121-2ല്‍ നിന്ന് 153ന് ഓള്‍ഔട്ട്, ബാംഗ്ലൂരിനെ തുണച്ച് ബൗളര്‍മാര്‍; 10 റണ്‍സ് ജയം 

മൂന്ന് വിക്കറ്റ് നേടി ചഹലും, രണ്ട് വീതം വിക്കറ്റ് വീഴ്ത്തി സെയ്‌നിയും ശിവം ദുബെയും ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിനെ വീഴ്ത്തിയത്
121-2ല്‍ നിന്ന് 153ന് ഓള്‍ഔട്ട്, ബാംഗ്ലൂരിനെ തുണച്ച് ബൗളര്‍മാര്‍; 10 റണ്‍സ് ജയം 

ദുബായ്: ഐപിഎല്ലില്‍ ബൗളര്‍മാരുടെ മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയ തുടക്കം. 163 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കോഹ്‌ലിയും കൂട്ടരും 10 റണ്‍സിന് തോല്‍പ്പിച്ചു. 

മൂന്ന് വിക്കറ്റ് നേടി ചഹലും, രണ്ട് വീതം വിക്കറ്റ് വീഴ്ത്തി സെയ്‌നിയും ശിവം ദുബെയും ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിനെ വീഴ്ത്തിയത്. ആറ് റണ്‍സ് എടുത്ത് നില്‍ക്കെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ഹൈദരാബാദിന് നഷ്ടമായെങ്കിലും 43 പന്തില്‍ നിന്ന് 61 റണ്‍സ് നേടി ബെയര്‍‌സ്റ്റോയും 34 റണ്‍സ് നേടി മനീഷ് പാണ്ഡേയും ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ കാത്തു.

എന്നാല്‍ ബെയര്‍‌സ്റ്റോയേയും മനേഷ് പാണ്ഡേയേയും പുറത്താക്കി ചഹല്‍ ബാംഗ്ലൂരിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും പുറത്തായതിന് ശേഷം പ്രിയം ഗാര്‍ഗ്  മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നത്. 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയില്‍ നിന്നാണ് 19.4 ഓവറില്‍ 153 റണ്‍സിന് സണ്‍റൈസേഴ്‌സ് ഒഓള്‍ ഔട്ടായത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കിയായിരുന്നു മലയാളിയായ ദേവ്ദത്ത് പടിക്കലിന്റെ കളി. ഐപിഎല്ലില്‍ ബാംഗ്ലൂരിനായി അരങ്ങേറിയ ദേവ്ദത്ത് ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്ത് അര്‍ധ സെഞ്ചുറി കണ്ടെത്തി. 42 പന്തില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെയായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. 

കോഹ് ലി 14 റണ്‍സ് എടുത്ത് പുറത്തായെങ്കിലും ഡിവില്ലിയേഴ്‌സ് മിന്നിയതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ 150 കടന്നു. 30 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ അര്‍ധ ശതകം. ഫിഞ്ച് 29 റണ്‍സ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com