തുടക്കത്തിലെ കാലിടറി ഇന്ത്യ;  രണ്ട് വിക്കറ്റുകള്‍ വീണു; കോലിയും അയ്യരും ക്രീസില്‍

തുടക്കത്തിലെ കാലിടറി ഇന്ത്യ;  രണ്ട് വിക്കറ്റുകള്‍ വീണു; കോലിയും അയ്യരും ക്രീസില്‍

പൃഥി ഷായുടെയും മായങ്ക് അഗര്‍വാളിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ 274 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പൃഥി ഷായുടെയും മായങ്ക് അഗര്‍വാളിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. പൃഥി ഷാ 24 റണ്‍സും അഗര്‍വാള്‍ മൂന്ന് റണ്‍സുമാണ് എടുത്തത്. ക്യാപ്റ്റന്‍ വീരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസിലുളളത്. അരങ്ങേറ്റക്കാരനായ ജാമിസണാണ് പൃഥി ഷായുടെ വിക്കറ്റ് എടുത്തത്. അഗര്‍വാളിനെ വീഴ്ത്തിയത് സൗത്തിയാണ്.

നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ കിവീസ്  273 റണ്‍സ് നേടി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 41 റണ്‍സെടുത്ത നിക്കോള്‍സിനെ പുറത്താക്കി യുസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ ബ്ലന്‍ഡലിനൊപ്പം ചേര്‍ന്ന് ഗപ്റ്റില്‍ 49 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. 25 പന്തില്‍ 22 റണ്‍സെടുത്ത ബ്ലന്‍ഡലിനെ പുറത്താക്കി ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചു.

രണ്ടു വിക്കറ്റിന് 142 റണ്‍സ് എന്ന നിലയിലായിരുന്നു ന്യൂസീലന്‍ഡിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. 55 റണ്‍സിനിടയില്‍ കിവീസിന് ആറു വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ഒമ്പതാം വിക്കറ്റില്‍ ആറടി എട്ടിഞ്ചുകാരനായ പേസ് ബൗളര്‍ കെയ്ല്‍ ജാമിസണെ കൂട്ടുപിടിച്ച് ടെയ്‌ലര്‍ ന്യൂസീലന്‍ഡിന്റെ സ്‌കോര്‍ 250 കടത്തി. അരങ്ങേറ്റ താരത്തിന്റെ ആശങ്കകളില്ലാതെ ജാമിസണ്‍ ടെയ്‌ലര്‍ക്ക് പിന്തുണ നല്‍കി. ഇരുവരും ഒമ്പതാം വിക്കറ്റില്‍ പുറത്താകാതെ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ടെയ്‌ലര്‍ 74 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 73 റണ്‍സ് നേടിയപ്പോള്‍ ജാമിസണ്‍ ഒരു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 24 പന്തില്‍ 25 റണ്‍സ് അടിച്ചെടുത്തു.

79 പന്തില്‍ 79 റണ്‍സെടുത്ത ഗപ്റ്റില്‍ റണ്‍ഔട്ടായി. എട്ടു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്‌സ്.  ഠാക്കൂറിന്റെ ത്രോയില്‍ രാഹുല്‍ ഗപ്റ്റിലിനെ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നീട് കിവീസിന് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടു. ടോം ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയതിന് പിന്നാലെ ഒരു ബുള്ളറ്റ് ത്രോയിലൂടെ ജെയിംസ് നീഷാമിനെ രവീന്ദ്ര ജജഡേജ റണ്‍ഔട്ടാക്കി. ലാഥം ഏഴ് റണ്‍സും നീഷാം മൂന്നു റണ്‍സുമാണ് നേടിയത്. അഞ്ചു റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ ഠാക്കൂര്‍ തിരിച്ചയച്ചപ്പോള്‍ രണ്ടു പന്ത് നേരിട്ട ചാപ്മാനെ ചാഹല്‍ റിട്ടേണ്‍ ക്യാച്ചെടുത്തു. മൂന്നു റണ്‍സെടുത്ത ടിം സൗത്തിക്കും അധികം ആയുസുണ്ടായിരുന്നില്ല. മൂന്നു റണ്‍സിന് പുറത്തായി.

ഇന്ത്യക്കായി ചാഹല്‍ 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്ത ശര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടു വിക്കറ്റെടുത്തു. 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്‌നിക്കും ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ല. ബുംറ 10 ഓവറില്‍ 64 റണ്‍സാണ് വഴങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com