രമേഷ് പവാര്‍ എന്നെ അപമാനിച്ചു, ഇല്ലാതാക്കാന്‍ ശ്രമിച്ചു: പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മിതാലി രാജ്

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ മിതാലി രാജിനെ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വിവാദങ്ങള്‍ പുകയുകയാണ്.
രമേഷ് പവാര്‍ എന്നെ അപമാനിച്ചു, ഇല്ലാതാക്കാന്‍ ശ്രമിച്ചു: പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മിതാലി രാജ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ മിതാലി രാജിനെ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വിവാദങ്ങള്‍ പുകയുകയാണ്. മിതാലി ബിസിസിഐയ്ക്ക് കത്തയച്ചയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. വനിതാ ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രമേഷ് പവാര്‍, ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവും വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഡയാന എഡുല്‍ജി തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കത്ത്.

'അധികാരം കൈവശമുള്ള ചിലര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് കത്തില്‍ മിതാലി രാജ് ആരോപിക്കുന്നത്. ഡയാന എഡുല്‍ജിയുടെ നിലപാടുകള്‍ ശുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയ മിതാലി, പരിശീലകന്‍ രമേഷ് പവാര്‍ തന്നെ തുടര്‍ച്ചയായി അപമാനിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. 

സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ടീം മാനേജര്‍ തൃപ്തി ഭട്ടാചാര്യ എന്നിവര്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയെക്കണ്ട് തിങ്കളാഴ്ച വിശദീകരണം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് മിതാലിയും ഹര്‍മന്‍പ്രീതും മറ്റു ബിസിസിഐ അധികൃതരെയും കണ്ട് ടീം സിലക്ഷനുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശദീകരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തില്‍ മിതാലിയെ ഉള്‍പ്പെടുത്താതെ ഇറങ്ങിയ ഇന്ത്യ, എട്ടുവിക്കറ്റില്‍ തോല്‍ക്കുകയായിരുന്നു.

അതേസമയം ഹര്‍മന്‍പ്രീത്, മിതാലിയെ ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തില്‍ ഖേദമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഹര്‍മന്‍പ്രീതിനെതിരെ തനിക്ക് പ്രത്യേകിച്ചൊരു പരാതിയുമില്ലെന്ന് മിതാലി കത്തില്‍ വ്യക്തമാക്കി. തന്നെ ടീമില്‍നിന്ന് പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ ഹര്‍മന്‍പ്രീത് പിന്തുണച്ചത് വേദനിപ്പിച്ചു. ഈ ലോകകപ്പ് ടീമിനായി നേടിയെടുക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ലോകകപ്പ് ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇക്കുറി നാം നഷ്ടമാക്കിയത്'- മിതാലി വ്യക്തമാക്കി.

ടീമിന്റെ പരിശീലകനായ രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായും മിതാലി ആരോപിച്ചു. 'ഇരുപത് വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഞാന്‍ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ നിരാശയിലാണ്ട് പോയിരിക്കുന്നു. അധികാരത്തിലിരിക്കുന്ന ചില വ്യക്തികള്‍ എനിക്ക് ഒരു വിലയും നല്‍കുന്നില്ലെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ഞാന്‍ രാജ്യത്തിന് വേണ്ടി കളിച്ചതെല്ലാം അവര്‍ വില കുറച്ചു കാണുന്നു. എന്നെ ഇല്ലാതാക്കാനും എന്റെ ആത്മവിശ്വാസം തകര്‍ക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.' ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍ ജി.എം സബാ കരീമിനും എഴുതിയ കത്തില്‍ മിതാലി ചൂണ്ടിക്കാട്ടുന്നു.

'ട്വന്റി20 ക്യാപ്റ്റനായ ഹര്‍മന്‍പ്രീതുമായി എനിക്കു യാതൊരു പ്രശ്‌നവുമില്ലെന്ന് ഈ അവസരത്തില്‍ ഞാന്‍ പറയട്ടെ. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയ രമേശ് പൊവാറിന്റെ തീരുമാനത്തെ അവള്‍ പിന്തുണച്ചത് എന്നെ വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. എന്റെ രാജ്യത്തിന് വേണ്ടി എനിക്ക് ലോകകപ്പ് വിജയിക്കണമായിരുന്നു. പക്ഷേ സെമിയില്‍ തോറ്റ് സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് എന്നെ ഏറെ വേദനിപ്പിച്ചു.' മിതാലി കത്തില്‍ പറയുന്നു.

തന്നെ ടീമില്‍നിന്നു പുറത്താക്കിയതിനെ പിന്തുണച്ച മുന്‍ വനിതാ ടീം ക്യാപ്റ്റന്‍ കൂടിയായ ഡയാന എഡുല്‍ജിക്കെതിരെ കൂടുതല്‍ രൂക്ഷമായിരുന്നു മിതാലിയുടെ പ്രതികരണം. ബിസിസിഐയില്‍ അവര്‍ക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് മിതാലി ആരോപിച്ചു. 

'20 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ ഞാന്‍ ഈ വിധത്തില്‍ തകര്‍ന്നുപോകുന്നത് ഇതാദ്യമാണ്. രാജ്യത്തിനായി ഞാന്‍ നല്‍കിയിട്ടുള്ളതും ഇപ്പോഴും നല്‍കുന്നതുമായ സംഭാവനകളോട് അധികാരത്തിലുള്ള ചിലര്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള ബഹുമാനമുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. എന്നെ തകര്‍ക്കാന്‍ മാത്രമാണ് അവരുടെ ശ്രമം.'

'ഇടക്കാല ഭരണസമിതി അംഗമെന്ന നിലയില്‍ എല്ലാ വിധത്തിലും ഡയാന എഡുല്‍ജിയെ ഞാന്‍ ബഹുമാനിച്ചിട്ടുണ്ട്. വിശ്വസിച്ചിട്ടുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ ഞാന്‍ നേരിട്ട ദുരനുഭവം നേരിട്ടുവിവരിച്ചിട്ടും അവര്‍ എനിക്കെതിരെ നില്‍ക്കുന്നതില്‍ വിഷമമുണ്ട്. എന്നെ പുറത്തിരുത്തിയ തീരുമാനത്തെ പിന്തുണച്ച അവരുടെ നിലപാട് എന്നെ തകര്‍ത്തുകളഞ്ഞു. കാരണം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ അവര്‍ക്കുണ്ട്'- മിതാലി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com