പരമ്പര പിടിക്കാനിറങ്ങുന്ന ഇന്ത്യക്ക് തലവേദന; ബംഗളൂരുവില്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ഇങ്ങനെ

രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് രാജ്‌കോട്ട് ഏകദിനത്തിന് പിന്നാലെ കോഹ് ലി വ്യക്തമാക്കിയത്
പരമ്പര പിടിക്കാനിറങ്ങുന്ന ഇന്ത്യക്ക് തലവേദന; ബംഗളൂരുവില്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ഇങ്ങനെ

ബംഗളൂരു: സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ തുടര്‍ച്ചയായ രണ്ടാം പരമ്പര തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. നിര്‍ണായകമായ ഏകദിനത്തിന് മുന്‍പ് രോഹിത്തിനും ശിഖര്‍ ധവാനുമേറ്റ പരിക്കാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ടോസ് സമയത്ത് മാത്രമാവും ഇവരുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് അന്തിമ തീരുമാനം വ്യക്തമാക്കുക. 

രോഹിത്, ധവാന്‍ എന്നിവരില്‍ ഒരാള്‍ക്ക് മാറി നില്‍ക്കേണ്ടി വന്നാല്‍ രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് രാജ്‌കോട്ട് ഏകദിനത്തിന് പിന്നാലെ കോഹ് ലി വ്യക്തമാക്കിയത്. ഇടത് തോളില്‍ നീര്‍ക്കെട്ട് ഇല്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്നായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

ഇതിന് മുന്‍പ് പരമ്പര ജയം നിര്‍ണയിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗളൂരുവില്‍ തന്നെ ഇറങ്ങിയപ്പോഴാണ് രോഹിത് ഏകദിനത്തിലെ തന്റെ ആദ്യ ഇരട്ട ശതകത്തിലേക്ക് എത്തിയത്. ആറ് വര്‍ഷത്തിന് ശേഷം അതുപോലൊരു വെടിക്കെട്ട് രോഹിത്തില്‍ നിന്ന് സ്വപ്‌നം കാണുകയാണ് ആരാധകര്‍.

രാജ്‌കോട്ടില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെയാണ് കമിന്‍സിന്റെ ബൗണ്‍സര്‍ ധവാന്റെ വാരിയെല്ലില്‍ കൊണ്ടത്. ഇതിന് ശേഷവും ധവാന്‍ ബാറ്റിങ് തുടര്‍ന്നിരുന്നു. ഇതും ബംഗളൂരുവില്‍ ധവാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങും എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 

മുംബൈ ഏകദിനത്തില്‍ ബൗണ്‍സര്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് കണ്‍കഷന്‍ പ്രോട്ടോക്കോളിനെ തുടര്‍ന്ന് രണ്ടാം ഏകദിനത്തില്‍ വിട്ടുനില്‍ക്കേണ്ടി വന്ന റിഷഭ് പന്തിന് ബംഗളൂരുവില്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനായേക്കും. രണ്ടാം ഏകദിനത്തിലെ രാഹുലിന്റെ വിക്കറ്റ് കീപ്പിങ് മികവ് ഇവിടെ ടീം മാനേജ്‌മെന്റ് കാര്യമായെടുക്കാനുള്ള സാധ്യത കുറവാണ്. 

അതല്ലെങ്കില്‍ രാഹുലിനെ വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാനായി ഉള്‍പ്പെടുത്തി പന്തിനെ മാറ്റി നിര്‍ത്തി മനീഷ് പാണ്ഡേയ്ക്ക് വീണ്ടും അവസരം നല്‍കണം. രാജ്‌കോട്ടില്‍ വിജയം നേടിത്തന്ന ബൗളര്‍മാരെ തന്നെയാവും ചിന്നസ്വാമിയിലും ഇന്ത്യ ഇറക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com