌. രാജ്യത്തിനായി നല്ലത് ചെയ്താലും എന്ത് ബഹുമാനമായിരിക്കും കിട്ടുകയെന്ന് വ്യക്തമാക്കുന്നതാണ് ജയ്പൂര്‍ ട്രാഫിക് പൊലീസിന്റെ പ്രവര്‍ത്തിയിലൂടെ വ്യക്തമാകുന്നതെന്ന് ഭൂമ്ര
ട്വിറ്ററിലൂടെ പ്രതികരിച്ചു. 

മനുഷ്യര്‍ക്ക് തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ നിങ്ങളുടെ ജോലിയില്‍ ഉണ്ടാകുന്ന തെറ്റുകളെ താന്‍ പരിഹസിക്കില്ലെന്നും ഭൂമ്ര പറയുന്നു. 

ഭൂമ്രയുടെ പ്രതികരണം വന്നതോടെ ജയ്പൂര്‍ ട്രാഫിക് പൊലീസ് ക്ഷമാപണവുമായി എത്തി. ഭൂമ്രയേയോ, ക്രിക്കറ്റ് ആരാധകരേയോ വേദനിപ്പിക്കാനായിരുന്നില്ല ശ്രമമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com