അഡ്‌ലെയ്ഡ് ഏകദിനം; ഓസീസിന്റെ ഓപ്പണര്‍മാര്‍ മടങ്ങി, സിഡ്‌നിയിലേത് ആവര്‍ത്തിക്കാന്‍ മധ്യനിര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 10:02 AM  |  

Last Updated: 15th January 2019 10:04 AM  |   A+A-   |  

bhuvneshwar

ടോസ് നേടി രണ്ടാം ഏകദിനത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരെയാണ് ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കത്തിലെ മടക്കിയത്. ഒരിക്കല്‍ കൂടി ആരോണ്‍ ഫിഞ്ച് പരാജയപ്പെട്ടപ്പോള്‍ ഭുവി ഓസീസ് നായകന്റെ കുറ്റി തെറിപ്പിച്ചു. അലക്‌സ് കെയ്‌റയേ ധവാന്റെ കൈകളിലേക്ക് എത്തിച്ച് മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് കളിയില്‍ മുന്‍തൂക്കം നേടിത്തന്നു. 

പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്നാണ് ഓസീസിന്റെ സ്‌കോര്‍. ഖവാജയും, ഷോണ്‍ മാര്‍ഷുമാണ് ഇപ്പോള്‍ ക്രീസില്‍. സിഡ്‌നി ഏകദിനത്തില്‍ മധ്യനിരയുടെ കരുത്തിലായിരുന്നു ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. അഡ്‌ലെയ്ഡ്  ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണെന്നാണ് പറയപ്പെടുന്നത്. സിഡ്‌നിയിലെ പോലെ അഡ്‌ലെയ്ഡിലും ഓസീസ് മാധ്യനിര താളം കണ്ടെത്തിയാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാവും. 

40 സെല്‍ഷ്യസ് താപനിലയുള്ള അഡ്‌ലെയ്ഡില്‍ ടോസ് നേടിയിരുന്നു എങ്കില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നു എന്ന് കോഹ് ലിയും പറഞ്ഞിരുന്നു. അഡ്‌ലെയ്ഡില്‍ അടുത്തിടെ നടന്ന ഏകദിനങ്ങളിലെല്ലാം ചെറിയ സ്‌കോറാണ് പിറന്നിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് 231 റണ്‍സ് എടുത്ത ഓസ്‌ട്രേലിയ ഇവിടെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ജയം നേടിയിരുന്നു.

ഇന്ത്യ ഖലീല്‍ അഹ്മദിനെ മാറ്റി, മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയാണ് ഇറങ്ങിയിരിക്കുന്നത്. ദിനേശ് കാര്‍ത്തിക്കിന് പകരം കേഥാര്‍ ജാദവ് ടീമിലേക്ക് എത്തിയേക്കുമെന്ന് സൂചനയുണ്ടായെങ്കിലും കാര്‍ത്തിക്കിന് വീണ്ടും അവസരം ലഭിച്ചു. ആദ്യ ഏകദിനത്തില്‍ ഇറങ്ങിയ ടീമില്‍ മാറ്റം വരുത്താതെയാണ് ഓസീസിന്റെ കളി.