തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ; അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ യുഎഇയെ തകർത്ത് ഉജ്ജ്വല തുടക്കം

തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ; അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ യുഎഇയെ തകർത്ത് ഉജ്ജ്വല തുടക്കം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ വിജയത്തുടക്കമിട്ട് ഇന്ത്യ. ആദ്യ പോരാട്ടത്തിൽ ആതിഥേയരായ യുഎഇയെ 154 റൺസിന്   തകർത്താണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. 283 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ യുഎഇയുടെ പോരാട്ടം 34.3 ഓവറിൽ വെറും 128 റൺസിൽ അവസാനിച്ചു. 

സെഞ്ച്വറി നേടിയ ഹർനൂർ സിങിന്റെ ഉജ്ജ്വല ബാറ്റിങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഹർനൂർ 130 പന്തുകളിൽ നിന്ന് 120 റൺസെടുത്തു. നായകൻ യാഷ് ധുല്ലും മികച്ച പ്രകടനം പുറത്തെടുത്തു. യാഷ് 68 പന്തുകളിൽ നിന്ന് 63 റൺസ് കണ്ടെത്തി. 

അവസാന ഓവറുകളിൽ രാജ് വർധൻ ഹങ്കർഗേക്കറിന്റെ വെടിക്കെട്ട് ബാറ്റിങ് ടീം സ്‌കോർ 280 കടത്തി. രാജ് വർധൻ 23 പന്തുകളിൽ നിന്ന് 48 റൺസെടുത്ത് പുറത്താകാതെ നിന്നു. 

വിജയം തേടിയിറങ്ങിയ യുഎഇയെ ഇന്ത്യൻ ബൗളർമാർ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ ബൗളിങ്ങിനു മുന്നിൽ താളം കണ്ടെത്താതെ പോയ യുഎഇ 34.3 ഓവറിൽ വെറും 128 റൺസിന് ഓൾ ഔട്ടായി. പന്തുകൊണ്ടും തിളങ്ങിയ രാജ് വർധൻ മൂന്ന് വിക്കറ്റെടുത്തു. ഗർവ് സംഗ്‌വാൻ, വിക്കി ഒസ്ത്‌വാൾ, കുഷാൽ ടാംബെ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 45 റൺസെടുത്ത കയ് സ്മിത്താണ് യുഎഇയുടെ ടോപ് സ്‌കോറർ.

അടുത്ത മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. അണ്ടർ 19 ലോകകപ്പിന് മുന്നോടിയായാണ് ഏഷ്യ കപ്പ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com