മെസ്സി, റൊണാള്‍ഡോ യുഗം അവസാനിച്ചോ?

32 കാരനായ റോണോയുടെ മികവ് എത്രനാള്‍ തുടരുമെന്ന് ആരാധകര്‍ ആശങ്കപ്പെടുമ്പോള്‍ ലാ മാസിയ ഉല്‍പ്പന്നമായ മെസ്സിക്ക് മറ്റു ടീമുകളില്‍ എത്രത്തോളം സാന്നിധ്യം തെളിയിക്കാന്‍ പറ്റുമെന്നാണ് മെസ്സിയാരാധകരുടെ ആധി
മെസ്സി, റൊണാള്‍ഡോ യുഗം അവസാനിച്ചോ?

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോക ഫുട്‌ബോളില്‍ രണ്ട് പേരുകളാണ് മേധാവിത്വം പുലര്‍ത്തുന്നത്. അര്‍ജന്റീന ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ റിയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഈ രണ്ട് താരങ്ങള്‍ അരങ്ങു തകര്‍ത്ത ഒരു പതിറ്റാണ്ടില്‍ പല റെക്കോര്‍ഡുകളും ഇവര്‍ക്കു മുന്നില്‍ വഴിമാറി.

എന്നാല്‍ വരും സീസണുകള്‍ ഇവര്‍ക്ക് ഒരുക്കിവെക്കുന്നത് എന്തായിരിക്കും. റൊണാള്‍ഡോയ്ക്ക് വയസ് 32 ആയി. മെസ്സിക്കാകട്ടെ 29ഉം. കരിയറിലെ സുവര്‍ണ കാലം ഏകദേശം അവസാനിച്ചുവെന്ന് പറയാം. ഇവരുടെ പ്രതിഭകൊണ്ട് അതിനെ മറികടക്കുന്നുണ്ടെങ്കിലും അത് എത്രകാലത്തേക്ക് കൂടി എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം, ഒരുപക്ഷെ ഇവരേക്കാള്‍ പ്രതിഭയുള്ള യുവതാരങ്ങള്‍ വരവറയിച്ചു കഴിഞ്ഞു.

ലിയോ, റോണോ യുഗം പൂര്‍ണമായും അവസാനത്തിലേക്കെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍, അടുത്ത സീസണ്‍ അതിനൊരു തുടക്കമായേക്കുമെന്നാണ് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. അതിനുള്ള കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്.

റൊണോള്‍ഡോയുടെ ശരീരവും വയസും
റൊണാള്‍ഡോയെ വിമര്‍ശിക്കുന്നവര്‍ മുഖ്യമായും പറയുന്ന ഒരു കാര്യം റൊണാള്‍ഡോയുടെ കളിമികവ് മെസ്സിയുടേത് പോലെ നൈസര്‍ഗികമായി ലഭിച്ചതല്ല. ശരിയാണ്. റോണോയെ ഇന്ന് കാണുന്ന നിലയിലാക്കിയത് അയാളുടെ കഠിന പ്രയത്‌നവും പരിശീലനവുമാണ്. തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായ കാര്യമാണത്. 

റോണാള്‍ഡോ ജിമ്മില്‍ ചെലവഴിക്കുന്ന സമയം ലോകത്ത് ഒരു ഫുട്‌ബോള്‍ താരവും ചെലവഴിക്കുന്നുണ്ടാവില്ല. അതുകൊണ്ട് തന്നെ അയാളുടെ ശരീരം ഒരു ഫുട്‌ബോള്‍ താരത്തിനേക്കാളും ഒരു ബോഡിബിള്‍ഡറുടേതായി തോന്നും. 

ഇത്രയും മസിലുകള്‍ ഒരു ഫുട്‌ബോള്‍ താരത്തിന് ആവശ്യമുണ്ടോ. അക്കാര്യത്തില്‍ തീര്‍ച്ച പറയാന്‍ പറ്റില്ല. ചിലപ്പോള്‍ ശരീര സൗന്ദര്യത്തില്‍ വിശ്വസിക്കുന്നയാളായതിനാലാകാമത്. 

ശരീരം ഈ രീതിയില്‍ മെയിന്റെയ്ന്‍ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് ഇതുവരെ ഒരു കുഴപ്പവും കരിയറില്‍ വന്നിട്ടില്ല. എന്നാല്‍, വരുന്ന ഫെബ്രുവരിയില്‍ 30 വയസാകുന്ന സിആര്‍7ന് കൂടുതല്‍ സമയം ജിമ്മില്‍ ചെലവഴിക്കുന്നത് ശരീരത്തെ അപേക്ഷിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ പലകാര്യങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ വരും. കാല്‍മുട്ടുകള്‍, ഷോള്‍ഡെര്‍ എന്നിവടങ്ങളിലുള്ള തേയ്മാനങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും പരിക്കിനുള്ള സാധ്യത കൂടുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈയൊരു പ്രായത്തില്‍ പരിക്കു പറ്റിയാല്‍ തിരിച്ചുവരവിന് കൂടുതല്‍ സമയമെടുക്കുമെന്നും ഇവര്‍ പറയുന്നു.


മെസ്സിയും ബാഴ്‌സയും
മെസ്സി എന്ന് പറയുമ്പോള്‍ ബാഴ്‌സയെയും നേരെ തിരിച്ചുമുള്ള ഗാഢബന്ധം പറയേണ്ട കാര്യമില്ല. എന്നാല്‍ ഈ സീസണില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്ത ബാഴ്‌സയില്‍ മെസ്സി തൃപ്തനല്ല എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, കരാര്‍കാലാവധി അവസാനിക്കാനിരിക്കെ മെസ്സിയുമായി പുതിയ കരാറില്‍ ബാഴ്‌സ ഇതുവരെ എത്തിയിട്ടില്ല. 

മെസ്സി ബാഴ്‌സ വിടുന്നുവെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും സാധ്യത തള്ളക്കളയാന്‍ പറ്റില്ല. കാരണം, പണം തന്നെ. ഇനി മെസ്സി മറ്റേത് ലീഗില്‍ പോയാലും ബാഴ്‌സലോണയിലുണ്ടായിരുന്ന അതേതിളക്കം ലഭിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ല. ബാഴ്‌സയില്‍ മാത്രം പരിചയസമ്പത്ത് മറ്റു ലീഗുകളില്‍ എത്രത്തോളം ഫലവത്താക്കാന്‍ പറ്റുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com