ബ്ലാസ്‌റ്റേഴ്‌സ് കച്ചമുറുക്കി കഴിഞ്ഞു, ഇനി പിടിച്ചാല്‍ കിട്ടില്ല മക്കളേ

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ശക്തരാണോ എന്ന് ചോദിച്ച് നെറ്റി ചുളിക്കുന്നവരുണ്ടാകും...അവര്‍ക്കുള്ള മറുപടി
ബ്ലാസ്‌റ്റേഴ്‌സ് കച്ചമുറുക്കി കഴിഞ്ഞു, ഇനി പിടിച്ചാല്‍ കിട്ടില്ല മക്കളേ

രണ്ട് തവണ കൈവിട്ടു പോയ കിരീടം ഇത്തവണ കയ്യിലുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പട കച്ചമുറുക്കി കഴിഞ്ഞു. ലോകോത്തര താരങ്ങളേയും പരിശീലകനേയും മഞ്ഞപ്പടയിലെത്തിച്ച് മാനേജ്‌മെന്റ് ആരാധകരുടെ ആവേശം വിസില്‍ മുഴങ്ങുന്നതിന് മുന്‍പേ കൊടുമുടി കടത്തി. 

നാലാം സീസണിലെ ട്രാന്‍സ്ഫര്‍ വിപണിയിലായാലും, ഇന്ത്യന്‍ കളിക്കാരെ തിരഞ്ഞെടുക്കുന്നതിലായാലും വ്യക്തമായ കണക്ക് കൂട്ടലുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍. ശക്തമായ ടീമും, തന്ത്രങ്ങള്‍ മെനയാന്‍ കരുത്തുള്ള പരിശീലകനും, പകരംവയ്ക്കാനില്ലാത്ത ആവേശവുമായി ആരാധക പടയും ഒന്നിച്ചു വരുമ്പോള്‍ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു കലക്ക് കലക്കും...

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ശക്തരാണോ എന്ന് ചോദിച്ച് നെറ്റി ചുളിക്കുന്നവരുണ്ടാകും...അവര്‍ക്കുള്ള മറുപടി

ഒന്നൊന്നര പ്രതിരോധമാണ്‌

ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോള്‍വല കുലുക്കാന്‍ എതിര്‍ ടീമുകള്‍ നന്നായി വിയര്‍ക്കേണ്ടി വരും. ശക്തമായ പ്രതിരോധ നിരയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ഇറങ്ങുക. കഴിഞ്ഞ മൂന്ന് സീസണിലും പ്രതിരോധ നിരയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പ് ചീട്ട്. രണ്ട് തവണ ഫൈനലിലേക്ക് മഞ്ഞപ്പടയെ എത്തിച്ചതില്‍ ഹ്യൂസും, ജിങ്കാനും പ്രതിരോധ നിരയില്‍ തീര്‍ത്ത കോട്ട വഹിച്ച പങ്ക് ചില്ലറയല്ല. 

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയെ മ്യൂലന്‍സ്റ്റി ഒന്നുകൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്. സന്ദേശ് ജിങ്കാനെ നിലനിര്‍ത്തിയ മ്യുലന്‍സ്റ്റി, ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നിന്നും പ്രതിരോധ നിര കാക്കാന്‍ ശക്തമായ താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് എത്തിച്ചു. 

വിദേശ താരങ്ങളായ വെസ് ബ്രൗണിനേയും, നെമാന്‍ജ ലാകിക്കിനേയും മഞ്ഞക്കുപ്പായത്തില്‍ എത്തിച്ച മ്യുലന്‍സ്റ്റീന്‍  പ്രിതം സിങ്ങിനേയും, ലാല്‍റുത്തറയേയും നിരത്തി പ്രതിരോധ കോട്ട ഭദ്രമാക്കുന്നു. റൈറ്റ് ബാക്കായി റിനോയും ഇറങ്ങുന്നതോടെ മറ്റ് ടീമുകളുടെ സ്‌ട്രൈക്കര്‍മാര്‍ വെള്ളം കുടിക്കും. 

ഇന്ത്യന്‍ പട ചില്ലറക്കാരല്ല

കളി മികവ് നിറയുന്ന വിദേശ താരങ്ങളെ സ്വന്തമാക്കിയതിന് പുറമെ, ഇന്ത്യന്‍ സാഹചര്യങ്ങളുടെ അനുകൂല ഘടകം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ താരങ്ങളെ ടീമില്‍ നിറയ്ക്കാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മറന്നില്ല. സന്ദേശ് ജിങ്കാനേയും, വിനീതിനേയും കെ.പ്രശാന്തിനേയും മഞ്ഞക്കുപ്പായത്തില്‍ നിര്‍ത്തിയ മാനേജ്‌മെന്റ് 3.5 കോടി രൂപയാണ് 13 താരങ്ങളെ പിടിക്കാനായി ഡ്രാഫ്റ്റ് വിപണിയിലേക്ക് എറിഞ്ഞത്. 

റിനോ ആന്റോയെ കൂടാതെ, മിലന്‍ സിങ്, ജാക്കിചന്ദ് സിങ്, അറാത ഇസുമി എന്നീ അനുഭവ സമ്പത്തുള്ള താരങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് മൈതാനത്ത് മുന്‍തൂക്കം നല്‍കും. നാല്‍പ്പത്തിരണ്ടുകാരനായ സന്ദീപ് നന്ദിയെ ഗോള്‍വല കാക്കാന്‍ എല്‍പ്പിച്ച് അനുഭവ സമ്പത്തിന് നല്‍കുന്ന മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

റെനി മ്യൂലന്‍സ്റ്റീന്‍ പോരെ

നാലാം സീസണിലെ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് പരിശീലകനായുള്ള റെനി മ്യൂലന്‍സ്റ്റീനിന്റെ വരവാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റ്ഡില്‍ നിന്നും ഒരാള്‍ മഞ്ഞപ്പടയെ മേയാക്കാന്‍ എത്തുന്നു എന്നതിലും വലുത് ആരാധകര്‍ക്ക് മറ്റൊന്നുമുണ്ടാകില്ല. 

സര്‍ അലെക്‌സി ഫെര്‍ഗൂസനില്‍ നിന്നും പഠിച്ച തന്ത്രങ്ങളുമായി മ്യുലന്‍സ്റ്റി വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി എതിര്‍ ടീമിനിണ്ടാക്കുന്ന
 ക്ഷതം പറഞ്ഞറിയിക്കാനാകാത്തതാകും. 

പിശുക്ക് ഇത്തവണ ഇല്ലാട്ടോ

നല്ല താരങ്ങളെ കൊണ്ടുവരാന്‍ പണമില്ലെങ്കില്‍ ഞങ്ങള്‍ ആരാധകര്‍ നൂറ് രൂപ വീതം പിരിവിട്ട് പണം കണ്ടെത്തി തരാമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോട് ആരാധകര്‍ പറഞ്ഞിരുന്നത്. വലിയ വില കൊടുത്ത് മാര്‍ക്വി താരത്തെ സ്വന്തമാക്കാതെ, അനുഭവ സമ്പത്തും കരുത്തും നിറഞ്ഞ താരങ്ങളെ കൊണ്ട് ടീം നിറയ്ക്കുക എന്നതായിരുന്നു കഴിഞ്ഞ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സ്വീകരിച്ച നയം. പക്ഷെ നാലാം സീസണില്‍ കളി പാടെ മാറി. 

വലിയ വില നല്‍കി ലോകോത്തര താരങ്ങളെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ വലവീശി് പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെ സ്വന്തമാക്കുന്നതിലും, വിദേശ താരങ്ങളെ കൊണ്ടുവരുന്നതിലും മാനേജ്‌മെന്റ് ഇത്തവണ പിശുക്ക് കാട്ടിയില്ല. 

മിന്നലാകും മുന്നേറ്റനിര

മൂര്‍ച്ഛയുള്ള മുന്നേറ്റ നിരയുടെ അഭാവമായിരുന്നു കഴിഞ്ഞ സീസണുകളില്‍ പല കളികളിലും ബ്ലാസ്റ്റേഴ്‌സിനെ വലച്ചത്. നാലാം സീസണില്‍ ഗോളിന് പിന്നാലെ ആരവം ഉയര്‍ത്താന്‍ ആരാധകര്‍ക്ക് അവസരം ഒരുപാടുണ്ടാകും. ശക്തമായ മുന്നേറ്റ നിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. 

സി.കെ.വിനീത്, ജാക്കിചന്ദ് എന്നിവര്‍ക്കൊപ്പം മൈതാനം നിറഞ്ഞ കളിക്കാന്‍ ഹ്യൂം എത്തുന്നതോടെ എതിര്‍ നിരയിലെ പ്രതിരോധ പട വലയും. ഇവര്‍ക്കൊപ്പം ദിമിതര്‍ ബെര്‍ബതോവും അണിനിരക്കുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് കിരീടിത്തില്‍ മുത്തമിടാ്ന്‍ പാകം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com