കോച്ച് എത്തുക പിപിഇ കിറ്റണിഞ്ഞ്, ഓരോ താരത്തിനും പ്രത്യേകം പന്തുകള്‍, വാട്ടര്‍ ബോട്ടില്‍; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലനത്തിന് ഒരുങ്ങി

വെസ്റ്റ് ഇന്‍ഡീസിനും പാകിസ്ഥാനും എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനമാണ് ആരംഭിക്കുന്നത്
കോച്ച് എത്തുക പിപിഇ കിറ്റണിഞ്ഞ്, ഓരോ താരത്തിനും പ്രത്യേകം പന്തുകള്‍, വാട്ടര്‍ ബോട്ടില്‍; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലനത്തിന് ഒരുങ്ങി

ലണ്ടന്‍: അടുത്ത ആഴ്ച പരിശീലനം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വേണ്ട സുരക്ഷ മുന്നൊരുക്കള്‍ സ്വീകരിച്ചു. ഓരോ താരത്തിനും പ്രത്യേകം പന്തുകളുണ്ടാവും. ഇതില്‍ ഉമിനീര് പുരട്ടാന്‍ അനുവദിക്കില്ല. ഓരോ താരത്തിനും പ്രത്യേകം വാട്ടര്‍ ബോട്ടിലുകളും ഉണ്ടാവും. കോച്ചും, ഫിസിയോയും പിപിഇ കിറ്റ് ധരിക്കും.

വെസ്റ്റ് ഇന്‍ഡീസിനും പാകിസ്ഥാനും എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനമാണ് ആരംഭിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത് മുന്‍പില്‍ കണ്ട് 30 ക്രിക്കറ്റ് താരങ്ങള്‍ പരിശീലനം ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

സാമൂഹിക അകലം പാലിക്കുന്നതിനായി 11 കൗണ്ടി ഗ്രൗണ്ടുകളിലായി വ്യത്യസ്ത സമയങ്ങളിലാണ് കളിക്കാര്‍ പരിശീലനം നടത്തുക. റിസ്‌ക് എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുമോ അത്രത്തോളം കുറക്കാനാണ് ശ്രമം. ഒരു ഗ്രൗണ്ടില്‍ വ്യക്തിഗത പരിശീലനത്തിലായിരിക്കും കളിക്കാര്‍ ഏര്‍പ്പെടുക. എന്നാല്‍ അഞ്ച് ആറ് ബൗളര്‍മാര്‍ക്ക് ഒരു പരിശീലകനാവും ഉണ്ടാവുക. വൈറസ് ബാധ പകരാന്‍ ഇടയാക്കും വിധം അടുത്ത് ഇവര്‍ ഇടപഴകില്ല. 

രണ്ടാഴ്ചക്ക് ശേഷമായിരിക്കും ബാറ്റ്‌സ്മാന്മാര്‍ നെറ്റ്‌സിലെത്തുക. ഇവര്‍ നെറ്റ്‌സില്‍ പന്ത് കൈകൊണ്ട് തിരികെ എടുത്ത് നല്‍കാന്‍ പാടില്ല. ബാറ്റുകൊണ്ട് തട്ടിയിട്ട് കൊടുക്കുകയോ മറ്റോ ചെയ്യണമെന്നാണ് നിര്‍ദേശം. സ്വന്തം കാറില്‍ എത്താനാണ് കളിക്കാര്‍ക്ക് നിര്‍ദേശം. സ്വന്തം വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കണം. ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം. ഗ്രൗണ്ടിലേക്കെത്തുമ്പോള്‍ കളിക്കാരുടെ ശരീരോഷ്മാവും പരിശോധിക്കും. 

വീടിന് പുറത്തിറങ്ങുന്നത് ഇപ്പോഴും അപകടകരമാണ്. പരിസ്ഥിതിയെ കണ്‍ട്രോള്‍ ചെയ്യാന്‍ നമുക്ക് സാധിക്കണം. അതുകൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോവുന്നതിലും സുരക്ഷിതമാണ് പരിശീലനം ആരംഭിക്കുന്നതെന്ന് ഇസിബി ഡയറക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com