അഡ്‌ലെയ്ഡില്‍ അശ്വിന്റെ കളി; രണ്ടാം ദിനം ലീഡ് എടുക്കാന്‍ പണിപ്പെട്ട് ഓസ്‌ട്രേലിയ

ഇഷാന്ത് ശര്‍മ ഒഴികെ മറ്റ് ബൗളര്‍മാര്‍ക്ക്‌ വേണ്ട നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഓസീസിന്റെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ അശ്വിന്‍ ഡ്രസിങ് റൂമിലേക്ക് മടക്കി
അഡ്‌ലെയ്ഡില്‍ അശ്വിന്റെ കളി; രണ്ടാം ദിനം ലീഡ് എടുക്കാന്‍ പണിപ്പെട്ട് ഓസ്‌ട്രേലിയ

അഡ്‌ലെയ്ഡില്‍ ലീഡ് ഉയര്‍ത്തി ഭദ്രമായ സ്‌കോറിലേക്ക് എത്തുവാനുള്ള ഓസീസ് ശ്രമങ്ങള്‍ക്ക് തടയിട്ട് അശ്വിന്‍. ഇഷാന്ത് ശര്‍മ ഒഴികെ മറ്റ് ബൗളര്‍മാര്‍ക്ക്‌
വേണ്ട നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഓസീസിന്റെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ അശ്വിന്‍ ഡ്രസിങ് റൂമിലേക്ക് മടക്കി. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 133 റണ്‍സാണ് ഇന്ത്യയ്ക്കിപ്പോള്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്.

നേരിട്ട മൂന്നാം ബോളില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ കുറ്റി പറത്തി ഇഷാന്ത് ശര്‍മ ആതിഥേയരെ പ്രഹരിച്ച് തുടങ്ങിയെങ്കിലും മറ്റ് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഇശാന്തിന് പിന്തുണ കൊടുക്കുവാനായില്ല. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹാരിസും മൂന്നാമനായി ഇറങ്ങിയ ഉസ്മാന്‍ ഖവാജയും ചെറുത്ത് നിന്നതോടെ രണ്ടാം വിക്കറ്റിനായി ഇന്ത്യയ്ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നു. 

ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉണ്ടായത് പോലൊരു തകര്‍ച്ചയിലേക്ക് ഓസീസിനെ എത്തിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ഹാരിസിനെ 26 റണ്‍സില്‍ നില്‍ക്കെ മുരളി വിജയിയുടെ കൈകളില്‍ എത്തിച്ച അശ്വിന്‍ ഷോണ്‍ മാര്‍ഷിനേയും വന്നപ്പോള്‍ തന്നെ മടക്കി. 125 പന്തുകള്‍ നേരിട്ട് ക്രീസില്‍ നിലയുറപ്പിച്ച ഖവാജയെ 28 റണ്‍സ് എടുത്ത് നില്‍ക്കെ അശ്വിന്‍ പന്തിന്റെ കൈകളില്‍ എത്തിച്ചതോടെ ഇന്ത്യ കളിയിലേക്ക് വീണ്ടും തിരികെ വന്നു. 

ഖവാജയെ പുറത്താക്കിയതിലൂടെ അശ്വിന്റെ ഇരയാവുന്ന 179ാമത്തെ ഇടംകയ്യന്‍ ബാറ്റ്‌സ്മാനായി ഓസീസ് താരം. ടെസ്റ്റില്‍ മുത്തയ്യ മുരളീധരനാണ് ഏറ്റവും കൂടുതല്‍ വട്ടം ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയിരിക്കുന്നത്, 191 വട്ടം. നാല് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പം ഹെഡുമാണ് ഓസീസ് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി ലീഡ് മറികടക്കാന്‍ ശ്രമിക്കുന്നത്. രണ്ടാം ദിനം മൂന്നാം സെഷനിലേക്ക് കളി എത്തുമ്പോള്‍ 117 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിക്കറ്റ് കളയാതെ നിലയുറപ്പിച്ച് നില്‍ക്കുകയാണ് ഓസീസ് നയമെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com