പാകിസ്ഥാന് മുന്നില്‍ അണ്ടര്‍ 19 ടീമും വീണു; പൊരുതി തോറ്റ് ഇന്ത്യന്‍ കൗമാരം

പാകിസ്ഥാന് മുന്നില്‍ അണ്ടര്‍ 19 ടീമും വീണു; പൊരുതി തോറ്റ് ഇന്ത്യന്‍ കൗമാരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാന് മുന്നില്‍ പരാജയം സമ്മതിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 237 റണ്‍സില്‍ എല്ലാവരും പുറത്തായി. വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. രണ്ട് വിക്കറ്റിനാണ് പാക് ടീം വിജയം പിടിച്ചത്. 

അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞ രവി കുമാര്‍ ആദ്യ പന്തില്‍ സീഷന്‍ സമീറിനെ പുറത്താക്കി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ പിന്നീടുള്ള നാല് പന്തുകളില്‍ ആറ് റണ്‍സെടുത്ത പാകിസ്ഥാന് അവസാന പന്തില്‍ നാല് റണ്‍സ് വേണമെന്ന സ്ഥിതി വന്നു. അവസാന ഓവറിലെ അവസാന പന്തില്‍ ഫോറടിച്ച് അഹമ്മദ് ഖാന്‍ പാക് ടീമിനെ വിജയത്തിലെത്തിച്ചു. 

അഹമ്മദ് ഖാന്‍ 19 പന്തില്‍ 29 റണ്‍സുമായി പാക് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 82 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 

ഇന്ത്യക്കായി രാജ് ബവ നാല് വിക്കറ്റുകള്‍ വീഴ്ത്തി. രാജ്‌വര്‍ധന്‍ ഹംഗര്‍ഗെകര്‍, രവി കുമാര്‍, നിഷാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ആരാധ്യ യാദവ് അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സുമായി മടങ്ങി. ഹര്‍നൂര്‍ സിങ് (46), കുശാല്‍ ടാംബെ (32), രാജ്‌വര്‍ധന്‍ ഹംഗര്‍ഗെകര്‍ (33) എന്നിവരാണ് തിളങ്ങിയത്. പാക് നിരയില്‍ സീഷണ്‍ സമീര്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com