ആരാണ് വിന്‍സിയസ് ജൂനിയര്‍ എന്ന അത്ഭുത ബാലന്‍? താരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ആരാണ് വിന്‍സിയസ് ജൂനിയര്‍ എന്ന അത്ഭുത ബാലന്‍? താരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

പ്രഫഷണല്‍ ഫുട്‌ബോളിലേക്ക് പിച്ചവെച്ച് തുടങ്ങുന്ന വിന്‍സിയസ് ജൂനിയര്‍ എന്ന 16 കാരന്‍ ബാലനെ റിയല്‍ മാഡ്രിഡ് സ്വന്തമാക്കി എന്ന വാര്‍ത്തയാണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോഴത്തെ ചര്‍ച്ച. 333 കോടി രൂപ നല്‍കി വിന്‍സിയസിനെ സ്വന്തമാക്കണമെങ്കില്‍ എന്തായിരിക്കും ഈ കൗമാരക്കാരന്റെ കാലുകളിലെ അത്ഭുതം. അടുത്ത വര്‍ഷം ജൂലൈയില്‍ 18 വയസാകുന്ന വിന്‍സിയസിനെ ഇപ്പോള്‍ തന്നെ സ്വന്തമാക്കണമെങ്കില്‍ റിയല്‍ മാഡ്രിഡ് പോലൊരു ക്ലബ്ബ് എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. 

ലോക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാശാലിയായ യുവതാരം എന്നാണ് താരത്തെ കുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. താരത്തെ കുറിച്ച് അറിയേണ്ടതെല്ലാം.

ബാക്ക്ഗ്രൗണ്ട്
ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ സാവോ ഗോണ്‍സാലോയിലാണ് വിന്‍സിയസിന്റെ ജനനം. പത്താം വയസിന്റെ തുടക്കത്തില്‍ തന്നെ വിന്‍സിയസിന്റെ പ്രതിഭ കണ്ടെത്തിയ ബ്രസീല്‍ ക്ലബ്ബ് ഫ്‌ളെമിംഗോ താരത്തെ സ്വന്തമാക്കി. 13മത് വയസു മുതല്‍ അണ്ടര്‍ 15 ടീമിന്റെ നട്ടെല്ലായി മാറിയ വിന്‍സിയസ് ഫ്‌ളെമിംഗോ യൂത്ത് ടീമിലും ബ്രസീല്‍ യൂത്ത് ടീമിലും തന്റെ കളിമികവ് പുറത്തെടുത്തു.

2015ല്‍ കൊളംബിയയില്‍ നടന്ന അണ്ടര്‍ 15 സൗത്ത് അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ബ്രസീല്‍ ജയിക്കുമ്പോള്‍ വിന്‍സിയസിന്റെ ബൂട്ടില്‍ നിന്ന് പിറന്നത് അഞ്ച് ഗോളുകളായിരുന്നു. തീര്‍ന്നില്ല, ഈ വര്‍ഷം ആദ്യത്തില്‍ നടന്ന സൗത്ത് അമേരിക്കന്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ ഏഴ് ഗോളുകളിടിച്ച്  തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും ബ്രസീലിനെ വിന്‍സിയസ് ചാംപ്യന്‍മാരാക്കി.

ഈ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സിയസ് ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകക്കപ്പ് ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


വഴിത്തിരിവ്
വിന്‍സിയസിന്റെ പ്രതിഭ ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞ ഫ്‌ളെമിംഗോ 16മത് വയസില്‍ തന്നെ പ്രഫഷണല്‍ കരാറിലെത്തി. ഏകദേശം 30 ദശലക്ഷം യൂറോയ്ക്കാണ് താരവുമായി ക്ലബ്ബ് കരാറിലെത്തിയത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ കഴിഞ്ഞ മാസം അവസാനിച്ചപ്പോള്‍ പ്രതിഫലം 45 ദശലക്ഷം യൂറോയായി ഫ്‌ളെമിംഗോ ഉയര്‍ത്തി. മാറക്കാന സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ മിനെയ്‌റോയുമായി പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച താരത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍, അതുകാര്യമാക്കേണ്ടതില്ല, യുവതാരമായ വിന്‍സിയസിന് കഴിവ് തെളിയിക്കാന്‍ എത്രയോ അവസരം ഇനിയുമുണ്ടെന്നാണ് ഫ്‌ളെമിംഗോ പരിശീലകന്‍ സെ റോബര്‍ട്ടോ പറഞ്ഞത്.   

റിയലിന് കൈപൊള്ളുമോ?
333 കോടിക്ക് ഒരു പതിനാറുകാരനെ റിയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ട്. 623 കോടി രൂപയ്ക്ക് ബാഴ്‌സലോണ നെയ്മറെ സ്വന്തമാക്കിയതാണ് ബ്രസീലിലെ ഇതിനു മുമ്പുള്ള ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുക. 

സ്പാനിഷ് പത്രം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നതിനുസരിച്ച് ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ്, പിഎസ്ജി, ലിവര്‍പൂള്‍, ചെല്‍സി എന്നീ സൂപ്പര്‍ ക്ലബ്ബുകള്‍ക്കും വിന്‍സിയസിനെ നോട്ടമുണ്ടായിരുന്നു. ബാഴ്‌സയില്‍ ചേരുന്നതിനായി നെയ്മര്‍ വിന്‍സിയസുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശൈലി
പന്ത് കാലില്‍ വെച്ചുള്ള ഒരു കംപ്ലീറ്റ് പ്ലെയര്‍ ആണ് വിന്‍സിയസ്. വേഗത, സ്‌കില്‍, പന്തടക്കം തുടങ്ങിയവയോടൊപ്പം ഗോളടിക്കാനുള്ള ത്വരയുമാണ് വിന്‍സിയസിനെ വേറിട്ടു നിര്‍ത്തുന്നത്. പ്രതിരോധത്തിലുള്ള കഴിവ് കുറവും പെരുമാറ്റവും പ്രായം കൊണ്ടുള്ളതാണെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com