‘ടി20 നായകനാകാൻ ഏകദിന ക്യാപ്റ്റൻസിയും രോഹിത് ആവശ്യപ്പെട്ടു‘- വെളിപ്പെടുത്തൽ

‘ടി20 നായകനാകാൻ ഏകദിന ക്യാപ്റ്റൻസിയും രോഹിത് ആവശ്യപ്പെട്ടു‘- വെളിപ്പെടുത്തൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലിയെ മാറ്റി രോഹിത് ശർമയെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ അവരോധിച്ചത്. ടി20 ക്യാപ്റ്റനായതിന് പിന്നാലെയായിരുന്നു രോ​ഹിതിന് ഏകദിന ക്യാപ്റ്റൻ സ്ഥാനം കൂടി നൽകിയത്. വിഷയം വലിയ ചർച്ചകൾക്കും തുടക്കമിട്ടിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴിതാ ശ്രദ്ധേയ വെളിപ്പെടുത്തൽ.

ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കൂടി നൽകിയാൽ മാത്രമേ ടി20 ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കൂവെന്ന് രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിച്ചിരുന്നതായി വെളിപ്പെടുത്തൽ. വിരാട് കോഹ്‌ലിയെ നായകസ്ഥാനത്തു നിന്ന് നീക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് രോഹിത് ടി20 നായക സ്ഥാനത്തിനു പുറമേ, ഏകദിന ടീമിന്റെ നായക സ്ഥാനം കൂടി ചോദിച്ചു വാങ്ങുകയായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഏകദിന നായക സ്ഥാനം കൂടി വേണമെന്ന ആവശ്യം സെലക്ടർമാർക്കു മുന്നിൽ വച്ചത് രോഹിത് തന്നെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോഹ്‌ലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്തു നിന്ന് നിർബന്ധിച്ച് മാറ്റുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാണ്. 48 മണിക്കൂറിനുള്ളിൽ നായക സ്ഥാനം ഒഴിയാൻ ബിസിസിഐ വിരാട് കോഹ്‌ലിക്ക് സമയം നിർദ്ദേശം നൽകിയിരുന്നതായും, താരം പ്രതികരിക്കാതിരുന്നതിനെ തുടർന്ന് രോഹിത്തിനെ നായകനായി പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് സൂചന.

ടി20, ഏകദിന ഫോർമാറ്റുകൾക്ക് ഒറ്റ നായകൻ മതിയെന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഏകദിന നായക സ്ഥാനത്തും രോഹിത് ശർമയെ നിയോഗിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോഹ്‌ലി തുടരും. 

‘ടി20 നായക സ്ഥാനത്തു നിന്ന് മാറരുതെന്ന് ഞങ്ങൾ വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന് തുടരാൻ താത്പര്യമുണ്ടായില്ല. ആ സ്ഥിതിക്ക് രണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻമാർ വേണ്ടെന്ന് സെലക്ടർമാരും തീരുമാനിക്കുകയായിരുന്നു. അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിനാലാണ് കോഹ്‌ലിക്കു പകരം രോഹിത്തിന് ഏകദിന ടീമിന്റെയും ചുമതല നൽകിയത്’ – ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com