തകര്‍ത്തടിച്ച് ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ 3-0ന് വീഴ്ത്തി; പോയിന്റ് പട്ടികയില്‍ മൂന്നാമത്

ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ വിജയം
വിജയം ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്/ Image credit: K e r a l a B l a s t e r s F C
വിജയം ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്/ Image credit: K e r a l a B l a s t e r s F C

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ വിജയം. പോയിന്റ് പട്ടികയില്‍ ഇത്തവണ ഇതാദ്യമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്!സിയെ വീഴ്ത്തിയത്. അര്‍ജന്റീനാ സ്‌െ്രെടക്കര്‍ ഹോര്‍ഹെ പെരേര ഡയസ് (9), സഹല്‍ അബ്ദുല്‍ സമദ് (38), അഡ്രിയന്‍ ലൂണ (79) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നിലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ലീഗിലെ മുമ്പന്‍മാരായ മുംബൈ സിറ്റി എഫ്!സിയെയും ബ്ലാസ്‌റ്റേഴ്‌സ് ഇതേ സ്‌കോറില്‍ തോല്‍പ്പിച്ചിരുന്നു.ഞായറാഴ്ച രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ് സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത എതിരാളികള്‍.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ തകര്‍ത്തതിന്റെ ആത്മവിശ്വസത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തു. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിലും പാസിംഗിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി. അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഒമ്പതാം മിനിറ്റില്‍ ലാല്‍താംഗ ക്വാല്‍റിംഗിന്റെ പാസില്‍ നിന്ന് ചെന്നൈയിന്‍ വല കുലുക്കിയ ജോര്‍ജെ പേരേരെ ഡയസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തതോടെ ചെന്നൈയിന്‍ തുടര്‍ച്ചയായി ആക്രമിച്ചു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 25ാം മിനിറ്റില്‍ ജെര്‍മന്‍പ്രീത് സിംഗിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആക്രമണങ്ങള്‍ മെനഞ്ഞതോടെ ചെന്നൈയിന്‍ പ്രതിരോധത്തിലും വിളളലുണ്ടായി.

28ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ജോര്‍ജെ ഡയസ് ഹെഡ്ഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടുപിന്നാലെ ബോക്‌സിനകത്തു നിന്ന് അഡ്രിയാന്‍ ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി. എന്നാല്‍ 38ാം മിനിറ്റില്‍ വല കുലുക്കി സഹല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയിലും തുടര്‍ ആക്രമണങ്ങളുമായി ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ചു. പാസിംഗിലും അറ്റാക്കിംഗ് തേര്‍ഡിലും ചെന്നൈയിന്‍ എഫ് സിക്ക് പിഴച്ചപ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. പലകുറി ഓങ്ങിവച്ച മൂന്നാം ഗോള്‍ 79ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. ഇത്തവണ ലക്ഷ്യം കണ്ടത് മൈതാനം നിറഞ്ഞുകളിച്ച മധ്യനിരയിലെ മാന്ത്രികന്‍ അഡ്രിയന്‍ ലൂണ. നാരായണ്‍ ദാസിന്റെ പിഴവില്‍നിന്നു ലഭിച്ച പന്തു പിടിച്ചെടുത്ത് ലൂണ വാസ്‌ക്വസിനായി മറിച്ചുനല്‍കി. എന്നാല്‍ തടയാനെത്തിയ ജെറിയുടെ ശ്രമം പാളിയതോടെ പന്തു വീണ്ടും ലൂണയ്ക്ക്. ഇത്തവണ ലൂണ പന്തു നേരെ ഗോളിലേക്കു തൊടുത്തത് പാളിയില്ല. ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ഗോള്‍. ലൂണയ്ക്ക് ഐഎസ്എലിലെ കന്നി ഗോളും. സ്‌കോര്‍ 3-0.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com