റൊണാള്‍ഡോ മിന്നി; ചാംപ്യന്‍സ് ആദ്യ സെമിയില്‍ റിയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോയെ തുരത്തി; ഹാട്രിക്ക് മികവില്‍ റോണോ

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഗോള്‍ നേടിയ റിയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സെര്‍ജിയോ റാമോസിനൊപ്പം ഗോള്‍ നേട്ടം ആഘോഷിക്കുന്നു -എപി
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഗോള്‍ നേടിയ റിയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സെര്‍ജിയോ റാമോസിനൊപ്പം ഗോള്‍ നേട്ടം ആഘോഷിക്കുന്നു -എപി

മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ താരത്തെ പൂട്ടാന്‍ ഡിയാഗോ സിമിയോണിയുടെ ടീമിന് സാധിച്ചില്ല. ചാംപ്യന്‍സ് ലീഗ് ഒന്നാം സെമിഫൈനിന്റെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റിയല്‍ മാഡ്രിഡിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ജയം. 

റിയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ മൂന്ന് ഗോളും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വകയായിരുന്നു. കളിയുടെ സകല മേഖലയിലും മേധാവിത്വം പുലര്‍ത്തിയ റിയലിന് മുന്നില്‍ അത്‌ലറ്റിക്കോ പരുങ്ങി. കളി തുടങ്ങി പത്താം മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോ റിയലിനെ മുന്നിലാക്കി. ഒരു ഗോള്‍ വഴങ്ങിയതോടെ ആലസ്യത്തിലായിരുന്ന അത്‌ലറ്റിക്കോ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പരുക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ ഫ്രഞ്ച് താരം വരാനെയും ക്യാപ്റ്റന്‍ റാമോസും നയിച്ച പ്രതിരോധത്തെ അന്റോണിയോ ഗ്രീന്‍സ്മാനും കൂട്ടര്‍ക്കും തകര്‍ക്കാന്‍ സാധിച്ചില്ല.

റിയലിന്റെ സമീപകാല കളിയിലെ ഏറ്റവും മികച്ച പ്രകടനമാണ് അത്‌ലറ്റിക്കോയ്‌ക്കെതിരേ പുറത്തെടുത്തത്. പന്ത് കൈവശം വെച്ച് കളിക്കുന്നതില്‍ മികവ് പുലര്‍ത്തിയ മാഡ്രിഡ് മധ്യനിര കളി നിയന്ത്രിച്ചു. അവസരം കിട്ടുമ്പോള്‍ കോര്‍ട്ടിലേക്ക് പന്തെത്തിക്കുകയും അത് മുതാലാക്കുന്നതില്‍ ക്രിസ്റ്റ്യാനോ എന്ന താരം വിജയിക്കുകയും ചെയ്തതോടെ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് റിയല്‍ കൂടുതല്‍ അടുത്തു.

73മത് മിനുട്ടില്‍ ബെന്‍സേമ നല്‍കിയ പാസ് റൊണാള്‍ഡോ കിടിലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചതോടെ അത്‌ലറ്റിക്കോ കൂടുതല്‍ കയറിക്കളിക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഫലമായിരുന്നു 86മത് മിനുട്ടില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് ഗോള്‍. ബെന്‍സേമക്ക് പകരക്കാരനായി എത്തിയ ലൂക്കാസ് നല്‍കിയ പാസ് റൊണാള്‍ഡോ ഫിനിഷ് ചെയ്തതോടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 

പത്താം തിയതി അത്‌ലറ്റിക്കോയുടെ മൈതാനത്താണ് രണ്ടാം പാദം നടക്കുക. എന്നാല്‍, മാഡ്രിഡിന്റെ വലയില്‍ നാല് ഗോളുകളെങ്കിലും എത്തിക്കാതെ അത്‌ലറ്റിക്കോയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയെ നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com