രോഹിത് ശര്‍മ ഓസീസ് മണ്ണില്‍, 14 ദിവസം ക്വാറന്റൈനില്‍

14 ദിവസം രോഹിത്തിന് ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയണം. ഇതോടെ ആദ്യ രണ്ട് ടെസ്റ്റുകള്‍ താരത്തിന് നഷ്ടമാവും
രോഹിത് ശര്‍മ/ ഫയല്‍ ഫോട്ടോ
രോഹിത് ശര്‍മ/ ഫയല്‍ ഫോട്ടോ

സിഡ്‌നി: ആശങ്കകള്‍ക്കൊടുവില്‍ ഓസ്‌ട്രേലിയയില്‍ എത്തി രോഹിത് ശര്‍മ. 14 ദിവസം രോഹിത്തിന് ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയണം. ഇതോടെ ആദ്യ രണ്ട് ടെസ്റ്റുകള്‍ താരത്തിന് നഷ്ടമാവും. 

മൂന്നാം ടെസ്റ്റിന്റെ സമയമാവുമ്പോഴേക്കും രോഹിത്തിന് കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്കിനെ തുടര്‍ന്ന് ഏകദിന, ടി20 പരമ്പരകള്‍ രോഹിത്തിന് നഷ്ടമായിരുന്നു. ഐപിഎല്ലിന് ഇടയിലാണ് രോഹിത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി വെല്ലുവിളിയായി എത്തുന്നത്. 

 ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ആദ്യം രോഹിത്തിനെ ടീം മാനേജ്‌മെന്റ് ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് കളിക്കുകയും, പിന്നാലെ ബിസിസിഐ രോഹിത്തിന്റെ ഫിറ്റ്‌നസില്‍ വീണ്ടും പരിശോധന നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ പേര് ഉള്‍പ്പെടുത്തിയത്. ടീമിനൊപ്പം രോഹിത് ഓസ്‌ട്രേലിയക്ക് പറക്കാതിരുന്നതും വലിയ ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കോവിഡ് ബാധിതനായ പിതാവിന്റെ ആരോഗ്യാവസ്ഥയിലെ ആശയ കുഴപ്പത്തെ തുടര്‍ന്നാണ് രോഹിത് ഇന്ത്യയിലേക്ക് തിരികെ വന്നത് എന്ന് ബിസിസിഐ വ്യക്തമാക്കി.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിറ്റേഷന്‍ പ്രൊസസ് രോഹിത് പൂര്‍ത്തിയാക്കി. നവംബര്‍ 19 മുതല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്ന് മുക്തനാവാനുള്ള പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു രോഹിത്. ക്വാറന്റൈനില്‍ ഇരിക്കുന്ന രണ്ടാഴ്ച ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ ചെയ്യേണ്ട പ്രോഗ്രാമുകളെ കുറിച്ച് രോഹിത്തിനെ ബോധവാനാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ടീം ഇന്ത്യയുടെ മെഡിക്കല്‍ ടീം രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കും, ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com