മെസിയേയും മറികടന്ന് ഛേത്രി, ഇനി ക്രിസ്റ്റ്യാനോ മാത്രം മുന്നിൽ; 55 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ പോരിൽ വിജയം; ഉജ്ജ്വലമായി തുടങ്ങി ഇന്ത്യ

55 വർഷത്തെ ഇന്ത്യയുടെ നീണ്ട കാത്തിരിപ്പിന് വിരാമം. എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു വിജയമെന്ന സ്വപ്നം പൂവണിയിച്ച് ഇന്ത്യ ഉജ്ജ്വല തുടക്കമിട്ടു
മെസിയേയും മറികടന്ന് ഛേത്രി, ഇനി ക്രിസ്റ്റ്യാനോ മാത്രം മുന്നിൽ; 55 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ പോരിൽ വിജയം; ഉജ്ജ്വലമായി തുടങ്ങി ഇന്ത്യ

അബുദാബി: 55 വർഷത്തെ ഇന്ത്യയുടെ നീണ്ട കാത്തിരിപ്പിന് വിരാമം. എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു വിജയമെന്ന സ്വപ്നം പൂവണിയിച്ച് ഇന്ത്യ ഉജ്ജ്വല തുടക്കമിട്ടു. സൂപ്പർ സ്ട്രൈക്കർ സുനിൽ ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് തകർത്തു. ഇരട്ട ഗോളോടെ സാക്ഷാല്‍ ലയണല്‍ മെസിയേയും ഛേത്രി മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഛേത്രിക്ക് സ്വന്തമായി. 65 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രമാണ് ഇന്ത്യൻ താരത്തിന് മുന്നിലുള്ളത്. 

1964 ഏഷ്യന്‍ കപ്പിലാണ് ഇതിന് മുൻപ് ഇന്ത്യ അവസാനം വിജയിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയെ 2-0ത്തിനും ഹോങ്കോങ്ങിനെ 3-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ പോരിനിറങ്ങിയത്. 

കളി തുടങ്ങി 27-ാം മിനുട്ടിലാണ് ഇന്ത്യയുടെ ആദ്യ ​ഗോൾ പിറന്നത്. സുനില്‍ ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധപ്പിഴവില്‍ ഹാന്‍ഡ് ബോള്‍ വിളിക്കുകയായിരുന്നു റഫറി. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സുനില്‍ ഛേത്രി വലയിലാക്കി. എന്നാല്‍ 15 മിനുട്ടിന് ശേഷം തായ്‌ലന്‍ഡ് ഒപ്പം പിടിച്ചു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഛേത്രി വീണ്ടും വല കുലുക്കി. ഇത്തവണ ഉദാന്ത നല്‍കിയ ക്രോസ് ആഷിഖ് ഛേത്രിക്ക് മറിച്ചുകൊടുത്തു. ടോപ്പ് കോര്‍ണര്‍ ലക്ഷ്യമാക്കിയുള്ള ഛേത്രിയുടെ ഷോട്ട് വലയിൽ. 68-ാം മിനുട്ടില്‍ ഇന്ത്യയുടെ മൂന്നാം ഗോളും പിറന്നു. സുനില്‍ ഛേത്രി ഉദാന്തക്ക് പന്ത് കൈമാറി. ബോക്സിനുള്ളില്‍ വട്ടം കറങ്ങിയ ഉദാന്ത ഓടിയെത്തിയ അനിരുദ്ധ് ഥാപ്പയ്ക്ക് പാസ് നല്‍കി. ഫ്രീയായി നിന്ന ഥാപ്പ പന്ത് അനായാസം ​ഗോളാക്കി. 78-ാം മിനുട്ടിൽ ആഷിഖിന് പകരക്കാരനായി ക്രീസിലെത്തിയ ജെജെ ലാല്‍പെഖുലയുടേതായിരുന്നു അടുത്ത ഊഴം. കളത്തിലിറങ്ങി നാല് മിനുട്ടിനുള്ളില്‍ ജെജെയും ലക്ഷ്യം കണ്ടു. വ്യാഴാഴ്ച രണ്ടാം പോരാട്ടത്തിൽ ഇന്ത്യ യുഎഇയുമായി ഏറ്റുമുട്ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com