ഹീലിക്ക് മുന്‍പില്‍ വിറച്ച് ഇന്ത്യ, ഫൈനലില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കം

ദീപ്തി ശര്‍മയുടെ കൈകളിലേക്ക് ന്യൂബോള്‍ നല്‍കിയാണ് ഫൈനലില്‍ ഇന്ത്യ ആക്രമണത്തിന് തുടക്കമിട്ടത്. എന്നാല്‍ ഓസീസ് ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി എലിസ ഹീലി തുടങ്ങി
ഹീലിക്ക് മുന്‍പില്‍ വിറച്ച് ഇന്ത്യ, ഫൈനലില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കം


മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ നെഞ്ചടിപ്പ് കൂട്ടി ഓസ്‌ട്രേലിയയുടെ തുടക്കം. ആദ്യ ഓവറുകളില്‍ ഓപ്പണര്‍ ഹീലി കത്തിക്കയറിയപ്പോള്‍ ബൗണ്ടറികള്‍ ഒഴുകി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സ് എന്ന നിലയിലാണ്.

സ്പിന്നര്‍ ദീപ്തി ശര്‍മയുടെ കൈകളിലേക്ക് ന്യൂബോള്‍ നല്‍കിയാണ് ഫൈനലില്‍ ഇന്ത്യ ആക്രമണത്തിന് തുടക്കമിട്ടത്. എന്നാല്‍ ഓസീസ് ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി എലിസ ഹീലി തുടങ്ങി. ആദ്യ ഓവറില്‍ 14 റണ്‍സാണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്.

എന്നാല്‍ ഒന്നാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയില്‍ ഹീലിയെ പുറത്താക്കാന്‍ ലഭിച്ച അവസരം ഷോര്‍ട്ട് എക്സ്രാ കവറില്‍ ക്യാച്ച് താഴെയിട്ട് ഷഫാലി വര്‍മ നഷ്ടപ്പെടുത്തി. തൊട്ടടുത്ത പന്തില്‍ ഓവറിലെ മൂന്നാം ബൗണ്ടറി കടത്തിയാണ് ഹീലി ജീവന്‍ തിരിച്ചു കിട്ടിയത് ആഘോഷിച്ചത്.

രണ്ടാം ഓവറില്‍ ശിഖ പാണ്ഡേയുടെ കൈകളിലേക്ക് ഹര്‍മന്‍ പന്ത് നല്‍കിയിട്ടും റണ്‍ ഒഴുക്ക് തടയാനായില്ല. രണ്ടാം ഓവറിലും ഹീലി രണ്ട് ബൗണ്ടറി കണ്ടെത്തി. ആദ്യ നാല് ഓവറിനുള്ളില്‍ ഹീലിയില്‍ നിന്ന് വന്നത് ആറ് ഫോറുകള്‍. അഞ്ച് ഓവറിലേക്ക് കളി എത്തുമ്പോള്‍ 16 പന്തില്‍ നിന്ന് 181 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 29 റണ്‍സ് എടുത്ത് വെടിക്കെട്ട് തുടരുകയാണ് ഹീലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com