'എന്തുകൊണ്ട് മാറ്റി? കോഹ്‌ലിക്ക് അതറിയാനുള്ള അവകാശമുണ്ട്'; പിന്തുണയുമായി അമിത് മിശ്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2021 10:33 AM  |  

Last Updated: 16th December 2021 10:35 AM  |   A+A-   |  

virat_kohli_tosse

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: എന്തുകൊണ്ട് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി എന്ന് അറിയാനുള്ള അവകാശം വിരാട് കോഹ് ലിക്കുണ്ടെന്ന് ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത് എന്നും അമിത് മിശ്ര പറഞ്ഞു. 

ഇതിന് മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിനായി ഇത്രയും കഠിനാധ്വാനം ചെയ്ത് കളിച്ചൊരു താരത്തിന് എന്തുകൊണ്ട് തന്നെ മാറ്റി എന്നറിയാനുള്ള അവകാശമുണ്ട്. എവിടെയാണ് തനിക്ക് വീഴ്ച സംഭവിക്കുന്നത് കളിക്കാരന്‍ അറിയണം. അവിടെ മെച്ചപ്പെടുകയും വേണം, അമിത് മിശ്ര പറഞ്ഞു. 

കോഹ്‌ലിക്ക് രോഹിത്തിനും ഇടയില്‍ പ്രശ്‌നങ്ങളില്ല

കോഹ് ലിക്കും രോഹിത്തിനും ഇടയില്‍ പ്രശ്‌നങ്ങള്‍ എന്നത് അഭ്യൂഹം മാത്രമാണെന്നും അമിത് മിശ്ര പറഞ്ഞു. ജീവിതത്തോട് പോസിറ്റീവ് മനോഭാവമുള്ള കളിക്കാരാണ് ഇവര്‍ രണ്ട് പേരും. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ് ലി തന്റെ ജോലി ഭംഗിയായി ചെയ്തു. ഇനി രോഹിത്തിന്റെ സമയമാണ്. നല്ല കളിക്കാരനും ക്യാപ്റ്റനുമാണെന്ന് രോഹിത് തെളിയിക്കണം എന്നും ഇന്ത്യന്‍ സ്പിന്നര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ ഒന്നും നടന്നില്ലെന്ന് കോഹ് ലി പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ് ലിയെ മാറ്റിയ വിധത്തെ ചൂണ്ടി വലിയ വിമര്‍ശനമാണ് ബിസിസിഐക്ക് നേരെ ഉയരുന്നത്.