മുംബൈ ടെസ്റ്റ്; ആദ്യ ദിനം 78 ഓവറായി ചുരുക്കി; കെയ്ന്‍ വില്യംസണും കളിക്കില്ല 

നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് ടോസ് ഇടുന്നത് 11.30ലേക്ക് നീട്ടി. 12 മണിക്ക് കളി ആരംഭിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 78 ഓവറായി ചുരുക്കി. നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് ടോസ് ഇടുന്നത് 11.30ലേക്ക് നീട്ടി. 12 മണിക്ക് കളി ആരംഭിക്കും. 

ടോം ലാതം കിവീസിനെ നയിക്കും

നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലാന്‍ഡ് കളിക്കാന്‍ ഇറങ്ങുക. കൈമുട്ടിലെ പരിക്കിനെ തുടര്‍ന്ന് വില്യംസണ്‍ മുംബൈയില്‍ കളിക്കില്ല. വില്യംസണിന്റെ അഭാവത്തില്‍ ടോം ലാതം ന്യൂസിലാന്‍ഡിനെ നയിക്കും. ഏറെ നാളായി വില്യംസണിനെ അലട്ടുന്നതാണ് കൈമുട്ടിലെ പരിക്ക്. കാണ്‍പൂര്‍ ടെസ്റ്റിന് പിന്നാലെ ഈ പരിക്ക് വഷളായതായി ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് അറിയിച്ചിരുന്നു. 

ഇന്ത്യന്‍ ക്യാംപിലും പരിക്ക് 

മൂന്ന് കളിക്കാരെയാണ് പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്ക് നഷ്ടമായത്. വൈസ് ക്യാപ്റ്റന്‍ രഹാനെ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവര്‍ മുംബൈയില്‍ കളിക്കില്ല. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. വലത് കയ്യിലാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഇടത് കയ്യിലെ ചെറുവിരലിനാണ് ഇഷാന്ത് ശര്‍മയ്ക്ക് പരിക്ക്. കാണ്‍പൂര്‍ ടെസ്റ്റിന് ഇടയിലാണ് ഇഷാന്തിനും പരിക്കേറ്റത്.

കാണ്‍പൂര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം ഫീല്‍ഡ് ചെയ്യവെയാണ് രഹാനെയ്ക്ക് പരിക്ക് പറ്റിയത്. ഇടത് കാലിലെ പേശികള്‍ക്കാണ് പരിക്ക്. പരിക്കില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് രഹാനെയേയും മുംബൈ ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.

മോശം ഫോമിനെ തുടര്‍ന്ന് രഹാനെയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ രഹാനെ പരാജയപ്പെട്ടു. ഇതോടെ കോഹ് ലി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ രഹാനെയെ ടീമില്‍ നിന്ന് മാറ്റണം എന്ന മുറവിളിയാണ് ശക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com