ഹര്‍ഭജന്‍ നേടിയത് 32 വിക്കറ്റ്, ബാക്കി ബൗളര്‍മാരെല്ലാം കൂടി 17, സിംഗ് കിംഗ് ആയ 2001

ഈഡന്‍ ഗാര്‍ഡനില്‍ അന്ന് വീശിയടിച്ച ഓഫ് സ്പിന്‍ മാജിക്ക് ക്രിക്കറ്റ് പ്രേമികളുടെ മറക്കാനാവാത്ത ഓര്‍മയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്ട്ക ചുറ്റി പന്തിന് പകരം ബട്ടര്‍ ടോസ്റ്റില്‍ ടേണിന് ശ്രമിക്കുന്ന കുട്ടി മസ്‌കോട്ട്. 2001 മാര്‍ച്ചില്‍ അമൂലിന്റെ ഈ പരസ്യമാണ് ഇന്ത്യയില്‍ നിറഞ്ഞത്. ഹര്‍ഭജന്‍ സിങ് എന്നത് ഹര്‍ ഭോജന്‍ കാ സങ്! വാതുവെപ്പിന്റെ അലയൊലികളില്‍ മനം തകര്‍ന്ന് നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിനും ഇന്ത്യക്കാരുടെ മനസിലും ഗാംഗുലിയുടെ സംഘം അവിടെ പുത്തനുണര്‍വ് നല്‍കിയപ്പോള്‍ ഹര്‍ഭജന്‍ സിങ്‌ അവിടെ തലയെടുപ്പോടെ നില്‍ക്കുന്നു. 

ഫോളോ ഓണ്‍ ചെയ്യപ്പെട്ടിടത്ത് നിന്ന് 171 റണ്‍സിന്റെ വമ്പന്‍ ജയത്തിലേക്ക്. വിവിഎസ് ലക്ഷ്മണിന്റേയും രാഹുല്‍ ദ്രാവിഡിന്റേയും ഐതിഹാസിക ചെറുത്ത് നില്‍പ്പാണ് 2001ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ എന്നും തിളങ്ങി നിന്നത്. എന്നാല്‍ അതിനൊപ്പം ഈഡന്‍ ഗാര്‍ഡനില്‍ അന്ന് വീശിയടിച്ച ഓഫ് സ്പിന്‍ മാജിക്ക് ക്രിക്കറ്റ് പ്രേമികളുടെ മറക്കാനാവാത്ത ഓര്‍മയാണ്. ആദ്യമായി ഒരു ഇന്ത്യന്‍ ബൗളര്‍ ടെസ്റ്റില്‍ ഹാട്രിക് തികയ്ക്കുന്ന കാഴ്ച അതിന് മുന്‍പൊരിക്കലും ഇന്ത്യ കണ്ടിട്ടുണ്ടായില്ല. 

ഓസ്‌ട്രേലിയയുടെ മാച്ച് വിന്നര്‍മാരായ മാത്യു ഹെയ്ഡനും മൈക്കല്‍ സ്ലേറ്ററും ജസ്റ്റിന്‍ ലാംഗറും മാര്‍ക്ക് വോയും സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും ആദം ഗില്‍ക്രിസ്റ്റുമെല്ലാം ഹര്‍ഭജന്‍ സിങ്ങിന്റെ സ്പിന്നിന് മുന്‍പില്‍ നിലംപൊത്തി വീണു. അന്ന് ഈഡന്‍ ഗാര്‍ഡനില്‍ ഓസ്‌ട്രേലിയയുടെ 20 വിക്കറ്റ് വീണപ്പോള്‍ 13 വിക്കറ്റും ഹര്‍ഭജന്‍ സിങ് തന്റെ പേരില്‍ കുറിച്ചു. 

ഹര്‍ഭജന്‍ സിങ് ഇല്ലായിരുന്നു എങ്കില്‍ 2001ലെ ടെസ്റ്റ് പരമ്പര ഞങ്ങള്‍ സ്വന്തമാക്കുമായിരുന്നു, വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അന്ന് 3 ടെസ്റ്റില്‍ നിന്ന് ഹര്‍ഭജന്‍ സിങ് വീഴ്ത്തിയത് 32 വിക്കറ്റ്. മറ്റ് ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ചേര്‍ന്ന് ആ പരമ്പരയില്‍ വീഴ്ത്തിയത് 17 വിക്കറ്റും.

ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം അച്ചടക്കം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ച സമയമാണ്. അതുവരെ ജീവിതത്തില്‍ അത്രയും ശ്രദ്ധ ഞാന്‍ ഒന്നിലും കൊടുത്തില്ല. അച്ഛന്റെ മരണത്തോടെ എന്റെ ഉത്തരവാദിത്വങ്ങള്‍ കൂടിയതായി തോന്നി. അങ്ങനെ ഒരു പ്രകടനം എനിക്ക് അനിവാര്യമായിരുന്നു....ഹര്‍ഭജന്‍ സിങ് പറയുന്നു. അച്ഛന്റെ മരണം സംഭവിച്ച് ആറ് മാസം തികയുന്നതിന് മുന്‍പായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്. പരമ്പരയിലെ താരമായ നേട്ടം ഹര്‍ഭജന്‍ സമര്‍പ്പിച്ചതും പിതാവിന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com