'ആരും എന്നോട് രാജിവെക്കരുത് എന്ന് പറഞ്ഞിട്ടില്ല', ഗാംഗുലിയുടെ വാദം തള്ളി വിരാട് കോഹ്‌ലി

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ടി20 നായക പദവിയിലെ തന്റെ രാജി സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടത്തിയ പ്രതികരണം തള്ളി വിരാട് കോഹ് ലി. ടി20 നായക സ്ഥാനം രാജി വയ്ക്കരുത് എന്ന് കോഹ് ലിയോട് ആവശ്യപ്പെട്ടിരുന്നതായാണ് ഗാംഗുലി പ്രതികരിച്ചത്. എന്നാല്‍ ആരും തന്നോട് രാജി വയ്ക്കരുത് എന്ന് പറഞ്ഞില്ല എന്ന് കോഹ് ലി വ്യക്തമാക്കുന്നു. 

ടി20 ക്യാപ്റ്റന്‍സി രാജി വയ്ക്കുന്നതിന് മുന്‍പ് ഞാന്‍ ബിസിസിഐയോട് പറഞ്ഞിരുന്നു. എന്റെ കാഴചപ്പാട് എന്താണെന്ന് അവരോട് വ്യക്തമാക്കി. ബിസിസിഐ അത് നല്ല രീതിയില്‍ സ്വീകരിച്ചു. ഞാന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായി തുടരും എന്ന് അവരോട് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ചുമതല ഞാന്‍ വഹിക്കേണ്ടതില്ല എന്ന് ബിസിസിഐക്കോ സെലക്ടര്‍മാര്‍ക്കോ തോന്നിയാല്‍ ആ തീരുമാനത്തിനൊപ്പം ഞാന്‍ നില്‍ക്കും എന്നും വ്യക്തമാക്കിയിരുന്നു, കോഹ് ലി പറഞ്ഞു. 

രാജിവയ്ക്കരുത് എന്ന് ഞാന്‍ വ്യക്തിപരമായി കോഹ് ലിയോട് ആവശ്യപ്പെട്ടു

ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കരുത് എന്ന് വ്യക്തിപരമായി കോഹ് ലിയോട് പറഞ്ഞതായാണ് ഗാംഗുലി പ്രതികരിച്ചത്. ടി20 നായക സ്ഥാനം രാജിവയ്ക്കരുത് എന്ന് ഞാന്‍ വ്യക്തിപരമായി കോഹ് ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ജോലിഭാരം കോഹ് ലിക്ക് അനുഭവപ്പെട്ടു. അതില്‍ പ്രശ്‌നമൊന്നുമില്ല. ഒരുപാട് നാളായി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നു. അതിലൂടെ ജോലിഭാരം കൂടുതല്‍ അനുഭവപ്പെടാം. അതിനാലാണ് ടി20 നായക സ്ഥാനം ഒഴിയാനുള്ള കോഹ് ലിയുടെ തീരുമാനം, ഇങ്ങനെയാണ് ഗാംഗുലി പ്രതികരിച്ചിരുന്നത്. 

ഏകദിന പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം തന്നെ നേരത്തെ അറിയിച്ചില്ലെന്നും കോഹ് ലി വ്യക്തമാക്കുന്നു. മീറ്റിങ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് അവര്‍ ഞാനുമായി ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് പറഞ്ഞു, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലെ അതൃപ്തി പരസ്യമാക്കി കൊണ്ട് കോഹ് ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com