ആന്‍ജിയോപ്ലാസ്റ്റി വിജയം, അബിദ് അലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്‌

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അബിദ് അലിയുടെ ആരോഗ്യനില തൃപ്തികരം
അബിദ് അലി/ഫോട്ടോ: ട്വിറ്റര്‍
അബിദ് അലി/ഫോട്ടോ: ട്വിറ്റര്‍

ലാഹോര്‍: ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അബിദ് അലിയുടെ ആരോഗ്യനില തൃപ്തികരം. ബാറ്റിങ്ങിന് ഇടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അബിദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഹൃദയത്തിലേക്കുള്ള രക്ത ധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിന് തുടര്‍ന്ന് അബിദ് അലിയെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ഒരു സ്റ്റെന്റ് ഇടേണ്ടിയും വന്നതായാണ് റിപ്പോര്‍ട്ട്. അബിദ് അലിക്ക് അടുത്ത് തന്നെ ആശുപത്രി വിടാന്‍ കഴിയും. 

ചൊവ്വാഴ്ച ഡൊമസ്റ്റിക് ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുമ്പോഴാണ് അബിദ് അലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. അബിദ് അലിയുടെ തുടര്‍ ചികിത്സകള്‍ക്കായി വിദഗ്ധരായ കാര്‍ഡിയോളജിസ്റ്റുകളുമായി തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

സെന്‍ട്രല്‍ പഞ്ചാബിനായി 61 റണ്‍സുമായി ബാറ്റിങ് തുടരവെയാണ് അബിദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതോടെ ബാറ്റിങ് മതിയാക്കി അബിദ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. തന്റെ ആരോഗ്യനില ഗുരുതരമല്ലെന്നും പ്രാര്‍ഥനകള്‍ ഉണ്ടാവണം എന്നും അബിദ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ 33കാരനായ അബിദ് മികവ് കാണിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും അബിദ് ആയിരുന്നു പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. പരമ്പരയുടെ താരവും അബിദ് ആയിരുന്നു. 16 ടെസ്റ്റും ആറ് ഏകദിനവുമാണ് അബിദ് അലി പാകിസ്ഥാന് വേണ്ടി കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com